ഗുരുവായൂർ ഏകാദശി ഇന്ന്; കണ്ണനെ കണ്ടുതൊഴാന് ഭക്തജന പ്രവാഹം
Mail This Article
ഇന്നുനടക്കുന്ന ഗുരുവായൂർ ഏകാദശി ആഘോഷത്തിൽ പങ്കെടുക്കാനും കണ്ണനെ കണ്ടുതൊഴാനുമായി ഇന്നലെ വൈകിട്ടു മുതൽ തിരക്ക് ആരംഭിച്ചു. ദശമി ദിവസമായ ഇന്നലെ പുലർച്ചെ തുറന്ന ക്ഷേത്രനട രാത്രി മുഴുവൻ തുറന്നിരുന്നു. ഇന്നു രാത്രിയിലും നട തുറന്നിരിക്കും. ദേവസ്വമാണ് ഉദയാസ്തമയ പൂജയോടെ ഏകാദശി വിളക്ക് ആഘോഷിക്കുന്നത്. കാലത്തു ശീവേലിക്കു ശേഷം ഉദയാസ്തമയ പൂജ ആരംഭിക്കും. പാർഥസാരഥി ക്ഷേത്രത്തിലേക്കു പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ് കാലത്ത് 9നു തുടങ്ങും.
ഏകാദശി വ്രതത്തിന്റെ വിഭവങ്ങൾ അടങ്ങിയ പ്രസാദ ഊട്ട് 45,000 പേർക്കു തയാറാക്കും. രാവിലെ 9ന് പ്രസാദ ഊട്ട് തുടങ്ങും. ഇന്നു കാലത്തും വൈകിട്ടും കാഴ്ചശീവേലി. രാത്രി വിളക്കെഴുന്നള്ളിപ്പ്. അർധരാത്രി മുതൽ കൂത്തമ്പലത്തിൽ അഗ്നിഹോത്രികൾക്ക് ദ്വാദശിപ്പണ സമർപ്പണം. ദ്വാദശി ദിവസമായ നാളെ രാവിലെ 8ന് നട അടച്ചാൽ 9.30ന് വീണ്ടും തുറക്കും.
ഭക്തർക്ക് ചുറ്റമ്പലത്തിൽ ദർശനം നടത്താം. നാലമ്പലത്തിലേക്കു പ്രവേശനമില്ല. വൈകിട്ട് 3.30 മുതൽ ദർശനം പതിവു രീതിയിലാകും. 15 ദിവസത്തെ ചെമ്പൈ സംഗീതോത്സവം ഇന്നു രാത്രി 10ന് ചെമ്പൈയുടെ ഇഷ്ടകീർത്തനങ്ങൾ പാടി മംഗളം ചൊല്ലി അവസാനിപ്പിക്കും. ക്ഷേത്രത്തിൽ ഇന്നലെ ദശമി വിളക്ക് നെയ്‌വിളക്കായി ആഘോഷിച്ചു. ശ്രീഗുരുവായൂരപ്പൻ ട്രസ്റ്റ് നടത്തുന്ന 51–ാമത് വിളക്കാണിത്. രാവിലെ മേളത്തിന് പെരുവനം കുട്ടൻ മാരാരും ഉച്ചയ്ക്കും രാത്രിയും പഞ്ചവാദ്യത്തിനു ചോറ്റാനിക്കര വിജയൻ മാരാരും പ്രമാണം വഹിച്ചു. സന്ധ്യയ്ക്കു തൃത്തായമ്പകയും ഉണ്ടായി.