ഉത്സവപ്പൊലിമയിൽ ആറ്റുകാൽ, ചടങ്ങുകൾ ഇങ്ങനെ...
Mail This Article
തെങ്ങോല കൊണ്ടു മറച്ച പുരയിലിരുന്ന് ഭക്തിയൂറുന്ന വരികളിലൂടെ കൊടുങ്ങല്ലൂരിൽ വാഴുന്ന ദേവിയെ പാടി ക്ഷണിക്കുകയാണ് ആശാനും സംഘവും. പാട്ടുകാരന്റെ ഭക്തിതീവ്രതയിൽ അലിഞ്ഞ് സർവാഭരണ വിഭൂഷിതയായി ദേവി ആറ്റുകാലിലേക്ക് എഴുന്നള്ളുന്നുവെന്നാണ് വിശ്വാസം. എല്ലാ വർഷവും കുംഭമാസത്തിലെ കാർത്തികനക്ഷത്രത്തിൽ ആറ്റുകാലിലെത്തുന്ന ദേവിയെ ആചാരവിധിപ്രകാരം കാപ്പു കെട്ടി കുടിയിരുത്തുന്നതോടെ ഉത്സവം തുടങ്ങുകയായി. ഒരുകാലത്ത് പാട്ട് എന്നു മാത്രം അറിയപ്പെട്ടിരുന്ന ഉത്സവം ഇന്ന് പൊങ്കാലയിലൂടെയാണ് ലോകമറിയുന്നത്. പൊങ്കാലയാണ് ഭക്തരുടെ പ്രിയ വഴിപാടെങ്കിലും തോറ്റംപാട്ടിലൂടെ ദേവിയുടെ കഥ പറഞ്ഞു പോകുന്നതിനനുസരിച്ച് വിവിധ വഴിപാടുകളും കഥാവിഷ്കാരങ്ങളും ഉത്സവം തുടങ്ങി പത്തു ദിവസങ്ങളിലായി ക്ഷേത്രത്തിൽ നടക്കുന്നു.
തോറ്റംപാട്ടിന്റെ വഴിയേ
തോറ്റംപാട്ടിനെയും ഉത്സവത്തെയും രണ്ടായി കാണാനാവില്ല. ദേവിയെ ക്ഷണിച്ച് ആറ്റുകാലിൽ കുടിയിരുത്തുന്ന ആ പാട്ടാണ് ഉത്സവം. തോറ്റം എന്നാൽ സ്തോത്രം എന്നും പ്രത്യക്ഷപ്പെടൽ, ഉദ്ഭവം എന്നുമെല്ലാം അർഥതലങ്ങളുണ്ട്. ആറ്റുകാൽ ദേവീക്ഷേത്രത്തിനു മുന്നിൽ ലളിതമായി ഒരുക്കിയ പച്ചപ്പന്തലിലിരുന്ന് കുഴിത്താളത്തിൽ താളമിട്ട് ആശാനും സംഘവും പാടി വരവേൽക്കുന്ന ദേവിയെയും ഗണങ്ങളെയും ക്ഷേത്രത്തിന്റെ വടക്കിനിയിൽ കുടിയിരുത്തുന്നു. തോറ്റംപാട്ടിലെ ദേവിയുടെയും പാലകന്റെയും കഥ ചിലപ്പതികാരത്തിലെ കണ്ണകിയുടെയും കോവലന്റെയും കഥയുമായി ഇഴചേർന്നു കിടക്കുന്നു. ദേവിയുടെ വിവാഹ വർണനയാണ് രണ്ടാം ദിവസം പാടുന്നത്. ആടയാഭരണങ്ങൾ അണിഞ്ഞ ദേവിയെ അതിമനോഹരമായാണു വർണിക്കുക. കൈലാസത്തിൽ പോയി ശിവനെ കണ്ട് അനുവാദം വാങ്ങി ആറ്റുകാലിലേക്കെത്തുന്ന ദേവിയുടെ വരവ് തോറ്റംപാടുന്നവർക്ക് അനുഭവിച്ചറിയാനാകുമത്രെ. ഏഴാംദിവസം പാലകന്റെ മരണം പാടുന്ന ദിവസം ആദരസൂചകമായി രാവിലെ 7 മണിക്കു ശേഷം മാത്രമേ ക്ഷേത്രനട തുറന്ന് പൂജആരംഭിക്കുകയുള്ളൂ. ദേവിക്കു ആദ്യ പൊങ്കാല സമർപ്പിക്കുന്നത് തോറ്റംപാട്ടുകാരനാണ്. പത്താം ദിവസമാണ് കൊടുങ്ങല്ലൂരമ്മയ്ക്ക് യാത്രയയപ്പ്.
വിശേഷം, വിളക്കുകെട്ട്
ഉത്സവത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ചയാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ വിളക്കുകെട്ടുകൾ. ഉത്സവത്തോടനുബന്ധിച്ച് ഭക്തർ നടത്തുന്ന പ്രധാന നേർച്ച വഴിപാട് കൂടിയാണ് ഇത്. കോപാകുലയായി എത്തിയ ദേവിയെ സാന്ത്വനിപ്പിക്കുന്നതിന് നാട്ടുകാർ വാഴത്തടയിൽ കൊതുമ്പു പന്തം കത്തിച്ച് കുത്തിനിർത്തി ആനന്ദനൃത്തം ചവിട്ടിയെന്നാണു വിശ്വാസം. ഇതിൽ സന്തോഷവതിയായ ദേവിയുടെ അനുഗ്രഹം ഏവർക്കും ലഭിച്ചു. ഇതാണ് പിന്നീട് വിളക്കുകെട്ടായി മാറിയത്. പ്രത്യേകം രൂപകൽപന ചെയ്ത ചപ്രങ്ങളിൽ വാഴത്തട വച്ചു കെട്ടുന്നു. തുടർന്ന് ദേവിയുടെ ഇഷ്ട പുഷ്പങ്ങളായ ചുവന്ന ചെമ്പകം, താമര, താഴമ്പൂ എന്നിവ കൊണ്ട് അലങ്കരിക്കും. ചപ്രം ശിരസ്സിൽ എടുക്കുന്നവരും നേർച്ചക്കാരും ഒരുപോലെ വ്രതം അനുഷ്ഠിക്കണം. അലങ്കരിച്ച വിളക്ക് ശിരസ്സിലേറ്റി വാദ്യമേളങ്ങളോടെ ക്ഷേത്രത്തിനു മുന്നിലെത്തിക്കുന്നു. അത്താഴപൂജയ്ക്കു മുൻപ് വിളക്കുകെട്ടുകൾ പൂജിച്ച ശേഷം കൊതുമ്പ് പന്തം കത്തിച്ച് വച്ച് വാദ്യമേളങ്ങളോടെ ക്ഷേത്രത്തിന് ചുറ്റും മൂന്നു പ്രാവശ്യം വലം വയ്ക്കുന്നതോടെയാണ് വിളക്കുകെട്ട് േനർച്ച അവസാനിക്കുന്നത്. പൊങ്കാത്തലേന്നു വരെ വിളക്കുകെട്ട് നേർച്ച തുടരും.
കുത്തിയോട്ട വ്രതം, പണ്ടാര ഓട്ടം
മഹിഷാസുര മർദിനിയായ ദേവിയെ യുദ്ധത്തിൽ അനുഗമിച്ച മുറിവേറ്റ ഭടൻമാരാണ് കുത്തിയോട്ട ബാലൻമാർ എന്ന് സങ്കൽപം. 7 ദിവസം ക്ഷേത്രത്തിൽ താമസിച്ച് 1008 നമസ്കാരം ദേവിക്കു മുമ്പിൽ പൂർത്തിയാക്കണം. പാട്ടു തുടങ്ങി മൂന്നാംദിവസം രാവിലെ പന്തീരടി പൂജകൾക്കു ശേഷം കുത്തിയോട്ട വ്രതത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും. ക്ഷേത്രക്കുളത്തിൽ കുളിച്ച് ഈറനോടെ ആറ്റുകാലമ്മയെ വണങ്ങി പള്ളിപ്പലകയിൽ ഏഴു വെള്ളിനാണയങ്ങൾ വച്ച് ക്ഷേത്ര മേൽശാന്തിക്ക് ദക്ഷിണ നൽകിയാണ് വ്രതം ആരംഭിക്കുക. ഒൻപതാം ഉത്സവ ദിവസം വൈകിട്ട് കിരീടവും ആടയാഭരണങ്ങളും ധരിപ്പിച്ച് ദേവീ സന്നിധിയിൽ ചൂരൽകുത്തും. സഹോദരനായ മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള ദേവിയുടെ പുറത്തെഴുന്നള്ളത്തിന് അകമ്പടി സേവിക്കുന്നത് കുത്തിയോട്ട ബാലന്മാരാണ്. ഇതിൽ പ്രധാന സേനാനായകനായി നയിക്കുന്ന കുട്ടിയുടേതാണ് പണ്ടാര ഓട്ടം. തിരികെ ക്ഷേത്രത്തിലെത്തി ചൂരൽ ഇളക്കുന്നതോടെ വ്രതം അവസാനിക്കുന്നു.
പൊങ്കാല
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിന്റെ ഉൽപത്തിയെക്കുറിച്ചു പറയപ്പെടുന്ന ഐതിഹ്യങ്ങളിലൊന്ന്, കണ്ണകീദേവി മധുരാ ദഹനത്തിനുശേഷം കേരളക്കരയിൽ പ്രവേശിച്ചുവെന്നും കൊടുങ്ങല്ലൂരിലേക്കുള്ള യാത്രാ മധ്യേ ആറ്റുകാലിൽ തങ്ങിയെന്നുമാണ്. പാണ്ഡ്യരാജാവിനെ വധിച്ച്, മധുരാ നഗരം ചുട്ടെരിച്ച്, ക്രുദ്ധയായി വരുന്ന ദേവിയെ സ്‌ത്രീകൾ പൊങ്കാലയിട്ടു സ്വീകരിച്ച് ശാന്തയാക്കിയത്രെ. ദേവി മാതൃഭാവത്തിലേക്കു മടങ്ങിയ ആ ഓർമയിൽ ഇന്നും സ്ത്രീകൾ അമ്മയ്ക്കു പൊങ്കാല സമർപ്പിക്കുന്നു. തോറ്റം പാട്ടിൽ ദേവി പാണ്ഡ്യരാജന്റെ തല വെട്ടുന്നതു പാടുന്ന മുഹൂർത്തത്തിലാണ് ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ അഗ്നിപകരുന്നത്.
കാപ്പുകെട്ട്
കുംഭമാസത്തിലെ കാർത്തിക നക്ഷത്രത്തിൽ കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതോടെ തുടങ്ങുന്നതാണ് ആറ്റുകാൽ ഉത്സവം. കാപ്പുകെട്ടുന്ന വേളയിൽ ക്ഷേത്രപരിസരത്ത് തിങ്ങിക്കൂടിയ ഭക്തർ ദേവീമന്ത്രങ്ങൾ ഉരുവിടും, ആചാരവെടി മുഴങ്ങും. വ്രതശുദ്ധിയോടെ തയാറാക്കുന്ന കാപ്പും (വള)കെട്ടാനുള്ള പുറുത്തി നാരും തിരഞ്ഞെടുക്കപ്പെട്ട കുടുംബക്കാർ ക്ഷേത്രത്തിലെത്തിക്കും. പഞ്ചലോഹത്തിൽ നിർമിച്ച രണ്ടു കാപ്പുകളാണ് കെട്ടുന്നത്. ഒന്ന്, ദേവിയുടെ ഉടവാളിന്റെ അറ്റത്തും മറ്റൊന്ന് മേൽശാന്തിയുടെ കയ്യിലും. പുണ്യാഹം തളിച്ച് ശുദ്ധി വരുത്തിയ ശേഷം തന്ത്രി കാപ്പണിയിക്കും. ഉത്സവം കഴിയുന്നതു വരെ മേൽശാന്തി പുറപ്പെടാ ശാന്തിയായി ക്ഷേത്രത്തിൽ തുടരും. ഏഴിന് പൊങ്കാല കഴിഞ്ഞുള്ള പുറത്തെഴുന്നള്ളത്തിനു മേൽശാന്തിയും അനുഗമിക്കും. പത്താംദിവസം പൊങ്കാല കഴിഞ്ഞ് ദേവി സഹോദരനായ മണക്കാട് ശാസ്താവിനെ സന്ദർശിച്ചു മടങ്ങിക്കഴിഞ്ഞാൽ വാൾത്തലപ്പിൽനിന്നും മേൽശാന്തിയുടെ കൈത്തണ്ടയിൽ നിന്നും കാപ്പഴിക്കും. ഇതോടെയാണ് പത്തു ദിവസത്തെ ഉത്സവത്തിന് സമാപനം കുറിക്കുന്നത്.
കതിരുകാള എഴുന്നള്ളിപ്പ്
നെൽക്കതിർമണി കെട്ടിയുണ്ടാക്കുന്ന കാളയുടെ രൂപത്തെ ആറ്റുകാലമ്മയ്ക്ക് നേർച്ചയായി സമർപ്പിക്കുന്ന ‘കതിരുകാള എഴുന്നള്ളത്ത്’ കർഷകരുടെ വഴിപാടായി ആരംഭിച്ച ഒന്നാണ്.
വിളവെടുപ്പുത്സവത്തോടനുബന്ധിച്ച് കറ്റ കൊണ്ടുണ്ടാക്കിയ ചെറിയ കാളയെ തോളിലേറ്റി നൃത്തം വച്ച് ക്ഷേത്രത്തിലേക്കു കൊണ്ടുപോവുന്നു. ഇപ്പോൾ ഒരു വാഹനത്തിൽ എഴുന്നള്ളിക്കുകയാണു ചെയ്യുക.
ഇതിനുള്ള കതിര് എല്ലാവർഷവും പുതുതായി വാങ്ങി ഉപയോഗിക്കും. വഞ്ചിയൂരിൽനിന്ന് വൈകുന്നേരം ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കതിരുകാള എഴുന്നള്ളത്ത് പുറപ്പെടും. ഊരുചുറ്റി നാട്ടുകാർക്ക് വണങ്ങാൻ അവസരം നൽകിയ ശേഷം ശ്രീകണ്ഠേശ്വരം മഹാദേവന്റെ മുന്നിലെത്തി അനുവാദം വാങ്ങി യാത്ര തുടരുന്നു.
ചെട്ടികുളങ്ങര ദേവിയെയും പഴവങ്ങാടി ഗണപതിയേയുമെല്ലാം വണങ്ങിയാണ് ആ യാത്ര. പാതിരാത്രിയോടെ ആറ്റുകാൽ ക്ഷേത്രത്തിൽ എഴുന്നള്ളിപ്പ് എത്തിച്ചേരും.
പുറത്തെഴുന്നള്ളിപ്പ്
പത്താംദിനം രാത്രി ആലവട്ടവും വെഞ്ചാമരവും വീശി, ആനപ്പുറത്ത് തിടമ്പേറ്റി ദേവി പുറത്തേക്കെഴുന്നള്ളുന്നു. മയിലാട്ടവും കോൽക്കളിയും പൊയ്ക്കുതിര നൃത്തവും താലപ്പൊലിയും ഒക്കെയായി കുത്തിയോട്ട ബാലൻമാരുടെ അകമ്പടിയിൽ പഞ്ചവാദ്യമേളങ്ങളോടെ ഭഗവതി മണക്കാട് ശാസ്താക്ഷേത്രത്തിൽ ചെന്ന് സഹോദരനെ നേർക്കുനേർ കാണുകയാണന്ന്.. പിറ്റേന്നു രാവിലെയാണ് മടക്കിയെഴുന്നള്ളത്ത് . ക്ഷേത്രത്തിൽ പ്രവേശിച്ച് ദീപാരാധനയ്ക്കു ശേഷം കാപ്പഴിക്കുന്നതോടെ ഉത്സവത്തിന് സമാപനമാകുന്നു.
കുരുതി തർപ്പണം– സമാപനം
അർധരാത്രിയാണ് കുരുതി തർപ്പണം. ശ്രീകോവിലിനടുത്ത് കാവലാളായ മാടൻതമ്പുരാനു മുന്നിലാണ് നടക്കുക. ശുദ്ധിയോടെ തറയൊരുക്കി നാലു വശത്തും കുലച്ചവാഴകൾ കൊണ്ടലങ്കരിച്ച്, പന്തങ്ങളുടെ വെളിച്ചത്തിൽ മേൽശാന്തിയുടെ കാർമികത്വത്തിൽ നടക്കുന്ന കുരുതിതർപ്പണത്തോടു കൂടി ക്ഷേത്രം അടയ്ക്കുന്നു.
Content Summary : Significance and Rituals in Attukal Pongala