ADVERTISEMENT

പൊന്നിൻ ചിങ്ങത്തിനു പൂവാട ചാർത്തി ഇന്ന് അത്തം . പത്താം നാൾ പൊന്നോണത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങളിൽ പ്രധാനം അത്തപ്പൂക്കളം തന്നെ. ഒന്നാം നാൾ ഒരിനം പൂവും തുടർന്ന് ഓരോ ദിവസവും ഒന്നു വീതം കൂട്ടി പത്താം നാൾ പത്തിനം പൂക്കൾ കൊണ്ടൊരുക്കുന്ന പൂക്കളമാണ് ചിലയിടങ്ങളിൽ. പൂക്കൾ ആവശ്യത്തിനു സംഘടിപ്പിക്കാൻ കഴിവുള്ളവർ പത്തു നാളും പത്തിനം പൂക്കൾ കൊണ്ടൊരു പൂവോണം തന്നെ തീർക്കും. നാട്ടിൻപുറങ്ങൾ കുറഞ്ഞതോടെ നാടൻ പൂക്കളും കുറഞ്ഞു. വരവു പൂക്കളാണ് പതിവു പോലെ ഇക്കുറിയും ഓണത്തെ നിറച്ചാർത്തണിയിക്കുന്നത്.

∙ അത്തം പത്തോണം

ഓണത്തിനു പത്തു നാൾ മുൻപ് അത്തം തൊട്ട് മുറ്റത്തു പൂക്കളമൊരുക്കി ആഘോഷം തുടങ്ങും. പണ്ട് ഓണം കഴിഞ്ഞ് പതിനാറാം നാൾ വരുന്ന മകം വരെ ഓണം ആഘോഷിച്ചിരുന്നു. അത്രയ്ക്കു കഴിഞ്ഞില്ലെങ്കിലും ഓണം കഴിഞ്ഞ് അഞ്ചു നാൾ കൂടി രേവതി വരെയെങ്കിലും ഓണാവേശം എത്തിച്ചിരുന്നു. ഇപ്പോൾ സർക്കാരിന്റെ കണക്ക് അനുസരിച്ചാണെങ്കിലും ഉത്രാടം തുടങ്ങി നാലു നാൾ ഓണം തന്നെ. നടുമുറ്റത്ത് പൂത്തറയുണ്ടാക്കി അതിലാണു പൂവിടുന്നത്. പൂത്തറയില്ലെങ്കിൽ മുറ്റത്തു വട്ടത്തിൽ ചാണകം മെഴുകി അതിൽ പൂവിടുന്നു.

∙ തുമ്പയാണ് മുൻപിൽ

പൂക്കളത്തിൽ തുമ്പപ്പൂവിനാണു പ്രാധാന്യം. തൂവെള്ളത്തുമ്പപ്പൂ ലാളിത്യത്തിന്റെയും തെളിമയുടെയും പരിശുദ്ധിയുടെയുമൊക്കെ പ്രതീകമാണ്. ആദ്യദിവസം തുമ്പപ്പൂ മാത്രം ഉപയോഗിച്ചു പൂവിടുന്ന രീതി  ചിലയിടങ്ങളിലുണ്ട്.  ഓരോ ദിവസവും വ്യത്യസ്ത തരത്തിലുള്ള ഓരോ ഇനം പൂക്കൾ കൂടി ഉൾപ്പെടുത്തും. ഓണപ്പുലരിയിൽ പത്തു തരത്തിലുള്ള പൂക്കൾ കൊണ്ടായിരിക്കും പൂക്കളം. പാടത്തും തൊടിയിലും നിന്നു പറിച്ചെടുക്കുന്ന പൂക്കൾ കൊണ്ടാണു പൂക്കളം തീർത്തിരുന്നത്.

∙ പൂവിളിയാണ് പൊന്നോണം...

പാടവരമ്പിലും തൊടിയിലുമുള്ള തുമ്പയും മുക്കുറ്റിയും തിരുതാളിയും കാക്കപ്പൂവുമൊക്കെ പറിക്കുമ്പോഴാണ് പൂവിളി.  പൊന്നോണത്തിന്റെ വിളി. പണ്ട് പൂക്കൂടകളുമായി പൂ പറിക്കാൻ പോകുന്നതിനു കൂട്ടുകാരികളെ വിളിക്കുന്നതിൽത്തന്നെ ഓണക്കളിയുടെ ആവേശം നിറഞ്ഞിരുന്നു. ഇന്ന് സേലത്തു നിന്നും തിരുനെൽവേലിയിൽ നിന്നും വൻതോതിൽ ഓണപ്പൂക്കൾ ട്രെയിൻ കയറി പുറപ്പെട്ടു തുടങ്ങി.

കേരളത്തിന്റെ അതിർത്തിയിൽ തമിഴ്നാട്ടിലെ പൂ വിപണിയായ തോവാളയിൽ നിന്നു നേരിട്ടു പൂക്കൾ ശേഖരിക്കാൻ പോകുന്നവരുമുണ്ട്. അത്തം തുടങ്ങുമ്പോൾ പൂ വിപണിയിൽ വില കുറഞ്ഞിരിക്കുകയാണ്. ജമന്തി തന്നെ പല നിറങ്ങളിലുണ്ട്. മഞ്ഞ, ഓറഞ്ച്, വയലറ്റ്, പിങ്ക്, വെള്ള നിറങ്ങളിലുള്ള ജമന്തിക്കും പല വിലയാണ്. കിലോ ഗ്രാമിന് 80– 120 രൂപയാണ് ജമന്തി ഇനങ്ങളുടെ വില.വിലക്കുറവും ലഭ്യതയും പൊലിമയും കാരണം കൂടുതലായി വിറ്റുപോകുന്നതും ജമന്തിപ്പൂക്കളും ബന്തിപ്പൂക്കളുമാണ്. 

പനിനീർപ്പൂക്കളും പലനിറമുണ്ട്. റോസ്, പിങ്ക്, വെള്ള എന്നിങ്ങനെ നിറങ്ങൾ‌ മാറുന്നതനുസരിച്ച് വിലയിലും മാറ്റമുണ്ട്. 300 രൂപയ്ക്കു മേലാണ് ഇവയുടെ വില. അരളിപ്പൂക്കൾ ചുവപ്പ്, വെള്ള, പിങ്ക് തുടങ്ങിയ നിറങ്ങളിലുണ്ട്. കിലോഗ്രാമിന് 250 രൂപ മുതലാണ് ചില്ലറ വിൽപന കേന്ദ്രങ്ങളിലെ വില. ശരാശരി 150 രൂപയ്ക്ക് കോഴിപ്പൂ, വാടാമല്ലി തുടങ്ങിയ വ്യത്യസ്ത നിറങ്ങളിലെ പൂക്കൾ ലഭിക്കും. പൂക്കളത്തിനു പച്ച നിറം കിട്ടണമെങ്കിൽ പൂക്കളല്ല, ഇലയാണ് വിപണിയിൽ കിട്ടുക. തുളസിയില മുതൽ പേരറിയാത്ത പലയിനം ഇലകളും പൂ വിപണിയിലെ അതിഥി താരങ്ങളായുണ്ട്. തിരുവോണത്തോട് അടുക്കുന്തോറും പൂക്കളുടെ വിലയും കൂടുകയാണ് പതിവ്.

Content Highlights: Significance​ | Kerala | Festival | Attham | Onam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com