തിരുവാതിര ചൊവ്വാഴ്ചയോ ബുധനാഴ്ചയോ?
Mail This Article
ധനുമാസത്തിലെ തിരുവാതിര മലയാളി എന്നും നെഞ്ചോടു ചേർത്തുവയ്ക്കുന്ന ഉത്സവം. കുമ്മിയടിച്ചും തുടിച്ചുകുളിച്ചും കൈകൊട്ടി കളിച്ചുമൊക്കെയാണ് ആഘോഷം. തിരുവാതിര പരമശിവന്റെ തിരുനാളാണ്. പരമശിവന്റെയും പാർവതിയുടെയും വിവാഹം നടന്ന ദിവസമാണ് തിരുവാതിരയായി ആഘോഷിക്കുന്നത് എന്നും ഐതിഹ്യമുണ്ട്. ഇക്കൊല്ലത്തെ (2023) തിരുവാതിര ആഘോഷിക്കേണ്ടത് എന്ന്?ഡിസംബർ 26നും 27നുമായിട്ടാണു തിരുവാതിര വരുന്നത്.
മകയിരം നാളിൽ സന്ധ്യയോടെ തിരുവാതിര ആഘോഷം തുടങ്ങും. മകയിരദിവസം സന്ധ്യയ്ക്ക് എട്ടങ്ങാടി നിവേദ്യം തയാറാക്കലാണു പ്രധാന ചടങ്ങ്. അതുകഴിഞ്ഞ് തിരുവാതിര അർധരാത്രി വരുന്ന ദിവസം രാത്രി ഉറക്കമിളയ്ക്കലും പാതിരാപ്പൂ ചൂടലും തുടിച്ചുകുളിക്കലും ഉൾപ്പെടെയുള്ള ചടങ്ങുകൾ. തിരുവാതിര നക്ഷത്രം രാവിലെ 6 നാഴിക വരെയെങ്കിലും ഉള്ള ദിവസം പകൽ തിരുവാതിര വ്രതം എന്നിങ്ങനെയാണ് രീതി.
ഇക്കൊല്ലം (2023) ഡിസംബർ 26ന് ചൊവ്വാഴ്ച 39 നാഴിക 08 വിനാഴിക വരെ (രാത്രി 10 മണി 22 മിനിറ്റ് വരെ) മകയിരം നക്ഷത്രമാണ്. അതു കഴിഞ്ഞാൽ തിരുവാതിര നക്ഷത്രം തുടങ്ങും. ഈ തിരുവാതിര നക്ഷത്രം ഡിസംബർ 27ന് 41 നാഴിക 56 വിനാഴിക (രാത്രി 11.30 വരെ) ഉണ്ട്.
അതുകൊണ്ട് ആർദ്രാജാഗരണം എന്ന തിരുവാതിര ഉറക്കമിളയ്ക്കലും പാതിരാപ്പൂ ചൂടൽ ഉൾപ്പെടെയുള്ള ചടങ്ങുകളും ഡിസംബർ 26നു രാത്രിയാണു നടത്തേണ്ടത്. തിരുവാതിര വ്രതം അനുഷ്ഠിക്കേണ്ടത് രാവിലെ തിരുവാതിരയുള്ള ഡിസംബർ 27നു ബുധനാഴ്ചയുമാണ്.
മകയിരസന്ധ്യയിലാണ് എട്ടങ്ങാടി നിവേദ്യം തയാറാക്കുന്നത്. അതിന്റെ അടിസ്ഥാനത്തിൽ ഡിസംബർ 26നു ചൊവ്വാഴ്ച എട്ടങ്ങാടി നിവേദ്യം തയാറാക്കാം. എട്ടങ്ങാടി എന്നാൽ കിഴങ്ങുവർഗങ്ങൾ ഉൾപ്പെടെ എട്ടു തരം സാധനങ്ങൾ കൊണ്ട് ഉണ്ടാക്കുന്ന നോമ്പ് വിഭവമാണ്. ചേന, ചേമ്പ്, ചെറുകിഴങ്ങ്, കൂർക്ക, കാച്ചിൽ, ഏത്തക്കായ, വൻപയർ, ശർക്കര എന്നിവയാണ് എട്ടങ്ങാടിയിൽ ചേരുന്നത്. തിരുവാതിര വ്രതം നോൽക്കുന്നവർ ഉമിത്തീയിൽ ചേനയും ചേമ്പും ചെറുകിഴങ്ങും ഉൾപ്പെടെയുള്ള കിഴങ്ങുവർഗങ്ങൾ ചുട്ടെടുത്താണ് എട്ടങ്ങാടി തയാറാക്കിയിരുന്നത്. എട്ടങ്ങാടിയിൽ ചേർക്കുന്ന ഇനങ്ങളിൽ പ്രാദേശികമായി ചില വ്യത്യാസങ്ങളും ഉണ്ടാകാറുണ്ട്.