ഗുരുവായൂര്‍ ഏകാദശി നവംബർ 23 വ്യാഴാഴ്ച; സർവപാപഹരം ഏകാദശി വ്രതം, അനുഷ്ഠിക്കേണ്ടത് എങ്ങനെ?
Mail This Article
ഏകാദശികളില്‍ ഏറെ പ്രധാനമാണ് വൃശ്ചികത്തിലെ ഗുരുവായൂര്‍ ഏകാദശി. ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികള്‍ വരുന്ന മൂന്നു ദിവസങ്ങളിലാണ് ഏകാദശിവ്രതം. ഈ വർഷത്തെ ഏകാദശി നവംബർ 23 വ്യാഴാഴ്ചയാണ്. ഏകാദശി ഉത്സവത്തോടനുബന്ധിച്ചുള്ള ഏകാദശി വിളക്കുകൾക്ക് ഒക്ടോബർ 25നു തുടക്കമായി. കുടുംബങ്ങളും സ്ഥാപനങ്ങളും വ്യക്തികളും വഴിപാടായാണ് ഏകാദശി വിളക്കു നടത്തുന്നത്. രാത്രി ശീവേലിക്കു ശേഷം വിളക്കുമാടത്തിലെ ചുറ്റുവിളക്കുകൾ തെളിച്ച് മൂന്ന് ആനകളെ എഴുന്നള്ളിച്ച് ഇടയ്ക്ക, നാഗസ്വര വാദ്യങ്ങളുടെ അകമ്പടിയോടെ നടത്തുന്ന ചടങ്ങാണിത്. ആഘോഷങ്ങളുടെ ഭാഗമായി വിശേഷാൽ കാഴ്ചശീവേലി, ഇടയ്ക്ക പ്രദക്ഷിണം, മേളം, പഞ്ചവാദ്യം, തായമ്പക എന്നിവയും മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ കലാപരിപാടികളും ഉണ്ടാകും. നവംബർ 23 ന് ഏകാദശി ദിനത്തിൽ ഗുരുവായൂർ ദേവസ്വമാണ് വിളക്ക് നടത്തുന്നത്.
സർവപാപഹരം ഏകാദശി വ്രതം
സർവ പാപഹരം ഏകാദശീ വ്രതം എന്നാണ് പ്രമാണം. മനസ്സറിഞ്ഞ് പൂർണ ഭക്തിയോടെ ഗുരുവായൂർ ഏകാദശീ വ്രതം അനുഷ്ഠിച്ചാൽ ഏഴ് ജന്മങ്ങളിലെ പാപങ്ങൾ ഇല്ലാതാവുമെന്നും വിശ്വാസമുണ്ട്. വിഷ്ണുപ്രീതിയിലൂടെ കുടുംബത്തിന്റെ ഐശ്വര്യത്തിനായി സ്ത്രീകൾക്കും പുരുഷന്മാർക്കും അനുഷ്ഠിക്കാവുന്ന വ്രതമാണിത്. ഭഗവാൻ മഹാവിഷ്ണു ദേവീദേവന്മാരോടൊപ്പം ഗുരുവായൂർക്കെഴുന്നെള്ളുന്ന ദിനമാണിതെന്നും കരുതപ്പെടുന്നു. അതിനാൽ ഈ ദിവസം ക്ഷേത്രത്തിൽ എത്താൻ കഴിയുന്നത് സുകൃതമായാണ് വിശ്വാസികൾ കാണുന്നത്.
ഗുരുവായൂർ ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത് എങ്ങനെ?
ദശമി ദിവസം, അതായത് തലേ ദിവസം ഒരിക്കൽ എടുത്തു വേണം വ്രതം ആരംഭിക്കാൻ. ഏകാദശി നാളില്‍ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിച്ച് വിഷ്ണുസഹസ്രനാമം, ഭഗവദ്ഗീത, നാരായണീയം, ഭാഗവതം എന്നിവ പാരായണം ചെയ്യേണ്ടതാണ്. സാധിക്കുമെങ്കിൽ വിഷ്ണുക്ഷേത്ര ദർശനം നടത്തി വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷ സൂക്തം തുടങ്ങിയ അർച്ചനകൾ നടത്തുകയും ചെയ്യുക. ഏകാദശി ദിനം പൂർണമായി ഉപവസിക്കാം. അതിനു സാധിക്കാത്തവർ ഒരു നേരം പഴങ്ങളോ അരിയാഹാരമൊഴികെയുള്ള ധാന്യാഹാരങ്ങളോ കഴിക്കുക. എണ്ണ തേച്ചു കുളിക്കരുത്, പകലുറക്കം നിർബന്ധമായും ഒഴിവാക്കണം. അന്നേ ദിവസം മുഴുവൻ അന്യചിന്തകൾക്കൊന്നും മനസ്സിൽ ഇടം നൽകരുത്. തെളിഞ്ഞ മനസ്സോടെ ഭഗവാനെ പ്രകീർത്തിക്കുന്ന നാമങ്ങൾ ജപിക്കുക. വിഷ്ണുസഹസ്രനാമം ചൊല്ലുന്നതും ഉത്തമം. തുളസി നനയ്‌ക്കുകയും തുളസിത്തറയ്‌ക്ക് മൂന്ന് പ്രദക്ഷിണം വയ്‌ക്കുകയും ചെയ്യുക.
ഹരിവാസരസമയം. ഏകാദശീ വ്രതകാലയളവിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂർത്തം
ഏകാദശീ വ്രതകാലയളവിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂർത്തമാണ് ഹരിവാസരസമയം. ഏകാദശിയുടെ ഒടുവിലത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും– അതായത് 12 മണിക്കൂർ സമയം. വ്രതമനുഷ്ഠിക്കുന്നവർ ഈ സമയത്ത് ഭക്ഷണവും ഉറക്കവും പാടില്ല. പൂർണ ഉപവാസമനുഷ്ഠിക്കുന്നത് അത്യുത്തമമാണ്. അഖണ്ഡനാമജപം ചെയ്യുന്നത് ഏറ്റവും ഗുണകരമാണെന്നും വിശ്വാസമുണ്ട്.
ഗുരുവായൂർ ഏകാദശി ഗുരുവായൂർ പ്രതിഷ്ഠാദിനം
അര്‍ജ്ജുനന് ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗീതോപദേശം നല്‍കിയ ദിനമായും ഗുരുവായൂര്‍ ഏകാദശിയെ കണക്കാക്കുന്നു.ദേവഗുരു ബൃഹസ്പതിയും വായുദേവനും പാതാളാഞ്ജനശിലയിൽ തീർത്ത വിഗ്രഹം സ്ഥാപിച്ച ഇടം ഗുരുവായൂരാണെന്നും പ്രതിഷ്ഠയ്ക്ക് ഗുരുവായൂരപ്പൻ എന്ന് നാമധേയം ലഭിച്ചു എന്നുമാണ് വിശ്വാസം. വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലാണ് ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ നടത്തിയത്. അതിനാൽ ഗുരുവായൂർ ഏകാദശി ഗുരുവായൂർ പ്രതിഷ്ഠാദിനമായും കണക്കാക്കപ്പെടുന്നു.