ജീവിതത്തിൽ അടിക്കടി ഭാഗ്യക്കേട് ഉണ്ടാകുന്നുവോ? പരിഹാരമുണ്ട്
Mail This Article
ഐശ്വര്യപൂർണമായ ജീവിതം ഏതൊരു വ്യക്തിയുടെയും ആഗ്രഹമാണ്. രോഗദുരിതങ്ങൾ അലട്ടാതെ മനഃസമാധാനത്തോടെയുള്ള ജീവിതത്തിനു പൂർവികർ ചില ചിട്ടകൾ പാലിച്ചിരുന്നു. ജീവിതത്തിൽ മോശം കാലഘട്ടമുണ്ടാവുക സ്വാഭാവികമാണ്. പ്രതിസന്ധികളിൽ പകച്ചു നിൽക്കാതെ മുന്നേറാൻ ഈ ചിട്ടകൾ സഹായകമാകും. ജീവിത പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ കാരണം മനസ്സാണ്. മനസ്സിനെ നിയന്ത്രിച്ചു ചില ചിട്ടകൾ മുടങ്ങാതെ പാലിച്ചാൽ കുടുംബത്തിലും ജീവിതത്തിലും ഐശ്വര്യം വർധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
Read also : സൗഭാഗ്യങ്ങള്‍ പിന്തുടര്‍ന്നെത്തും, ധനസ്ഥിതി ഉയർന്നതാവും; മറുകിന്റെ സ്ഥാനം ഇങ്ങനെ എങ്കിൽ
അതിൽ ഏറ്റവും പ്രധാനമാണ് സൂര്യോദയത്തിനു മുന്നേ ഉണരുക എന്നത്. ഈ സമയത്തു ഈശ്വരഭജനം, യോഗ, പ്രാണായാമം എന്നിവ പതിവാക്കുക. പ്രഭാതത്തിലെ ഈ ചിട്ടകൾ ദിനം മുഴുവൻ ഊർജസ്വലമാകാൻ സഹായിക്കും. ബ്രഹ്മമുഹൂര്‍ത്തം എന്നാല്‍ സ്രഷ്ടാവിന്‍റെ സമയം എന്നാണര്‍ഥം. നമുക്ക് നമ്മളെത്തന്നെ സൃഷ്ടിച്ചെടുക്കാനുള്ള സമയമാണിത്. കൂടാതെ പ്രതികൂല ഊർജം തീരെ ഇല്ലാതെ പ്രകൃതി ശാന്തവും വായു ശുദ്ധമായിരിക്കും. ഈ സമയത്തെ ഓക്സിജൻ നിറഞ്ഞ കാറ്റേറ്റാൽ ശരീരത്തിലെ രോഗപ്രതിരോധശേഷി വർധിക്കുകയും ഊർജ്ജസ്വലത കൂടുകയും പ്രവർത്തനശേഷി വർധിക്കുകയും ചെയ്യും എന്നാണ് പൂർവികർ അനുഭവത്തിലൂടെ പറയുന്നത്.
കുടുംബത്തോടൊപ്പം ചെലവിടാൻ സമയം കണ്ടെത്തുക. സന്ധ്യയ്ക്ക് നിലവിളക്ക് തെളിയിച്ചു അതിനു മുന്നിൽ കുടുംബസമേതം നടത്തുന്ന നാമജപത്തിന് ഫലസിദ്ധിയേറെയാണ്. കൂടാതെ സന്ധ്യയ്ക്ക് അഷ്ടഗന്ധം, ദശാംഗം, അഗർബത്തി എന്നിവയിലേതെങ്കിലും പുകയ്ക്കുന്നത് ഭവനത്തിൽ അനുകൂല തരംഗം വർധിപ്പിക്കും.
ലളിതജീവിതം, വരുമാനത്തിന് അനുസരിച്ച് ദാനധർമങ്ങൾ, പ്രധാനമായും അന്നദാനം, അകാരണമായ ദേഷ്യം കുറച്ച് സൗമ്യതയോടെ കഴിയുക, കുടുംബ കലഹങ്ങൾ ഒഴിവാക്കുക എന്നിവയെല്ലാം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുക. ഒന്നോർക്കുക നാം മറ്റുള്ളവരെ പോലെ ജീവിക്കാൻ ശ്രമിക്കുമ്പോൾ ആണ് പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. അതിനാൽ ലഭിച്ചിരിക്കുന്ന സൗഭാഗ്യങ്ങളെ ഓർത്തു എപ്പോഴും സന്തോഷത്തോടെ ജീവിക്കാൻ ശ്രമിക്കുക.
Content Summary : How to Remove Obstacles from Life