സർവാഭരണ വിഭൂഷിതനായി വൈക്കത്തപ്പൻ; ഭക്തിസാന്ദ്രമായി ഋഷഭ വാഹന എഴുന്നള്ളിപ്പ്
Mail This Article
ഋഷഭ വാഹന എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി. ഋഷഭ വാഹനത്തിൽ എഴുന്നള്ളിയ സർവാഭരണ വിഭൂഷിതനായ വൈക്കത്തപ്പന്റെ മോഹന രൂപം ദർശിച്ച് സായൂജ്യം നേടുവാൻ ക്ഷേത്രത്തിലെത്തിയത് ആയിരങ്ങൾ. വൈക്കത്തഷ്ടമി 7–ാം ഉത്സവ നാളിൽ ഭഗവാൻ വൈക്കത്തപ്പന്റെ വാഹനമായ ഋഷഭത്തിന്റെ പുറത്ത് എഴുന്നള്ളി ഭക്തർക്ക് ദർശനം നൽകുന്നതായി വിശ്വാസം.വെള്ളിയിൽ നിർമിച്ച ഋഷഭത്തിന്റെ പുറത്ത് വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ച് തിരുവാഭരണം ചാർത്തിയ ശേഷം പട്ടുടയാടകളും കട്ടിമാലകളും കൊണ്ട് അലങ്കരിച്ചു.
തുടർന്ന് അവകാശികളായ കിഴക്കേടത്ത്, പടിഞ്ഞാറേടത്ത് ഇല്ലക്കാരായ 40 ഓളം മൂസത് മാർ തണ്ടിലേറ്റി വൈക്കത്തപ്പനെ എഴുന്നള്ളിച്ചു. ഇടതും വലതുമായി ചമയങ്ങളണിഞ്ഞ് 6 ഗജവീരൻമാർ അകമ്പടിയായി. സ്വർണക്കുട, മുത്തുക്കുട, വെഞ്ചാമരം ആലവട്ടം തുടങ്ങിയ അലങ്കാരങ്ങളോടെ നടത്തിയ വിളക്ക് എഴുന്നള്ളിപ്പ് ക്ഷേത്രത്തിന് അഞ്ച് പ്രദക്ഷിണം നടത്തി. ആചാര പ്രകാരം നാഗസ്വരം, പരുഷ വാദ്യം, പഞ്ചവാദ്യം, ചെണ്ടമേളം, ഘട്ടിയം തുടങ്ങിയവയാണ് ഉപയോഗിച്ചത്.