ദോഷങ്ങളെ ഇല്ലായ്മ ചെയ്യുന്ന പ്രദോഷ വ്രതം ഡിസംബർ 10ന്; ശിവപ്രീതിക്ക് ഉത്തമം
Mail This Article
ശിവപ്രീതിക്ക് ഏറ്റവും ഉത്തമമായ വ്രതമത്രേ പ്രദോഷവ്രതം. ദോഷങ്ങളെ ഇല്ലാതാക്കാനാണ് ഇത് ആചരിക്കുന്നത്. ഏറ്റവും ലളിതമായതും എന്നാൽ ഫലപ്രാപ്തിയുള്ളതുമായ വ്രതമായി ഇതിനെ കണക്കാക്കുന്നു.. ത്രയോദശി തിഥി വരുന്ന ദിവസത്തെയാണ് പ്രദോഷമായി കണക്കാക്കുന്നത്. ഒരു മാസത്തിൽ രണ്ടു പ്രദോഷവ്രതമാണ് ഉള്ളത്. കറുത്ത പക്ഷത്തിലും വെളുത്ത പക്ഷത്തിലും. പ്രദോഷവ്രതം അനുഷ്ഠിച്ചാൽ ദശാ കാലവും ജാതകദോഷവും മൂലം ഉണ്ടാകുന്ന ദുരിതങ്ങൾ കുറയുമെന്നാണ് വിശ്വാസം.
ഡിസംബർ 10 ഞായറാഴ്ചയും ഡിസംബർ 24 ഞായറാഴ്ചയുമാണ് 2023 ഡിസംബറിലെ പ്രദോഷങ്ങൾ. സന്താന സൗഭാഗ്യം, ദുഃഖ ശമനം, ദാരിദ്ര്യ ശമനം, ആയുരാരോഗ്യം, ഐശ്വര്യം, കീർത്തി എന്നിവയ്ക്കാണ് പ്രദോഷവ്രതം അനുഷ്ഠിക്കുന്നത്. പ്രദോഷ സന്ധ്യയിൽ പരമശിവൻ പാർവതീദേവിയുടെ സാമീപ്യത്തിൽ നടരാജനായി നൃത്തം ചെയ്യുകയും സകല ദേവീദേവന്മാരും പ്രത്യക്ഷപ്പെടുകയും ചെയ്തുവെന്നും അതുകൊണ്ട് ഈ വ്രതം എടുത്താൽ സകല ദേവീദേവന്മാരുടെയും അനുഗ്രഹം ലഭിക്കും എന്നുമാണ് വിശ്വാസം.
ഉമാ മഹേശ്വരന്മാർ ഏറ്റവും സന്തോഷകരമായി ഇരിക്കുന്ന പ്രദോഷ സന്ധ്യയിൽ ശിവ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതും ശിവപുരാണവും ശിവഭജനവും ഹാലാസ മാഹാത്മ്യം പാരായണം ചെയ്യുന്നതും ഉത്തമമായിരിക്കും. പഞ്ചാക്ഷരീമന്ത്രവും ശിവപഞ്ചാക്ഷരി സ്‌തോത്രവും ശിവസഹസ്രനാമവും ശിവാഷ്ടകവും ജപിച്ചു കൊണ്ട് പ്രദോഷദിനം മുഴുവൻ ശിവ ഭഗവാനെ ഭജിക്കണം. കൂടാതെ പ്രദോഷവ്രതം അനുഷ്ഠിക്കുന്നവർ തലേദിവസം ഒരിക്കലൂണ് മാത്രമേ ആകാവൂ.
പ്രദോഷ ദിനത്തിൽ രാവിലെ കുളിച്ചു ശുദ്ധിയായി വിളക്ക് കൊളുത്തി പഞ്ചാക്ഷരീ ജപത്തോടെ ശിവക്ഷേത്ര ദർശനം നടത്തുകയും ഭഗവാന് കൂവളമാലയും എണ്ണയും സമർപ്പിക്കുകയും ജലധാര നടത്തുകയും ചെയ്യണം. പകൽ മുഴുവൻ ഉപവസിക്കുന്നതാണ് നല്ലത്. അതിനു സാധിക്കാത്തവർക്ക് ക്ഷേത്രത്തിൽനിന്നു ലഭിക്കുന്ന നേദ്യച്ചോറു കഴിക്കാം. പ്രദോഷ ദിവസം എണ്ണ തേച്ചു കുളിക്കാൻ പാടില്ല. വ്രതം ഉള്ളവർ ശിവ ക്ഷേത്രത്തിൽ പ്രദോഷ പൂജയിലും ദീപാരാധനയിലും മറ്റും പങ്കു കൊള്ളുക. ഭഗവാനു നിവേദിക്കുന്ന കരിക്കിൻ തീർഥം സേവിച്ചു കൊണ്ടോ ക്ഷേത്രത്തിൽനിന്നു ലഭിക്കുന്ന അവിലോ മലരോ പഴമോ കഴിച്ചോ ഉപവാസം അവസാനിപ്പിക്കാം. അത്താഴ പൂജ കഴിഞ്ഞ് ലഭിക്കുന്ന ചോറു കഴിച്ചും ഉപവാസം അവസാനിപ്പിക്കാം.