കാറ്റുപോലെ കടന്നുപോകുന്നവൻ
Mail This Article
സമുദ്രലംഘനചിന്ത എങ്ങുമെത്താതെയാകുമ്പോൾ ജാംബവാൻ ഇടപെടുന്നു. ജഗൽപ്രാണനന്ദനനായ ഹനുമാൻ ഒന്നും പറയാതെ ചിന്തിച്ചിരിക്കുകയാണല്ലോ. മാരുതീതനയൻ ബലവേഗങ്ങളിൽ പിതാവിനു തുല്യനല്ലേ? ഭൂമിയിൽ പിറന്നുവീണപ്പോൾ അഞ്ഞൂറു യോജന ഉയരത്തിലേക്കു ചാടിയതറിയാം. തുടുത്ത പഴമെന്നു കരുതി വിഴുങ്ങാനായി ഉദയസൂര്യനു നേർക്കു ചാടിയതും ഓർമയില്ലേ? അന്നേരം ഇന്ദ്രൻ പ്രയോഗിച്ച വജ്രായുധമേറ്റു വീണപ്പോൾ പിതാവിനുണ്ടായ കോപം ലോകത്തെ നിശ്ചലമാക്കിയതും ദേവകളെല്ലാം എത്തി ഹനുമാനെ പൂർവസ്ഥിതിയിലാക്കി മരണമുണ്ടാകില്ലെന്ന വരം നൽകിയതും ഒക്കെ മറന്നുപോയോ? ദേവകളുടെ അനുഗ്രഹത്താൽ ഹനുമാനു ലഭിച്ച ബലവീര്യവേഗങ്ങൾ വർണിക്കാൻ ഈ പ്രപഞ്ചത്തിൽ ആർക്കാണു കഴിയുക?!
ബ്രഹ്മാണ്ഡം കുലുങ്ങുന്ന സിംഹനാദത്തോടെയാണ് ഹനുമാൻ എഴുന്നേൽക്കുന്നത്. വാമനമൂർത്തിയെപ്പോലെ വളർന്ന് പർവതാകാരനായി നിന്ന് ഹനുമാൻ പറയുന്നത് സമുദ്രലംഘനം ചെയ്ത് ലങ്കാപുരത്തെ ഭസ്മമാക്കി രാവണനെ കുലത്തോടെ ഒടുക്കി ദേവിയെയും കൊണ്ട് വരുമെന്നാണ്. ദേവിയെ കണ്ടുമടങ്ങിയാൽ മതിയെന്നും രാവണനോടേൽക്കുന്നത് പിന്നീടാകാമെന്നും ജാംബവാൻ പറയുന്നു. ശ്രീരാമകാര്യാർഥം പോകുന്നതിനാലും മാരുതദേവൻ എപ്പോഴും അരികെയുള്ളതിനാലും ഹനുമാന് വിഘ്നമൊന്നും ഉണ്ടാകില്ലെന്ന അനുഗ്രഹവചനങ്ങളും ജാംബവാൻ ചൊരിയുന്നു. മനുഷ്യശ്രേഷ്ഠനായ ശ്രീരാമദേവന്റെ പാദചരണങ്ങൾ മനസ്സിലുറപ്പിച്ച് ‘‘നിങ്ങൾ കണ്ടുകൊൾക’’ എന്ന് രാവണപുരി ലക്ഷ്യമാക്കി ഹനുമാൻ ദക്ഷിണദിക്കിലേക്കു കുതിച്ചു.
വായൂപുത്രന്റെ ബലവേഗങ്ങൾ പരീക്ഷിക്കാൻ ദേവസമൂഹം നിയോഗിച്ച സുരസയെയാണ് ഹനുമാന് ആദ്യം അഭിമുഖീകരിക്കേണ്ടി വരുന്നത്. പേടിയില്ലാതെ ഇതുവഴി കടന്നുപോകുന്നവരെ ഭക്ഷിച്ചുകൊള്ളാനാണ് ഈശ്വരകൽപന എന്നതിനാൽ തന്റെ വായിലേക്കു കടന്നുകൊള്ളാനാണ് സുരസ ആവശ്യപ്പെടുന്നത്. ശ്രീരാമദേവന്റെ ദൗത്യത്തിലാണെന്നും മടങ്ങിവരുമ്പോൾ നാഗജനനിക്കു ഭക്ഷണമായിക്കൊള്ളാമെന്നും ഹനുമാൻ. വിശപ്പും ദാഹവും സഹിക്കാവതല്ലെന്നു സുരസ. എങ്കിൽ വായ തുറന്നാലും എന്ന് ഹനുമാൻ വളരാൻ തുടങ്ങുകയായി; അതിനനുസൃതമായി സുരസയുടെ വദനകുഹരവും. പത്തും ഇരുപതും കടന്ന് വായയുടെ വിസ്തൃതി അൻപതു യോജനയിലേക്കെത്തുമ്പോൾ ഹനുമാൻ പെരുവിരലിനു തുല്യനായി ചെറുതാവുകയും സുരസയുടെ വായിൽനിന്ന് തപോബലത്താൽ പുറത്തേക്കു വരികയും ചെയ്യുന്നു.
തുടർന്ന് ഹനുമാൻ നടത്തുന്ന സ്തുതിക്കു മറുപടിയായി വിജയം ആശംസിച്ചുകൊണ്ട് സുരസ മടങ്ങുന്നു. സാഗരം നിയോഗിച്ചതുപ്രകാരം എത്തുന്ന മൈനാക പർവതത്തെയാണ് അടുത്തതായി ഹനുമാൻ കാണുന്നത്. ഹിമവാന്റെ പുത്രനാണ് മൈനാകം. പഴങ്ങളും അമൃതിനു തുല്യമായ മധുരജലവും ഒരുക്കിയിട്ടുണ്ടെന്നും ക്ഷീണമകറ്റി പോയാൽ മതിയെന്നും ക്ഷണിക്കുകയാണ് മൈനാകം. ഭഗവാന്റെ കാര്യത്തിനു പോകുമ്പോൾ ഇടയ്ക്കു ഭക്ഷണവും വിശ്രമവും ഒക്കെ അനുചിതമാണെന്നാണ് ഹനുമാന്റെ പക്ഷം. അതിനാൽ സൽക്കാരം സ്വീകരിച്ചെന്നു കരുതണമെന്നപേക്ഷിച്ച് ഹനുമാൻ യാത്ര തുടരുന്നു.
Content Highlights: Hanuman | crosses | ocean | Jambavan | reminds | powers | Ramayanam | Manorama Astrology | Astrology News