ADVERTISEMENT

മലപ്പുറം ജില്ലയിൽ തിരൂര്‍ താലൂക്കിലെ തൃപ്പങ്ങോട് വില്ലേജിലാണ് ആലത്തിയൂർ പെരുംതൃക്കോവിൽ ക്ഷേത്രം. ആലും അത്തിയും ഒന്നിച്ച് വളർന്നു നിന്നിരുന്ന സ്ഥലമായതുകൊണ്ടാണ് ആലത്തിയൂർ എന്ന പേര് ഈ ക്ഷേത്രസ്ഥാനത്തിന് വന്നതെന്നാണ്  വിശ്വാസം. പ്രധാന പ്രതിഷ്ഠ ഭഗവാൻ ശ്രീരാമചന്ദ്രനും ഭഗവാന്റെ ഭക്തനായ ആഞ്ജനേയ സ്വാമിയുമാണ്. 

സീതയെ അന്വേഷിക്കാനുള്ള ലങ്കായാത്രയുടെ ഭാഗമായി ഭഗവാന്റെ ഉപദേശം ശ്രദ്ധയോടെ കേൾക്കുന്ന ഭാവത്തിലാണ് ഹനൂമാൻ സ്വാമിയുടെ പ്രതിഷ്ഠ. പ്രധാന ദേവൻ ശ്രീരാമനാണെങ്കിലും രാമകാര്യസാധ്യത്തിനായി പോകുന്ന ഹനൂമാനാണ് ഇവിടെ ശക്തി കൂടുതല്‍ എന്ന് പറയപ്പെടുന്നു.

alathiyoor-hanuman-temple-02

ഓരോ വീടുകളിലും കുട്ടികൾ ഉറങ്ങുന്നതിനു മുമ്പ് ‘ആലത്തിയൂര്‍ ഹനൂമാനേ പേടി സ്വപ്നം കാണരുതെ. പേടി സ്വപ്നം കണ്ടാലോ... വാലുകൊണ്ട് തട്ടിയുണർത്തണേ’ എന്ന് ചൊല്ലിക്കിടന്നാൽ ഉറക്കത്തിൽ ദുഃസ്വപ്നങ്ങളൊന്നും കാണില്ല എന്ന വിശ്വാസം ജനങ്ങളുടെ ഹൃദയങ്ങളിൽ അത്രയും ആഴ്ന്നിറങ്ങിയ സ്വരൂപമാണ് ഹനൂമാന്റേത്.

സീതാന്വേഷണത്തിനായി പോകുന്ന ഹനൂമാന് ഇഷ്ടഭക്ഷണമായ ഒരു പൊതി അവിൽ കൊടുത്തതായി പറഞ്ഞു കേൾക്കുന്നുണ്ട്. ഇതുകൊണ്ടു തന്നെയാണ് ഈ ക്ഷേത്രത്തിൽ അവിൽപൊതി ഒരു പ്രധാന വഴിപാടായി മാറിയതെന്ന് വിശ്വാസമുണ്ട്.

alathiyoor-hanuman-temple-04

പ്രദക്ഷിണ വഴിക്കു പുറത്ത് തെക്ക് ഭാഗത്തായി സമുദ്രതരണത്തിന്റെ സങ്കൽപ്പമുണ്ട്. കല്ലുകൊണ്ടുള്ള തറയിൽ ഒരറ്റത്ത് നീളത്തിൽ ഒരു കരിങ്കല്ലുണ്ട്. ഇത് സമുദ്രമായി സങ്കൽപ്പിച്ചിരിക്കുന്നു. ഭക്തന്മാർ ഓടിവന്ന് ഈ കരിങ്കല്ല് തൊടാതെ ചാടുന്നു. ഹനുമാൻ സമുദ്രം തരണം ചെയ്ത് ഭഗവാൻ കാര്യം നിർവഹിച്ചതുപോലെ ഏതു വലിയ പ്രശ്നങ്ങളെയും തരണം ചെയ്ത് ജീവിതം സുഖകരമാക്കാൻ പ്രതീകാത്മകമായി ഈ സ്വയം വഴിപാടുകൊണ്ട് സാധിക്കുമെന്നാണ് വിശ്വാസം.

ഉച്ചപൂജ സമയത്താണ് ഹനൂമാന് കുഴച്ച അവിൽ നിവേദ്യം നത്തുന്നത്. ഇവിടെ ലഭിക്കുന്ന ഈ പ്രസാദം ഏറെ നാൾ ഉപയോഗിക്കാൻ കഴിയും. പെട്ടെന്ന് കേടാവുകയില്ലെന്ന് ഭക്തർ തങ്ങളുടെ അനുഭവത്തിലൂടെ പറയാറുണ്ട്.

alathiyoor-hanuman-temple-05

മറ്റു ക്ഷേത്രങ്ങളിലേതുപോലെത്തന്നെ ഇവിടെയും നെയ്‌വിളക്ക് പ്രധാനമാണ്. ഹനൂമാൻ സ്വാമിക്കും ശ്രീരാമസ്വാമിക്കും കുഴച്ച അവിൽപ്പൊതിക്കു പുറമെ അരപ്പൊതി, കാൽപ്പൊതി, ഒരു നാഴി കുഴച്ച അവിൽ, വെള്ള അവിൽ, മുഖം ചന്ദനം ചാർത്തൽ, മുട്ടറക്കൽ, കദളിപ്പഴ നിവേദ്യം, വെള്ള നിവേദ്യം തുടങ്ങിയവയും വഴിപാടായി നടത്തി വരുന്നു.

ആസ്മ രോഗ നിവാരണത്തിന് പാളയും കയറും വഴിപാടായി സമർപ്പിക്കുന്നത് ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

alathiyoor-hanuman-temple-03

ജോതിഷശാസ്ത്രപ്രകാരം ശനിദശയെ ദുർദശയായിട്ടാണ് കാണുന്നത്. ശനിസമയത്ത് രോഗങ്ങളും ആപത്തുകളും വർധിക്കുമെന്നും അഷ്ടമത്തിൽ ശനിയുടെ സാന്നിധ്യം മൂലം മരണത്തിനു പോലും സാധ്യതയുണ്ടെന്നാണ് ജ്യോതിഷ പഠനത്തിൽ‌ പറയുന്നത്. ശനി മനുഷ്യരെ മാത്രമല്ല ദേവന്മാരെപ്പോലും പിടികൂടാറുണ്ടെന്നാണ് പുരാണത്തിൽ പറഞ്ഞിരിക്കുന്നത്. ശനിയിൽ നിന്നും രക്ഷപെട്ട ചുരുക്കം ചില ദേവന്മാരിൽ ഗണേശനും ഹനൂമാനുമുണ്ട്. അതുകൊണ്ടുതന്നെയാണ് ശനിദോഷ നിവാരണത്തിന് ഹനൂമാൻ ക്ഷേത്രത്തിൽ നെയ്‌വിളക്ക്, അർച്ചന, വെറ്റിലമാല തുടങ്ങിയ വഴിപാടുകള്‍ ചെയ്ത് ഭക്തർ തങ്ങളുടെ ശനി ദോഷത്തിന്റെ കാഠിന്യം കുറയ്ക്കുന്നത്.

alathiyoor-hanuman-temple-06

ക്ഷേത്രം ഫോൺ : 0494-2430666

ലേഖകൻ 

സുനിൽ വല്ലത്ത്

9447415140

Content Summary : Importance of Alathiyoor Hanuman Temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com