കുബേരനെയും മഹാലക്ഷ്മിയെയും ആരാധിക്കാം; ദീപാവലി ആഘോഷത്തിന്റെ തുടക്കമായി ധൻതേരസ്
Mail This Article
ദീപാവലി ആഘോഷത്തിന്റെ തുടക്കമാണ് ധൻതേരസ്. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന അതിഗംഭീരമായ ദീപാവലിയുടെ ആരംഭം ആണിത്. ധനത്രയോദശി അഥവാ ധൻതേരസ് എന്ന വാക്ക് രണ്ട് വാക്കുകളിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. ധൻ' എന്നാൽ സമ്പത്ത്, ‘തേരസ്' എന്നാൽ ചന്ദ്രചക്രത്തിന്റെ പതിമൂന്നാം ദിനം. ഈ വർഷം ധൻതേരസ്' 2023 നവംബർ 10ന് വെള്ളിയാഴ്ചയാണ്.
ഈ ദിനത്തിൽ ഭക്തർ ധനത്തിന്റെ അധിപനായ കുബേരനെയും മഹാലക്ഷ്മിയെയും ആരാധിക്കുന്നു. സ്വർണം, വെള്ളി മുതലായ ലോഹങ്ങൾ ഈ ദിവസം വാങ്ങുന്നത് സമ്പത്തും സമൃദ്ധിയും വർധിക്കാൻ കാരണമാകുമെന്നാണ് വിശ്വാസം. സ്ഥിര രാശി ലഗ്നം വരുന്ന പ്രദോഷ കാലമാണ് ധൻതേരസിലെ ലക്ഷ്മി പൂജയ്ക്ക് ഏറ്റവും അനുയോജ്യമായ സമയം. സ്ഥിര എന്നാൽ സ്ഥിരമായത് അതായത് ചലിക്കാത്തത് എന്നര്‍ഥം. സ്ഥിര ലഗ്നത്തിൽ ധൻതേരസ്പൂജ നടത്തിയാൽ, ലക്ഷ്മി വീട്ടിൽ താമസിക്കും, അതിനാൽ ഈ സമയം ധൻതേരസ് പൂജയ്ക്ക് ഏറ്റവും മികച്ചതാണ്. ചരം, സ്ഥിരം, ഉഭയം എന്നിങ്ങനെ രാശികൾ മാറി മാറി വരുന്നു.
ഈ ദിവസം, സമ്പത്തിന്റെ ദേവതയായ ലക്ഷ്മി, പാലാഴി കടഞ്ഞപ്പോൾ ഉയർന്നുവന്നു എന്നാണ് വിശ്വാസം. അതിനാൽ, ലക്ഷ്മിയെയും കുബേരനെയും ഈ ദിവസം ആരാധിക്കുന്നു. എന്നിരുന്നാലും, അമാവാസിയിൽ നടത്തുന്ന ലക്ഷ്മി പൂജ ധൻ ത്രയോദശിക്ക് ശേഷമുള്ളതിനേക്കാൾ കൂടുതൽ പ്രാധാന്യമുള്ളതായി കണക്കാക്കുന്നു. ദീപാവലിയിൽ ആരാധിക്കുന്ന ലക്ഷ്മിദേവിയുടെയും ഗണപതിയുടെയും വിഗ്രഹങ്ങളും ധൻതേരസിൽ വാങ്ങുന്നു. പൂജാ സമയം അന്നേ ദിവസം വൈകുന്നേരം 6.02 മുതൽ 8 PM വരെയാണ്.
പൂജയ്ക്ക് മുൻപായി ഗണപതിയെ കുളിപ്പിച്ച് ചന്ദനം ചാർത്തണം. തുടർന്ന് ചുവന്ന വസ്ത്രം അണിയിച്ച് ഭഗവാന് നിവേദ്യം നൽകണം. ഗണപതി മന്ത്രങ്ങൾ ജപിച്ച് പ്രാർത്ഥിക്കാം. അതിനുശേഷം സമ്പത്തിന്റെ ദേവനായ കുബേരനെ മധുര പലഹാരങ്ങളും പൂക്കളും പഴങ്ങളും നിവേദിച്ച ശേഷം പൂജിക്കണം. അതിനുശേഷം മഹാലക്ഷ്മിയെ നിവേദ്യ സഹിതം പൂജിക്കുക. ഈ ദിവസം വീടും പരിസരവും ശുദ്ധമാക്കുകയും ചെയ്യുന്നു. അന്നേ ദിവസം പുതുതായി വാങ്ങിയ ഉപ്പ് പറമ്പിൽ വിതറുന്നത് നെഗറ്റീവ് ഊർജത്തെ ഇല്ലാതാക്കുമെന്ന് വിശ്വസിക്കുന്നു.