കുചേലദിനം ഇങ്ങനെ ആചരിച്ചാൽ കുബേരനാവാം
Mail This Article
എല്ലാ മലയാള മാസത്തിലെയും ഏകാദശി, ചിങ്ങത്തിലെ അഷ്ടമി രോഹിണി, ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച, മുപ്പെട്ടു വ്യാഴാഴ്ചകൾ എന്നീ ദിനങ്ങൾ ഭഗവാൻ മഹാവിഷ്ണുവിന് ഏറ്റവും സവിശേഷമായ ദിനകളാണ്. ഈ ദിനങ്ങളിൽ നാമജപത്തോടെ ഭഗവാനെ ഭജിക്കുന്നത് ഇരട്ടിഫലദായകമെന്നാണ് വിശ്വാസം. ഇതിൽ ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച കുചേലദിനമായി ആചരിക്കുന്നു. ദാരിദ്ര്യത്താൽ വലഞ്ഞ കുചേലൻ തന്റെ സഹപാഠിയായിരുന്ന ഭഗവാന്‍ ശ്രീകൃഷ്ണന്റെ അടുത്ത് അവില്‍പ്പൊതിയുമായി ചെന്ന് അനുഗ്രഹം നേടിയ ദിവസമാണെന്നാണു സങ്കല്‍പം. ഇക്കൊല്ലം ഡിസംബര്‍ 20 നാണ് കുചേലദിനം. അന്നേദിവസം മഹാവിഷ്ണു ക്ഷേത്ര ദർശനം നടത്തി വഴിപാടായി അവിൽപ്പൊതി സമർപ്പിച്ചാൽ ദാരിദ്ര്യദുഃഖങ്ങൾ നീങ്ങും എന്നാണ് വിശ്വാസം. യാതൊന്നും ആഗ്രഹിക്കാതെ ഭക്തിയോടെ അവിൽക്കിഴി സമർപ്പിക്കുന്നതിലൂടെ കുചേലനു നൽകിയതു പോലെ ഭഗവാൻ സർവൈശ്വര്യങ്ങളും പ്രദാനം ചെയ്യും എന്നാണ് പറയപ്പെടുന്നത്.
കുചേലദിനത്തിൽ ഗുരുവായൂരിലെ വിശേഷ വഴിപാടാണ് അവില്‍നിവേദ്യം. അവില്‍, നാളികേരം, ശര്‍ക്കര, നെയ്യ്, ചുക്ക്, ജീരകം എന്നിവ ചേര്‍ത്താണ് നിവേദ്യം തയ്യാറാക്കുക. കുചേല ദിനത്തില്‍ പന്തീരടി പൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിവക്ക് അവില്‍ നിവേദിക്കും എന്ന പ്രത്യേകത ഉണ്ട്. ദാരിദ്ര്യം മാറുന്നതിനായി ഭക്തന്മാർ അവിലുമായി ഗുരുവായൂരപ്പനെ ദർശിച്ചു അനുഗ്രഹം നേടാറുണ്ട്. കുചേലദിനത്തിൽ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ കുചേലവൃത്തം കഥകളിയും വഴിപാടായി ഭക്തർ നടത്തുക പതിവുണ്ട്. കുടുംബത്തിന്റെ ക്ഷേമത്തിനും ഐശ്യര്യത്തിനുമായി കുചേലദിനത്തിൽ അവിൽ സമർപ്പണം നടത്തുന്ന മറ്റൊരു പ്രധാന ക്ഷേത്രമാണ് മഹാവിഷ്ണു പ്രധാന പ്രതിഷ്ഠയായിട്ടുള്ള മലപ്പുറം ജില്ലയിലെ തിരുനാവായ നാവാമുകുന്ദ ക്ഷേത്രം.