ADVERTISEMENT

ജാതക പ്രകാരമുള്ള ദോഷസമയങ്ങളിൽ പ്രധാനമാണ് ശനിദശ. ജനിക്കുന്ന സമയം, രാശി എന്നിവ കണക്കാക്കി ഓരോ വ്യക്തിയുടെ ജീവിതത്തിലും ദോഷകരമായ സമയങ്ങൾ ഉണ്ടാകുന്നു. ശനിദശ ചിലരിൽ വർഷങ്ങൾ നീണ്ടു നിൽക്കുന്നു. ശനിദോഷം ബാധിച്ചെന്ന് കരുതി പൂർണമായും മോശം സമയമാണെന്നും പറയാനാകില്ല. ഗുണം കൊണ്ട് വരുന്ന ശനിദശയുമുണ്ട്. ശനിയുടെ അപഹാരകാലത്ത് ദോഷങ്ങൾ കുറഞ്ഞിരിക്കാനായി ചെയ്യുന്ന പ്രധാന വഴിപാടാണ് എള്ളുതിരി കത്തിക്കൽ. 

ശാസ്താവിനും നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ശനിക്കും എള്ളുതിരി കത്തിക്കുന്നു. തുടർച്ചയായി 21 ശനിയാഴ്ചകളിൽ എള്ളുതിരി കത്തിക്കുന്നത് ശനിദശ ബാധിച്ച കാലത്ത് പോലും സമൃദ്ധി നൽകുമെന്നാണ് വിശ്വാസം. എന്നാൽ ശനിദശ ബാധിച്ച എല്ലാവർക്കും ക്ഷേത്രങ്ങളിൽ പോയി എള്ളുതിരി കത്തിക്കാനുള്ള സാഹചര്യമുണ്ടാകില്ല. ഈ അവസ്ഥയിൽ വീട്ടിലെ പൂജാമുറിയിൽ എള്ളുതിരി കത്തിച്ചു പ്രാർത്ഥിക്കുന്നതും ഗുണകരമാണ്.  ഇത്തരത്തിൽ എള്ളുതിരി വീട്ടിൽ കത്തിക്കുന്നത് പുണ്യമായ ഒരു പ്രവർത്തിയാ‍യാണ് ജ്യോതിഷം പറയുന്നത്.

എന്നാൽ ഇതിനായി തിരി ഒരുക്കുമ്പോൾ ശുദ്ധിയോടും പ്രാർത്ഥനയോടും കൂടി ചെയ്യണം. വെളുത്ത കോട്ടൺ തുണിയിൽ എള്ള് വച്ചശേഷം തുണിയുടെ നാല് മൂലകൾ ചേർത്തു കെട്ടിവേണം എള്ളുതിരി ഒരുക്കുവാൻ. ശേഷം, കിഴി രൂപത്തിലാക്കിയ തിരി മൺചിരാതിൽ വച്ച് നല്ലെണ്ണ ഒഴിച്ച് വേണം കത്തിക്കാൻ. എള്ളുതിരി കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുകയും ഗന്ധവും ശ്വസിക്കുന്നതും നല്ലതാണെന്ന് പറയപ്പെടുന്നു. ഏഴരശനി, കണ്ടകശനി, അഷ്ടമശനി എനീ ദോഷങ്ങൾ ഉള്ളവർ എള്ളുതിരി കത്തിക്കുന്നത് ശനിദശയുടെ കാഠിന്യം കുറക്കാൻ സഹായിക്കും.

വീടുകളിൽ എള്ളുതിരി കത്തിക്കുന്നതിന് ഉചിതമായ സമയം സന്ധ്യയാണ്. ശനിയാഴ്ചകളിൽ സന്ധ്യാദീപം കൊളുത്തി പ്രാർഥിക്കുന്നതിന്‌ ഒപ്പം എള്ളുതിരിയും കത്തിക്കാം. കുടുംബാംഗങ്ങൾ ഒരുമിച്ചു ചേർന്ന് ചെയ്‌താൽ വീടിനെ ബാധിച്ചിരിക്കുന്ന ദോഷങ്ങളും അകന്നു നിൽക്കും. നവഗ്രഹങ്ങളിൽ ഈശ്വരസ്ഥാനം കൽപിക്കപ്പെടുന്ന ശനീശ്വരനെ നന്മചെയ്യുന്നവർക്ക് രക്ഷകനും ദുഷ്ടർക്ക് ശിക്ഷകനും ആയിട്ട് ജ്യോതിഷ വിശ്വാസികൾ കരുതുന്നു.

എള്ളുതിരി കത്തിച്ചു പ്രാർത്ഥിക്കുമ്പോൾ കറുപ്പ്, നീല തുടങ്ങിയ ശനിയുടെ ഇഷ്ട നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതും ഗുണകരമാണ്.  നീല ശംഖുപുഷ്പം അർപ്പിച്ചു പ്രാർത്ഥിക്കുന്നതും മികച്ച ഫലം നൽകുന്നു. ശനിദോഷ ദുരിതങ്ങളിൽ നിന്നും രക്ഷയ്ക്കായി മഹാദേവൻ, മഹാഗണപതി, ധർമശാസ്താവ്, ഭദ്രകാളി, ഹനുമാൻ എന്നിവരെ ശനിയാഴ്ചകളിൽ ആരാധിക്കുന്നത്  നല്ലതാണ്. ശനി ഗായത്രി മന്ത്രം ചൊല്ലുന്നതും ശ്രേയസ് നൽകും.

ശനി ഗായത്രി മന്ത്രം 

കാകദ്ധ്വജായ വിദ്‌മഹേ ഖഡ്‌ഗഹസ്‌തായ ധീമഹീ തന്നോ മന്ദ പ്രചോദയാത്‌ 

English Summary:

Lighting of Black Sesame Lamp at home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com