സ്വർഗവാതിൽ ഏകാദശി; സർവാഭീഷ്ടസിദ്ധിക്കായി ഈ ജപങ്ങൾ
Mail This Article
ഇന്ന് സവിശേഷമായ സ്വർഗവാതിൽ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശി. ഈ ദിനത്തിൽ കഴിയാവുന്നത്ര തവണ വിഷ്ണുനാമം ജപിക്കുന്നത് സർവൈശ്വര്യങ്ങൾക്കും കാരണമാകും. വിഷ്ണു അഷ്ടോത്തരം, വിഷ്ണുസഹസ്രനാമജപം, ഭാഗവതം, നാരായണീയം എന്നിവ പാരായണം ചെയ്യുന്നത് സവിശേഷ ഫലദായകമാണ്. സർവേശകാരകനായ വ്യാഴം അനുകൂലമാവാനും ഈ ജപങ്ങൾ സഹായകമാകും. ഈ ജപങ്ങൾ ഹരിവാസരസമയത്തെങ്കിൽ ഇരട്ടിഫലദായകമാണ് . 2023 ജനുവരി 2 ന് ഉച്ചയ്ക്ക് 2.42 മുതൽ രാത്രി 2.30 വരെയാണ് ഹരിവാസരസമയം
സാധ്യമായ അവസരങ്ങളിലെല്ലാം 'ഓം നമോ നാരായണായ' എന്ന അഷ്ടാക്ഷരമന്ത്രവും 'ഓം നമോ ഭഗവതേ വാസുദേവായ' എന്ന ദ്വാദശാക്ഷരമന്ത്രവും ജപിക്കാം . ഭഗവൽ സ്വരൂപത്തെ പ്രകീർത്തിക്കുന്ന വിഷ്ണു സ്തോത്രം ജപിക്കുന്നത് അത്യുത്തമം. ഭഗവൽ രൂപം മനസ്സിൽ സങ്കൽപ്പിച്ചു അർഥം മനസ്സിലാക്കി വേണം ഈ സ്തോത്രം ജപിക്കാൻ. നെയ് വിളക്കിനു മുന്നിലിരുന്നുള്ള ജപം ഇരട്ടി ഫലദായകമാണ് .
വിഷ്ണു സ്തോത്രം
'ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം മേഘവർണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗിഹൃദ്ധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സർവലോകൈകനാഥം'
അർഥം - ശാന്തമായ ആകാരത്തോടുകൂടിയവനും സർപ്പത്തിന്റെ പുറത്തു ശയിക്കുന്നവനും നാഭിയിൽ താമരപ്പൂ ഉള്ളവനും ദേവന്മാരുടെ ഈശ്വരനും ലോകത്തിനു ആധാരമായിരിക്കുന്നവനും ആകാശത്തിനു തുല്യനും മേഘവർണമുള്ളവനും ശുഭമായ അവയവങ്ങളോടു കൂടിയവനും ലക്ഷ്മീ ദേവിയുടെ ഭർത്താവായവനും താമരയിതള്‍പോലെയുള്ള കണ്ണുകളുള്ളവനും യോഗിവര്യന്മാരുടെ ഹൃദയത്തിൽ ധ്യാനത്താൽ ഗമിക്കുന്നവനും അഹങ്കാരത്തെയും ഭയത്തെയും ഇല്ലാതാക്കുന്നവനും സർവലോകത്തിനും നാഥനുമായ ഭഗവാൻ മഹാവിഷ്ണുവിനെ ഞാന്‍ വന്ദിക്കുന്നു.
സമ്പൽ സമൃദ്ധിക്കും ഐശ്വര്യലബ്ധിക്കുമായി നാരായണഗായത്രി കുറഞ്ഞത് 12 തവണയെങ്കിലും ജപിക്കാം
നാരായണ ഗായത്രി
നാരായണായ വിദ്മഹേ
വാസുദേവായ ധീമഹി
തന്നോ വിഷ്ണു പ്രചോദയാത്
ഗ്രഹപ്പിഴാ ദോഷങ്ങളകറ്റാനും രോഗദുരിതശാന്തിക്കായും വിഷ്ണു ദ്വാദശ നാമങ്ങൾ ജപിക്കാം. 'ഓം നമോ ഭഗവതേ വാസുദേവായ' എന്ന ദ്വാദശാക്ഷരീ മന്ത്രം 108 തവണ ജപിച്ചശേഷമാണ് വിഷ്ണു ദ്വാദശ നാമങ്ങൾ ജപിക്കേണ്ടത്. 12 തവണ ജപിക്കുന്നത് അത്യുത്തമം. കുറഞ്ഞത് മൂന്നു തവണയെങ്കിലും ജപിക്കുക.
വിഷ്ണു ദ്വാദശ നാമങ്ങൾ
ഓം കേശവായ നമഃ
ഓം നാരായണായ നമഃ
ഓം മാധവായ നമഃ
ഓം ഗോവിന്ദായ നമഃ
ഓം വിഷ്ണവേ നമഃ
ഓം മധുസൂദനായ നമഃ
ഓം ത്രിവിക്രമായ നമഃ
ഓം വാമനായ നമഃ
ഓം ശ്രീധരായ നമഃ
ഓം ഹൃഷീകേശായ നമഃ
ഓം പത്മനാഭായ നമഃ
ഓം ദാമോദരായ നമഃ
കലിദോഷനിവാരണ മന്ത്രം ഒൻപതു തവണ ജപിച്ചാല്‍ മാലിന്യങ്ങള്‍ അകന്ന് മനസ്സ് സൂര്യനെപ്പോലെ തെളിവുറ്റതാകും. 108 തവണ ജപിക്കുന്നത് ശ്രേഷ്ഠമാണ് . കലിയുഗത്തിലെ ഏറ്റവും ശക്തിയേറിയ നാമമാണിത്.
കലിദോഷനിവാരണ മന്ത്രം
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ആയുസ്സിന്റെയും ആരോഗ്യത്തിന്റെയും ദേവതയാണ് ധന്വന്തരി. ഭഗവാനെ ഇന്ന് ധന്വന്തരി ഭാവത്തിൽ ഭജിക്കുന്നത്തിലൂടെ രോഗങ്ങൾ നീങ്ങി ആരോഗ്യവും ആയുസും സിദ്ധിക്കും എന്നാണ് വിശ്വാസം.
ധന്വന്തരി ഗായത്രീ മന്ത്രം
ഓം വാസുദേവായ വിദ്മഹേ
വൈദ്യരാജായ ധീമഹി
തന്നോ ധന്വന്തരി പ്രചോദയാത്
ധന്വന്തരി മന്ത്രം
ഓം നമോ ഭഗവതേ വാസുദേവായ
ധന്വന്തരയേ അമൃതകലശഹസ്തായ
സർവാമയവിനാശായ
ത്രൈലോക്യനാഥായ മഹാവിഷ്ണവേ നമഃ
Content Summary : Most Powerful Manthram in Swargavathil Ekadashi Day 2023