ശനിദോഷശാന്തിക്ക് ഇതിലും ഉത്തമമായ ദിനം വേറെയില്ല, ഈ ചിട്ടകൾ പാലിക്കൂ
Mail This Article
സൂര്യ പുത്രനായ ശനിദേവന്റെ ജന്മദിനം ശനി ജയന്തിയായി ആചരിക്കുന്നു . വൈശാഖമാസത്തിലെ അമാവാസിയിലാരുന്നു ശനിദേവന്റെ ജനനം . ഇതനുസരിച്ചു വൈശാഖമാസത്തിലെ അമാവാസി 2023 മേയ് 19 വെള്ളിയാഴ്ച വരുന്നു . അന്ന് തന്നെയാണ് വൈശാഖമാസം അവസാനിക്കുന്നതും.
Read also: പാപമുക്തിയും ഐശ്വര്യവും; പ്രദോഷസന്ധ്യയിലെ ശിവഭജനം നല്‍കും നേട്ടങ്ങള്‍
ശനിദോഷത്തെ എല്ലാവരും ഭയക്കാറുണ്ട് . കഷ്ടകാലം വരുമ്പോൾ തമാശയ്ക്കാണെങ്കിലും എനിക്ക് കണ്ടകശനിയാണെന്നു തോന്നുന്നു എന്ന് പറയുന്നവരും വിരളമല്ല . യഥാർത്ഥത്തിൽ ശനിയെ ഭയക്കേണ്ടതുണ്ടോ ? ഒരു വ്യക്തിയുടെ ജീവിത കാലഘട്ടമെടുത്താൽ മനപ്രയാസം,അലച്ചിൽ , മാനഹാനി , കടബാധ്യത, അനാരോഗ്യം, ദുരിതം, മരണം, അപകടം എന്നിവയെല്ലാം ശനി ദോഷകാലത്തു സംഭവിക്കാം. ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് തൊഴില്‍ അല്ലെങ്കില്‍ ഉപജീവന മേഖലയിലായിരിക്കും. അതിനാൽ ദോഷശാന്തി വരുത്തി ശനിപ്രീതി വരുത്തുവാന്‍ ശനി ജയന്തിയോളം ഉത്തമമായ ദിനം വേറെയില്ല. ജന്മദിനത്തില്‍ അതീവ പ്രസന്നനായിരിക്കുന്ന ശനിദേവന് അന്നേദിവസം സമർപ്പിക്കുന്ന പ്രാർഥനകളും വഴിപാടുകളും ഫലപ്രാപ്തിയില്‍ എത്തിച്ചേരും എന്നാണ് വിശ്വാസം.
വ്രതനിഷ്ഠയോടുള്ള ശനീശ്വര പ്രാർഥന ഇരട്ടിഫലദായകമാണ്. ശനി ജയന്തി ദിനത്തിൽ ഒരിക്കലോടെ വ്രതം അനുഷ്ഠിക്കാം. രാവിലെ നിലവിളക്ക് കൊളുത്തി ശനീശ്വര സ്തോത്രം , ശനിഗായത്രി എന്നിവ കുറഞ്ഞത് 9 തവണയെങ്കിലും ജപിക്കാം. ഹനൂമാനെയും ശാസ്താവിനെയും പ്രാർഥിക്കുന്നത് നന്ന് . ശനിയുടെ അധിദേവതയാണ് ശാസ്താവ്. ഹനൂമദ് ഭക്തരെ ശനിദോഷം അലട്ടില്ല എന്നാണ് വിശ്വാസം. ശനിദേവന്റെ വാഹനമായ കാക്കയ്ക്ക് പച്ചരിയും എള്ളും നനച്ചുകൊടുക്കുന്നത് ശനിദോഷത്തിന് ഒരു പരിഹാരമാണ്. കറുത്ത വസ്ത്രം, എള്ളെണ്ണ എന്നിവ ദാനം ചെയ്യുന്നതും നന്ന്.
ശനീശ്വരസ്തോത്രം അർഥം മനസ്സിലാക്കി വേണം ജപിക്കാൻ.
നീലാഞ്ജനസമാഭാസം
രവിപുത്രം യമാഗ്രജം
ഛായാ മാര്‍ത്താണ്ഡ സംഭൂതം
തം നമാമി ശനൈശ്ചരം
അർഥം : നീലാഞ്ജനക്കല്ലിന്റെ ശോഭയുള്ളവനും യമന്റെ ജ്യേഷ്ഠനും ഛായാദേവിയുടെയും സൂര്യന്റെയും പുത്രനുമായ ശനിഭഗവാനെ ഞാൻ നമസ്കരിക്കുന്നു.
ശനി ഗായത്രി
കാകധ്വജായ വിദ്‌മഹേ
ഖഡ്‌ഗഹസ്‌തായ ധീമഹി
തന്നോ മന്ദ: പ്രചോദയാത്
Content Summary : Significance of Shani Jayanthi 2023