ADVERTISEMENT

പാതാളലോകത്തു ചുറ്റിനടന്ന് കാലം പോയതറിഞ്ഞില്ല. മുപ്പതുനാളാണ് സുഗ്രീവൻ അനുവദിച്ചത്. ഇനി വല്ല ഗുഹയിലും ഒളിച്ചു വസിക്കുകതന്നെ എന്നു വാനരപ്പട. അല്ലെങ്കിലും സുഗ്രീവനു തന്നോടു ശത്രുതയാണെന്നും തന്നെ വധിക്കുമെന്നും അംഗദൻ. ഈ ദുർവിചാരമൊക്കെ ഒഴിവാക്കാനാണ് ഹനുമാന്റെ ഉപദേശം. താരാസുതൻ അംഗദൻ ശ്രീരാമചന്ദ്രനു ലക്ഷ്മണനോളം പ്രിയപ്പെട്ടയാളാണ്; സുഗ്രീവനിൽനിന്നും ശ്രീരാമനിൽനിന്നും ആപത്തുണ്ടാകില്ലെന്നുറപ്പ്. ഗുഹയിൽ സുരക്ഷിതമായി വസിക്കാമെന്നതൊക്കെ എത്ര മൂഢമായ ചിന്തയാണ്! രാമസായകത്തിന് എത്തിച്ചേരാനാവാത്ത സ്ഥലമുണ്ടോ?പരാജിതദൗത്യവുമായി കിഷ്കിന്ധയിലേക്കു മടങ്ങാതെ ദർഭ വിരിച്ചു മരണം കാത്തു കിടക്കാനാണ് വാനരന്മാരുടെ തീരുമാനം.

മഹേന്ദ്രാചലത്തിലെ ഗുഹയ്ക്കുള്ളിൽ കഴിയുന്ന കഴുകശ്രേഷ്ഠൻ സമ്പാതിക്ക് സന്തോഷദായകമായ കാഴ്ചയാണിത്. ചിറകില്ലാത്ത തനിക്ക് ഇത്രയും ഭക്ഷണം. വാനരന്മാരുടെ സംഭാഷണം സമ്പാതിയുടെ ശ്രദ്ധയെ ആകർഷിക്കുന്നു. തന്റെ അനുജൻ ജടായുവിന്റെ പേര് ഇവർ പരാമർശിക്കുന്നല്ലോ. അവന്റെ മോക്ഷപ്രാപ്തിയെപ്പറ്റിയൊക്കെയാണ് സംഭാഷണം. വർഷങ്ങളായി പിരിഞ്ഞ അനുജന്റെ വാർത്തകളറിയുന്ന സമ്പാതി, വാനരന്മാരുടെ സഹായത്തോടെ അവന് ഉദകക്രിയ ചെയ്യുന്നു. എന്തും സാധിക്കുമെന്ന അഹന്തയോടെ സൂര്യനു നേർക്ക് പറന്നുയർന്ന അനുജനെ സൂര്യരശ്മിയേറ്റുള്ള തീയിൽനിന്നു രക്ഷിച്ചപ്പോൾ കരിഞ്ഞുപോയതാണ് സമ്പാതിയുടെ ചിറകുകൾ.

വിന്ധ്യപർവതശിരസ്സിൽ മൂന്നുനാൾ അന്ധനായിക്കിടന്നു ആ വീഴ്ചയിൽ. വിഭ്രാന്തമാനസനായി പിന്നീടെത്തിയത് മുൻപേ പരിചയമുള്ള നിശാകര താപസന്റെ അരികിലാണ്. ജന്മരഹസ്യങ്ങളും ജീവിതസത്യങ്ങളും വെളിപ്പെടുത്തുന്ന ദീർഘഭാഷണമാണ് ഈയവസരത്തിൽ മുനി നടത്തുന്നത്. ത്രേതായുഗത്തിൽ ദശരഥപുത്രനായ ഭഗവാൻ ഭൂമിയിൽ അവതരിക്കുമെന്നും അക്കാലത്ത് ഭഗവൽക്കാര്യാർഥം എത്തുന്ന വാനരന്മാരെ സഹായിക്കുമ്പോൾ സമ്പാതിക്കു പുതിയ ചിറകുകൾ മുളയ്ക്കുമെന്നും മുനി പറഞ്ഞിട്ടുണ്ട്. സീതയെക്കൊണ്ടുപോയ ദിക്കു കാട്ടിക്കൊടുക്കുന്നതോടെ അതു യാഥാർഥ്യമാകുന്ന മുഹൂർത്തം എത്തുകയായി. രാമഭക്തന്മാരായ നിങ്ങൾക്ക് സാഗരം കടക്കാൻ പ്രയാസമുണ്ടാകില്ലെന്ന വാക്കുകളോടെ, പുത്തൻ ചിറകുകളുമായി സമ്പാതി പറന്നകലുന്നു.

ആകാത്ത കാര്യമോർത്തു ദുഃഖിക്കുന്നതെന്തിനെന്നാണ് അപാരമായ വാരിധിക്കു മുന്നിൽ അസ്തപ്രജ്ഞരായി നിൽക്കുന്ന വാനരർ പരസ്പരം പറയുന്നത്. ധാരാളം ശക്തിയും വിക്രമവും ഉള്ള നിങ്ങളിൽ ആരെങ്കിലും ഒരാൾ എഴുന്നേറ്റുനിന്ന് ഞാനിതിന് ആളാണെന്നു പറയണമെന്നാണ് അംഗദന്റെ നിർദേശം. ഓരോരുത്തരും അവരവരാൽ കഴിയുന്നതു പറഞ്ഞ് എത്തുന്നത് തൊണ്ണൂറു യോജന വരെ സാധ്യമെന്നാണ്. നൂറു യോജന ആരും പറയുന്നില്ല. മൂന്നടിയിൽ ലോകങ്ങളെല്ലാം അളന്ന ഭഗവാനെ പത്തുമാത്ര കൊണ്ട് മൂവേഴുവട്ടം വലംവച്ചിട്ടുള്ള താൻ വാർധക്യഗ്രസ്തനായിപ്പോയല്ലോ എന്ന് ജാംബവാൻ പരിതപിക്കുന്നു. സമുദ്രം ചാടിക്കടക്കാനാകുമെങ്കിലും തിരികെക്കൂടി ചാടുക പ്രയാസമെന്ന് അംഗദൻ.

Content Highlights:  Sugreeva army | Search for Sita | Ramayana Parayana | Ramayana Masam | Manorama Astrology | Astrology News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com