17 മുതൽ ഭക്തർ ഇവിടേക്ക് ഒഴുകിയെത്തും; നാലമ്പല ദർശനത്തിനൊരുങ്ങി രാമപുരം ഗ്രാമം
Mail This Article
കോട്ടയം∙ കുളിച്ചീറനണിഞ്ഞ് കൈതൊഴുതു നിൽക്കുന്ന പ്രകൃതി. ദർശനപുണ്യം പകർന്ന് ക്ഷേത്രങ്ങൾ. കർക്കടകത്തിലെ നാലമ്പല ദർശനത്തിനു രാമപുരം ഗ്രാമം ഒരുങ്ങി. കണ്ണിനും മനസ്സിനും കുളിർമ പകരാൻ എങ്ങും പച്ചപ്പണിഞ്ഞ് ഒരു ദേശം മുഴുവൻ ഒരുങ്ങിയിരിക്കുന്ന സുന്ദരദൃശ്യം. മനതാരിൽ ദേവചൈതന്യവും കണ്ണിമകളിൽ പ്രകൃതി സൗന്ദര്യവും നിറയുന്ന അനുഭവം. ഒരു പഞ്ചായത്തിലെ നാലു ഗ്രാമങ്ങളിൽ ശരാശരി മൂന്നു കിലോമീറ്റർ ചുറ്റളവിൽ, ദശരഥ പുത്രന്മാരായ ശ്രീരാമൻ, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ എന്നിവരുടെ പേരിലുള്ള ക്ഷേത്രങ്ങൾ.
സകലദുരിത ഹരണത്തിന് ഭക്തർ 17 മുതൽ ഇവിടേക്ക് ഒഴുകിയെത്തും. ഓഗസ്റ്റ് 16വരെയാണ് ദർശനകാലം. സങ്കടങ്ങളുടെ അറുതിക്കായി നാലമ്പലങ്ങളിലും ദർശനം നടത്താൻ എത്തുന്ന ഭക്തർക്ക് സൗകര്യങ്ങളൊരുക്കി ക്ഷേത്രങ്ങളും സജ്ജമായി.രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ വിപുലമായ ഒരുക്കമാണു നടക്കുന്നത്. രാമപുരം ശ്രീരാമക്ഷേത്രത്തിൽ തുടങ്ങി മൂന്നിടങ്ങളിലും ദർശനം നടത്തി തിരികെ അവിടെ എത്തുമ്പോഴാണ് നാലമ്പല ദർശനം പൂർണമാകുക.
രാമപുരം ശ്രീരാമ സ്വാമി ക്ഷേത്രം
നാലമ്പല ദർശനം ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന ഇടം. ഉദ്ദിഷ്ടകാര്യസിദ്ധിക്കായി അമ്പും വില്ലും സമർപ്പണം, കുടുംബാർച്ചന, കോദണ്ഡ സമർപ്പണം എന്നിവയാണു പ്രധാന വഴിപാടുകൾ. ഫോൺ: 04822263100, 8281519501
കൂടപ്പുലം ലക്ഷ്മണ സ്വാമി ക്ഷേത്രം
61 പടികൾ കയറി കാണേണ്ട പുണ്യം. ലക്ഷ്മണ സ്വാമിക്ക് അരമണി സമർപ്പണം, ശംഖ്, ചക്രം, ഗദ, പത്മം എന്നിവ ചേർത്തുള്ള ചതുർബാഹു സമർപ്പണം എന്നിവയാണു പ്രധാന വഴിപാട്. ഔഷധ ജലവിതരണവുമുണ്ട്. ഫോൺ: 9447138728
അമനകര ഭരത സ്വാമി ക്ഷേത്രം
പടിഞ്ഞാറേക്കാണ് ദർശനം. ശ്രീരാമസ്വാമിയുടെ ആറാട്ടും ഇവിടേക്കുണ്ട്. പ്രത്യേക മണ്ഡപത്തിൽ പാദുക പൂജയുമുണ്ട്. ശംഖുപൂജയാണു പ്രധാന വഴിപാട്. ക്ഷേത്രക്കുളത്തിൽ മീനൂട്ടു വഴിപാടുമുണ്ട്. ദിവസവും അന്നദാനം ക്രമീകരിച്ചിട്ടുണ്ട്. ഫോൺ: 8281450739
മേതിരി ശത്രുഘ്ന സ്വാമി ക്ഷേത്രം
ഉച്ചപ്പൂജ വരെ ശത്രുഘ്ന സങ്കൽപവും ഉച്ചയ്ക്കുശേഷം സന്താനഗോപാല സങ്കൽപവുമാണ്. ഉച്ചപ്പൂജ വരെയേ ശത്രുഘ്ന സങ്കൽപമുള്ളൂ എന്നതിനാലാണു നാലമ്പല ദർശനം ഉച്ചപ്പൂജയ്ക്കു മുൻപെന്ന ആചാരം നിലനിൽക്കുന്നത്. ചക്രസമർപ്പണവും സന്താനലബ്ധിക്കു തൊട്ടിൽ സമർപ്പണവുമാണു(ദോളിക സമർപ്പണം) പ്രധാന വഴിപാട്. ഫോൺ: 9539530899
ബജറ്റ് യാത്ര ഒരുക്കി കെഎസ്ആർടിസി
നാലമ്പല ദർശനത്തിന് കെഎസ്ആർടിസി ബജറ്റ് യാത്ര ഒരുക്കിയിട്ടുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ഡിപ്പോകളിൽ നിന്നു ബസുകളുണ്ട്. സീറ്റുകൾ ബുക്ക് ചെയ്ത് നിറയുന്നത് കണക്കാക്കിയാണ് സർവീസ് നടത്തുക. കോട്ടയം, പാലാ, വൈക്കം, ചങ്ങനാശേരി എന്നിവിടങ്ങളിൽ നിന്നുള്ള ബുക്കിങ്ങിനു യഥാക്രമം 9188456895, 9995987321,7510112360 എന്ന നമ്പറുകളിൽ ബന്ധപ്പെടാം.
അറിയാം ജീവിതത്തിലെ ദശാസന്ധികളും അവയ്ക്കുളള പരിഹാരങ്ങളും
നാലമ്പലത്തിലേക്ക് എത്താൻ
കോട്ടയത്തുനിന്ന് ഏറ്റുമാനൂർ – കുറവിലങ്ങാട് – കുര്യനാട് – ഉഴവൂർ വഴിയോ പാലായിലെത്തിയോ രാമപുരത്ത് എത്താം. വടക്കൻ മേഖലയിൽ നിന്നുള്ളവർക്കു കൂത്താട്ടുകുളത്ത് ഇറങ്ങി 10 കിലോമീറ്റർ സഞ്ചരിച്ചും കിഴക്കൻ മേഖലയിൽനിന്നുള്ള തീർഥാടകർക്ക് കാഞ്ഞിരപ്പള്ളി – പൊൻകുന്നം – പാലാ വഴിയും രാമപുരത്തേക്ക് എത്താം. ഇടുക്കി, തൊടുപുഴ ഭാഗത്തുള്ളവർക്കു പാലാ റൂട്ടിൽ കുറിഞ്ഞി ജംക്‌ഷനിൽ നിന്നു തിരിഞ്ഞും രാമപുരത്ത് എത്താം. ബസിൽ വരുന്നവർക്കായി രാമപുരത്തു നിന്നു മറ്റു ക്ഷേത്രങ്ങളിലേക്ക് ഓട്ടോ – ടാക്സി വാഹനങ്ങൾ ലഭിക്കും.
Content Summary: Temples get set for Nalambala Darshanam