ADVERTISEMENT

ഇന്ന് വൈക്കത്തഷ്ടമി. അഷ്ടമി ദർശനത്തിനു നട തുറന്നു. ദീപപ്രഭയിൽ തിളങ്ങി വൈക്കം മഹാദേവ ക്ഷേത്രം. വൈക്കത്തപ്പന്റെ എഴുന്നള്ളത്തും അഷ്ടമി പ്രാതലും ഉദയനാപുരത്തപ്പന്റെ വരവുംഅഷ്ടമി വിളക്കുമെല്ലാം ചേർന്ന് ദേവസംഗമ ഭൂമിയായി മാറും ഇന്ന് വൈക്കം. വ്യാഘ്രപാദ മഹർഷിക്കു ശ്രീപരമേശ്വരൻ പാർവതീ സമേതനായി ദിവ്യദർശനം നൽകിയ ദിനമാണ് അഷ്ടമി. ഇന്നലെ രാത്രി വിളക്കു തൊഴുതു കാത്തു നിന്നവർക്ക് അനുഗ്രഹമായി വൈക്കത്തപ്പന്റെ ദർശനം. ഇന്നു പുലർച്ചെ 3.30നു നട തുറന്ന് ഉഷഃപൂജയും എതൃത്ത പൂജയും. പുലർച്ചെ 4.30 മുതൽ ഭക്തരെ നാലമ്പലത്തിനുള്ളിലേക്കു പ്രവേശിപ്പിക്കും. അന്തരീക്ഷം പഞ്ചകീർത്തനാലാപനത്താൽ ശബ്ദമുഖരിതമാകും. തുടർന്നു നാഗസ്വരക്കച്ചേരിയും തകിലും മേളക്കൊഴുപ്പേകും.

വൃശ്ചിക മാസത്തിൽ അഷ്ടമി ദർശനം
കാർത്തിക മാസത്തിലെ (വൃശ്ചികം) കറുത്ത പക്ഷത്തിലെ അഷ്ടമി ദിനത്തിലാണ് വൈക്കത്തഷ്ടമി. കൃഷ്ണാഷ്ടമി എന്നു പറയും. പുലർച്ചെ മൂന്നേമുക്കാൽ നാഴിക അഷ്ടമി ഉണ്ടായിരിക്കുമെന്നതും ഈ ദിവസത്തിന്റെ പ്രത്യേകതയാണ്. അഷ്ടമി ദിനത്തിനു 12 ദിവസം മുൻപാണ് ഉത്സവം കൊടിയേറുന്നത്.

vaikom-mahadeva-temple2
ഋഷഭവാഹനം. വര∙ വിഷ്ണു വിജയൻ

വൈക്കത്തപ്പന്റെ എഴുന്നള്ളത്ത്
അഷ്ടമി ദിവസം വൈക്കത്തപ്പൻ കൊടിമരച്ചുവട്ടിൽ ഉപവാസത്തിലാണെന്നു വിശ്വാസം. ഉപവാസമനുഷ്ഠിച്ചു ദുഃഖത്തോടെയുള്ള ഈ കാത്തിരിപ്പിനു ഭക്ത സഹസ്രങ്ങൾ സാക്ഷ്യം വഹിക്കും. അസുരനിഗ്രഹത്തിനു പോയ പുത്രനായ ഉദയനാപുരത്തപ്പനെ കാത്തിരിക്കുകയാണ് വൈക്കത്തപ്പൻ. എന്നാൽ ആചാരാനുഷ്ഠാനത്തിന്റെ ഭാഗമായി ഒരു എഴുന്നള്ളത്തെങ്കിലും നടത്തണമെന്നുള്ളതിനാൽ വൈക്കത്തപ്പൻ രാത്രി പത്തോടെ കിഴക്കേ ആനക്കൊട്ടിലിലേക്ക് എഴുന്നള്ളും. എഴുന്നള്ളിപ്പിനു ചെണ്ട മേളവും നാഗസ്വരവും ഇല്ല. തിടമ്പേറ്റുന്ന കൊമ്പന് ഇടംവലം രണ്ടാനകളുടെ അകമ്പടി മാത്രം.

വിജയശ്രീലാളിതനായി ഉദയനാപുരത്തപ്പന്റെ വരവ്
വൈക്കത്തപ്പൻ കിഴക്കേ ആനക്കൊട്ടിലിലേക്ക് എഴുന്നള്ളി അധികം വൈകും മുൻപു തന്നെ വടക്കേ നടയുടെ ഭാഗത്തു വിജയാരവങ്ങൾ ഉയരും. അസുര നിഗ്രഹത്തിനു ശേഷം വിജയശ്രീലാളിതനായ ഉദയനാപുരത്തപ്പൻ ഇന്നു രാത്രി പതിനൊന്നോടെ വടക്കെനട വഴി ക്ഷേത്രത്തിന്റെ നാലമ്പലത്തിലേക്ക് എഴുന്നള്ളും. ശ്രീനാരായണപുരത്തപ്പനും കൂട്ടുമ്മേൽ ഭഗവതിയും ഉദയനാപുരത്തപ്പന് ആദ്യ അകമ്പടിയാകും. ദേശമാകെ ഉത്സവ പ്രതീതി. സമീപ ക്ഷേത്രങ്ങളിലെ ദേവീ – ദേവന്മാരും മതിൽക്കകത്തേക്ക്. ഇതാണു ദേശദേവതമാരുടെ സംഗമം. എല്ലാവരും ഒന്നിച്ചു വൈക്കത്തപ്പന്റെ അടുക്കലേക്ക്. എഴുന്നള്ളത്ത് ഇവിടെ എത്തുമ്പോൾ സ്വന്തം ഇരിപ്പിടം നൽകി വൈക്കത്തപ്പൻ, ഉദയനാപുരത്തപ്പനെ അനുഗ്രഹിക്കും. ആലവട്ടങ്ങളുടെയും തീവെട്ടികളുടെയും പ്രൗഢിയിൽ മേളങ്ങളുടെ അകമ്പടിയോടെ ദേവതമാർ ഒരുമിച്ച് ഏകദേശം മൂന്നു മണിക്കൂർ എഴുന്നള്ളി നിൽക്കും.

vaikom-mahadeva-temple1
ദേശദേവതമാരുടെ സംഗമം. വര∙ വിഷ്ണു വിജയൻ

അഷ്ടമി വിളക്ക് പുലർച്ചെ രണ്ടിന്
ഉറക്കമില്ലാതെ കാത്തിരുന്നാണു ഭക്ത സഹസ്രങ്ങൾ അഷ്ടമി ദിന ചടങ്ങുകൾക്കു സാക്ഷ്യം വഹിക്കുന്നത്. ദേവസംഗമത്തോടെ അഷ്ടമി വിളക്ക് എഴുന്നള്ളിപ്പ് കിഴക്കേനടയിൽ നാളെ പുലർച്ചെ രണ്ടിന് ആരംഭിക്കും. മേളക്കൊഴുപ്പുകൾ ഉച്ചസ്ഥായിയിലെത്തും. നാഗസ്വരവും തകിലുമാണു പ്രധാന മേളം. പിന്നെ വലിയ കാണിക്ക അർപ്പിക്കുന്ന ചടങ്ങാണ്. കറുകയിൽ കുടുംബത്തിലെ കാരണവർ ഗോപാലൻ നായർ പല്ലക്കിൽ എത്തി സ്വർണ ചെത്തിപ്പൂവ് സ്വർണക്കുടത്തിൽ വലിയ കാണിക്കയായി അർപ്പിക്കും. തുടർന്നു ഭക്തർക്കു കാണിക്ക അർപ്പിക്കുന്നതിനുള്ള അവസരമാണ്. വ്യാഘ്രപാദത്തറയ്ക്കു സമീപമാണ് അഷ്ടമി വിളക്കും ദേവസംഗമവും.

ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ്
ദേവ സംഗമത്തിനു ശേഷം എഴുന്നള്ളത്തുകൾ ഓരോന്നായി കൊടിമരച്ചുവട്ടിൽ എത്തും. ദേവീ – ദേവന്മാർ ഓരോരുത്തരായി വൈക്കത്തപ്പനോടു വിടചൊല്ലി പിരിയും. ആദ്യം വിടപറയുന്നത് മൂത്തേടത്ത് കാവ് ഭഗവതിയാണ്. ഒടുവിലാണ് ഉദയനാപുരത്തപ്പൻ ഉപചാരം ചൊല്ലി പിരിയുന്നത്. നാളെ പുലർച്ചെ 3.30 ന് വടക്കേ ഗോപുരനടയിലാണു വിടചൊല്ലി പിരിയൽ ചടങ്ങ്. നാഗസ്വരത്തിൽ മുഴങ്ങുന്നത് വിഷാദ രാഗമായ ‘ദുഃഖം ദുഃഖകണ്ഠാരം.’ തീവെട്ടികളുടെ വെട്ടത്തിൽ വിഷാദ രാഗത്തോടെയുള്ള വേർപിരിയൽ, ക്ഷേത്രാങ്കണം കൂടുതൽ ദുഃഖസാന്ദ്രമായ അന്തരീക്ഷമാക്കും. അടുത്ത അഷ്ടമിക്കായി ഒരുവർഷത്തെ കാത്തിരിപ്പ്.

vaikom-mahadeva-temple3


അന്നദാന പ്രഭു; പ്രാതലിന്റെ പുണ്യം
അന്നദാനപ്രഭുവാണു വൈക്കത്തപ്പൻ. ഊട്ടുപുരയിലാണു പ്രാതൽ വഴിപാട് ഒരുക്കുക. വിഭവങ്ങൾ പാകം ചെയ്യുന്നതിനുള്ള അവകാശം മുട്ടസ് നമ്പൂതിരിക്കാണ്. അഷ്ടമി ദിനത്തിൽ 121 പറ അരിയുടെ വിഭവ സമൃദ്ധമായ പ്രാതലാണ് ഒരുക്കുന്നത്. ഇന്ന് 11 മണിയോടെ ആരംഭിക്കുന്ന പ്രാതൽ തിരക്കനുസരിച്ചു വൈകിട്ട് 4 വരെയെങ്കിലും തുടരും.

വ്യാഘ്രപാദത്തറ
വിശ്വാസ തീവ്രതയുടെ നേർസാക്ഷ്യമാണു വ്യാഘ്രപാദത്തറ. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര നടയോടു ചേർന്നാണു വ്യാഘ്രപാദത്തറ. താപസ ശ്രേഷ്ഠനായ വ്യാഘ്രപാദർ ശ്രീപരമേശ്വരനെ ധ്യാനിച്ചിരുന്നത് ഇവിടെയാണ് എന്നാണ് ഐതിഹ്യം.അരയാൽ, പ്ലാവ്, മാവ് എന്നീ വൃക്ഷങ്ങൾ ഒരേ തറയിൽ ശിഖരങ്ങൾ വിടർത്തി ആചാരാനുഷ്ഠാനത്തിന്റെ തണൽ വിരിക്കുന്നു.

vaikom-mahadeva-temple4
വ്യാഘ്രപാദത്തറ. വര∙ വിഷ്ണു വിജയൻ

ഐതിഹ്യം
ഒരിക്കൽ വൈക്കത്തപ്പനെ ദർശിക്കാനെത്തിയ വില്വമംഗലം സ്വാമിയാർക്കു ശ്രീകോവിലിൽ ദേവസാന്നിധ്യം കാണാനായില്ല. പ്രാതലിനു വിഭവങ്ങൾ പാകം ചെയ്യുന്ന വലിയ അടുക്കളയിൽ ബ്രാഹ്മണ വേഷധാരിയായി വൈക്കത്തപ്പൻ ദേഹണ്ഡിക്കുന്നതു വില്വമംഗലം കണ്ടെന്നാണ് ഐതിഹ്യം. സ്വാമിയാരെ കണ്ട ഉടനെ അടുത്തു നിന്ന മുട്ടസ് നമ്പൂതിരിക്കു ചട്ടുകം കൈമാറി വൈക്കത്തപ്പൻ അപ്രത്യക്ഷനായി. അന്നുമുതൽ മുട്ടസിനു ദേഹണ്ഡത്തിന്റെ ചുമതല കാരാഴ്മ അവകാശമായി.

English Summary:

Festival at the Vaikom Mahadeva temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com