ADVERTISEMENT

മലയാള മാസത്തിലെ പൗർണമി കഴിഞ്ഞുള്ള നാലാമത്തെ തിഥി വരുന്ന ചതുർഥിയാണ് സങ്കടഹര ചതുർഥി. ഇതനുസരിച്ചു കുംഭമാസത്തിലെ സങ്കടഹര ചതുർഥി 2023 മാർച്ച് 11 ശനിയാഴ്ച വരുന്നു. ഗണേശന് വിനായക ചതുർഥി പോലെ പ്രധാനമാണ് എല്ലാ മലയാളമാസത്തിലും വരുന്ന സങ്കടഹര ചതുർഥി. ഈ ദിനത്തിൽ വ്രതമനുഷ്ഠിച്ചു പ്രാർഥിച്ചാൽ ഭക്തന്റെ സർവദുരിതങ്ങളും തടസ്സങ്ങളും നീങ്ങി ആഗ്രഹസാഫല്യം നൽകി ഭഗവാൻ അനുഗ്രഹിക്കും എന്നാണ് വിശ്വാസം. സങ്കടഹര ചതുർഥി ശനിയാഴ്ച വരുന്നതിനാൽ അന്നേദിവസത്തെ ഗണേശപ്രീതികരമായ അനുഷ്ഠാനത്തിലൂടെ ശനിദോഷശാന്തിയും ലഭിക്കുമെന്ന പ്രത്യേകതയുണ്ട്.  

 

ഈ ദിനത്തിൽ ഗണേശ പ്രതിഷ്ഠയുള്ള ക്ഷേത്രദർശനം നടത്തുന്നതും ഗണേശപ്രീതികരമായ മന്ത്രങ്ങൾ  ജപിക്കുന്നതും കറുക, മുക്കുറ്റി എന്നിവ സമർപ്പിക്കുന്നതും അതീവഫലദായകമാണ്. ദർശനവേളയിൽ തേങ്ങാ ഉടയ്ക്കുന്നതും ഏത്തമിടുന്നതും സർവ വിഘ്‌നങ്ങളും നീങ്ങാൻ സഹായകമാകും എന്നാണ് വിശ്വാസം. 

 

രാവിലെ കുളിച്ച് ശുദ്ധിയോടെ അടുപ്പു കത്തിച്ച്, അതിൽ തേങ്ങാപ്പൂളോ ശര്‍ക്കരയോ നെയ്യോ സമർപ്പിച്ചു പ്രാർഥിക്കുന്നത്തിലൂടെ കുടുംബത്തിലെ സർ‌വവിഘ്നങ്ങളും നീങ്ങി ഐശ്വര്യം നിറയും എന്നാണു വിശ്വാസം. നേദിക്കുമ്പോൾ ഗണേശന്റെ മൂലമന്ത്രമായ 'ഓം ഗം ഗണപ തയേ നമഃ' ജപിക്കണം.

 

സങ്കടഹര ചതുർഥി ദിനത്തിൽ സൂര്യോദയത്തിനു മുന്നേ കുളിച്ചു ശരീരശുദ്ധി വരുത്തി നിലവിളക്കു തെളിയിച്ചു ഗണേശ ഗായത്രികൾ ഭക്തിയോടെ ജപിക്കണം. തുടർന്ന് ഭഗവാന്റെ 'ഓം ഗം ഗണപതയേ നമഃ' എന്ന  മൂലമന്ത്രം ജപിക്കാം. 108 തവണ ജപിക്കുന്നതാണ് ഏറ്റവും ഉത്തമമെങ്കിലും കുറഞ്ഞത് 36  തവണയെങ്കിലും ജപിക്കാൻ ശ്രമിക്കുക. അരിയാഹാരം ഒഴിവാക്കി  പാലോ  പഴമോ ലഘുവായ ഭക്ഷണമോ കഴിച്ചു വ്രതം അനുഷ്ഠിക്കുന്നവരുണ്ട് . ആരോഗ്യസ്ഥിതി അനുവദിക്കാത്തവർ ഒരിക്കലോടെ വ്രതം അനുഷ്ഠിക്കുക. ദിനം മുഴുവൻ ഗണേശസമരണയോടെ കഴിച്ചുകൂട്ടുന്നത് അത്യുത്തമം. 

 

ഉദിഷ്ഠ കാര്യസിദ്ധികായി ജപിക്കേണ്ട  ഗണേശ ഗായത്രി 

 

 

ഓം ഏക ദന്തായ വിദ് മഹേ

വക്ര തുണ്ഡായ  ധീമഹി 

തന്നോ ദന്തിഃ പ്രചോദയാത്  

 

ഈ സവിശേഷ ദിനത്തിൽ ഗണേശ ദ്വാദശ മന്ത്രം കുറഞ്ഞത് 3 തവണയെങ്കിലും ജപിക്കുന്നത് അത്യുത്തമം . 

 

 

ഗണേശ ദ്വാദശ മന്ത്രം

 

ഓം വക്രതുണ്ഡായ നമ:

ഓം ഏകദന്തായ നമ:

ഓം കൃഷ്ണപിംഗാക്ഷായ നമ:

ഓം ഗജവക്ത്രായ നമ:

ഓം ലംബോധരായ നമ:

ഓം വികടായ നമ:

ഓം വിഘ്നരാജായ നമ:

ഓം ധ്രൂമ്രവര്‍ണ്ണായ നമ:

ഓം ഫാലചന്ദ്രായ നമ:

ഓം വിനായകായ നമ:

ഓം ഗണപതയേ നമ:

ഓം ഗജാനനായ നമ:  

 

Content Summary : Significance of Sankatahara Chaturthi in Kumbham Month 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com