വിശ്വാസത്തിന്റെ നിറക്കാഴ്ചയായി ബൊമ്മക്കൊലു; തിന്മയ്ക്കുമേൽ നന്മയുടെ പ്രതീകങ്ങളായി ബൊമ്മകൾ
Mail This Article
വിശ്വാസത്തിന്റെ നിറക്കാഴ്ചയായി ബൊമ്മക്കൊലു ഒരുക്കി നവരാത്രി ആഘോഷം. തിന്മയ്ക്കുമേൽ നന്മയുടെ വിജയത്തിന്റെ പ്രതീകങ്ങളായി ബൊമ്മകൾ നിരക്കുമ്പോൾ അവയിൽ നവരാത്രിസന്ദേശവും നിറയുന്നു. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നവരാത്രി കാലങ്ങളിൽ ദേവീദേവന്മാരുടെ ബൊമ്മകൾ അണിനിരത്തി നടത്തുന്ന ആചാരമാണ് ബൊമ്മക്കൊലു. കേരളത്തില്‍ ബ്രാഹ്മണ സമൂഹമഠങ്ങളെകേന്ദ്രീകരിച്ചാണ് ബൊമ്മക്കൊലു ഒരുക്കല്‍. നവരാത്രിയുടെ ആദ്യ ദിവസം ഗണപതി പൂജയ്ക്കു ശേഷം കുടുംബത്തിലെ മുതിർന്നആൾ (ആൺ/പെൺ) സരസ്വതി, പാർവ്വതി, ലക്ഷ്മി എന്നീ ദേവിമാർക്കുവേണ്ടി കലശാവാഹനം പൂജവിധി നടത്തുന്നു. അതിനു ശേഷം മരത്തടികൾ കൊണ്ട് പടികൾ (കൊലു) ഉണ്ടാക്കുന്നു.
സാധാരണയായി 3, 5,7, 9, 11 എന്നിങ്ങനെ ഒറ്റ സംഖ്യയിലാണ് പടികൾ നിർമിക്കുന്നത്. പടികൾക്കു മുകളിൽ തുണി വിരിച്ചശേഷം ദേവീ ദേവൻമാരുടെ ബൊമ്മകൾ അവയുടെ വലുപ്പത്തിനും സ്ഥാനത്തിനുമനുസരിച്ച് അതിൽ നിരത്തിവയ്ക്കുന്നു. പുരാണത്തിലെ കഥാപാത്രങ്ങളും കഥകളുമാണ് ബൊമ്മകൊലുകളിൽ വയ്ക്കുന്നത്. ആദ്യ മൂന്ന് ദിവസങ്ങളില്‍ ദുര്‍ഗയ്ക്കും തുടര്‍ന്നുള്ള മൂന്ന് ദിവസം ലക്ഷ്മിക്കും പിന്നീട് മൂന്ന് ദിവസം സരസ്വതിക്കുമാണ് പൂജ ചെയ്യുന്നത്. ബൊമ്മക്കൊലു കാണാനെത്തുന്നവര്‍ക്ക് പ്രസാദവും സമ്മാനങ്ങളും നല്‍കും. ബൊമ്മക്കൊലു പൂജയിലൂടെ ദേവീസാന്നിധ്യമം ഉണ്ടാകുമെന്നും ഇത് ഐശ്വര്യം കൊണ്ടുവരുമെന്നുമാണ് വിശ്വാസം.