അഷ്ടമിക്ക് ദുര്‍ഗ, നവമിക്ക് മഹാലക്ഷ്മി, ദശമിക്ക് മഹാസരസ്വതി; നവരാത്രി മാഹാത്മ്യം
Mail This Article
സർവവിദ്യയുടെയും അധിപയും ത്രിമൂർത്തികൾക്കു പോലും ആരാധ്യയും ജഗത് മാതാവുമായ ദുർഗയെ പ്രീതിപ്പെടുത്തുകയാണ് നവരാത്രി പൂജയിലൂടെ ലക്ഷ്യമിടുന്നത്. ആർഷ ഭാരതത്തിൽ പൗരാണികകാലം മുതൽ ആഘോഷിക്കാറുള്ളതാണ് നവരാത്രി. അന്ധകാരത്തിൻ മേൽ, ആസുരതയുടെ മേൽ, അജ്ഞതയുടെമേൽ എല്ലാമുള്ള നന്മയുടെ വിജയമായാണ് നവരാത്രിയായി ആഘോഷിച്ചു വരുന്നത്.
പന്ത്രണ്ടു മാസങ്ങളിലെയും നവരാത്രികൾക്ക് (ശുക്ലപക്ഷത്തിലെ പ്രഥമ മുതൽ ഒൻപതു രാത്രങ്ങൾ) പ്രാധാന്യമുണ്ടെങ്കിലും നാലെണ്ണമാണ് ഇപ്പോൾ ആഘോഷിക്കക്കാറുള്ളത്. ശാരദ നവരാത്രി (ശരത് ഋതു), ചൈത്ര നവരാത്രി (ചൈത്ര ഋതു), ആഷാഢ നവരാത്രി (വർഷ ഋതു), വസന്ത നവരാത്രി (വസന്ത ഋതു) എന്നിവയാണവ . അതിൽ ആഘോഷത്തിന്റെ പ്രധാന്യം കൊണ്ട് ഒന്നാമത്തേത് ശാരദ അഥവാ ശരത് നവരാത്രിയാണ്. ശൈത്യത്തിന്റെ ആരംഭമായ ശരത് ഋതുവിലാണ് (സെപ്റ്റംബർ - ഒക്ടോബർ) ശരത് നവരാത്രി ആഘോഷിക്കുന്നത്. ദുർഗ്ഗാ ദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓർമയ്ക്കായിട്ടാണ് ഇത് ആഘോഷിക്കപ്പെടുന്നത്. ഇന്ത്യയുടെ മിക്കഭാഗങ്ങളിലും ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലുമാണ് ഇതിന് കൂടുതൽ പ്രാധാന്യമുള്ളത്. വടക്കേ ഇന്ത്യയിൽ ചിലയിടങ്ങളിൽ ബന്ദാസുരവധത്തിന്റെ ഓർമയിലാണ് ശരത് നവരാത്രി ആഘോഷിക്കുന്നത്. നവരാത്രിക്കും ദേവി ഉപാസനയ്ക്കും യുഗങ്ങളോളം പഴക്കമുണ്ടെങ്കിലും അയോധ്യാ രാജാവ് സുദർശന ചക്രവര്‍ത്തിയുടെ കാലം മുതലാണ് നവരാത്രി ആരാധനയ്ക്ക് പ്രചാരം സിദ്ധിച്ചത്. കാപട്യമോ ഫലേച്ഛയോ കൂടാതെ ദേവിയുടെ പാദങ്ങളിൽ ആശ്രയിക്കുന്നവര്‍ക്ക് നിത്യാനന്ദം അനുഭവമായിത്തീരുന്നു.
ബ്രഹ്മാണ്ഡത്തിലെ സർവ പ്രധാനമായ സത്തയുടെ രൂപത്തിൽ വര്‍ത്തിക്കുന്ന ജഗദംബികയെ നിത്യ, വ്യാപിനി, പൂർണ , സ്വതന്ത്ര, ആനന്ദ, കുണ്ഡലിനീ, അനാഹത, ദിവ്യ, മാതാ എന്നിങ്ങനെ പല രൂപങ്ങളിൽ ആരാധിച്ചു പോരുന്നു.നവരാത്രി പൂജാവിധിയിൽ കന്നിമാസത്തിലെ ശുക്ലപക്ഷ പ്രഥമതിഥി മുതൽ ഓരോ ദിവസവും ഓരോ പേരിൽ ദേവിയെ ആരാധിക്കുന്നു. കുമാരി, തൃമൂര്‍ത്തി, കല്യാണി, രോഹിണി, കാളിക, ചണ്ഡിക, ശാംഭവി,ദുര്‍ഗ്ഗ,സുഭദ്ര എന്നിവയാണ് ആ പേരുകൾ . രണ്ടു മുതൽ പത്തുവയസ് വരെയുള്ള പെണ്‍കുട്ടികളെ ദേവീ ഭാവനയോടെ ഈ വ്യത്യസ്ത പേരുകളിൽ ഇരുത്തി പൂജിച്ച് ഭക്ഷണം ഉപഹാരം മുതലായവയാൽ സംതൃപ്തരാക്കുന്നു. ദേവിയെ വ്യത്യസ്ത നാമങ്ങളിൽ ആരാധിക്കുന്നതിന് വ്യത്യസ്തങ്ങളായ ഫലങ്ങളുമുണ്ട്. മേല്‍പ്പറഞ്ഞ മൂര്‍ത്തികള്‍ക്ക് പകരം നവദുര്‍ഗകളെ പൂജിക്കുന്ന സമ്പ്രദായവുമുണ്ട്. ഒമ്പതു ദിവസവും കുമാരീപൂജ നടത്തിയ ശേഷമേ ഭക്ഷണം കഴിക്കാവൂ. കേരളത്തിൽ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങള്‍ക്കാണ് നവരാത്രിയാഘോഷത്തിൽ പ്രാധാന്യം. ഈ ദിവസങ്ങളിൽ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ പേരുകളിൽ അറിയപ്പെടുന്നു. അഷ്ടമിക്ക് ദുര്‍ഗയെയും നവമിക്ക് മഹാലക്ഷ്മിയെയും ദശമിക്ക് മഹാസരസ്വതിയെയും വിശേഷാൽ പൂജിക്കുന്നു.
ഗൃഹത്തിൽ പരിശുദ്ധമായ സ്ഥലത്ത് മണ്ഡപം ഉണ്ടാക്കി അലങ്കരിച്ച് ദേവീ പൂജകൾ ചെയ്യേണ്ടതാണ്. നിത്യപൂജ ചെയ്യാൻ കഴിവില്ലാത്തവർ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങളിലെ പൂജകൾ ചെയ്താലും മതി. ദക്ഷയാഗധ്വംസിനിയായ ഭദ്രകാളി പിറന്നത് അഷ്ടമിക്കായതുകൊണ്ട് അഷ്ടമി പൂജയ്ക്ക് വൈശിഷ്ട്യമേറും. പൂജയും ഹോമവും അന്നദാനവും കുമാരീ പൂജയും ചെയ്‌താൽ നവരാത്രിയുടെ സമ്പൂർണ ഫലം ലഭിക്കും. ത്രിപുരസുന്ദരിയായ മഹാദേവിയെ സേവിക്കുന്ന ഭക്തന് ഐഹികസുഖവും മരണാനന്തരം മോക്ഷവും സിദ്ധമാകുന്നുവെന്നാണ് ദേവീപൂജയുടെ സവിശേഷത .ശരത് നവരാത്രി കാലത്ത് പ്രകൃതി പോലും വളരെയധികം ശാന്തമാണ്. അത്യധികം ഉഷ്ണമോ ശീതമോ വര്‍ഷമോ വരള്‍ച്ചയോ ഈ ദിവസങ്ങളിൽ ഉണ്ടാകാറില്ല. കാരണം ഭഗവതീ ജാഗരണത്തിന്റെ ദിനങ്ങളാണ് ഇവ. ഇക്കാലത്ത് രാത്രിമുഴുവനും വ്രതാനുഷ്ഠാനങ്ങളോടെ ദേവിയെ ഭജിച്ച് ഉണര്‍ന്നിരിക്കുക ഉത്തരഭാരതത്തിലെ ദേവീ ഉപാസനയുടെ രീതിയാണ്.