ADVERTISEMENT

ഒട്ടും നിനച്ചിരിക്കാത്ത സമയത്ത് ഒന്നിന് പിന്നാലെ ഒന്നായി പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണോ ജീവിതത്തിൽ? വ്യക്തി ജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും സാമ്പത്തികതലങ്ങളിലുമെല്ലാം ഉണ്ടാകുന്ന ഇത്തരം തിരിച്ചടികളെ ഫലപ്രദമായി ഏകാഗ്രമായ മനസോടെ നേരിടുന്നതിന് ഹനുമാനെ ഭജിക്കാം. പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഹനുമാൻ സ്വാമിക്ക് യഥാവിധി വഴിപാട് നടത്തി പ്രാര്‍ത്ഥിച്ചാൽ അനുകൂല ഫലങ്ങള്‍ ഉണ്ടാകുമെന്നാണ് വിശ്വാസം.

മനസ് കൈവിട്ടു പോകുന്ന ജീവിത പ്രശ്നങ്ങൾക്ക് പരിഹാരമായി ഹനുമാനെ പൂജിക്കാൻ പറയുന്നത് ഹൈന്ദവ വിശ്വാസ പ്രകാരം ധീരത, ശക്തി തുടങ്ങിയവയുടെ പ്രതീകമായി ഹനുമാനെ കാണുന്നത് കൊണ്ടാണ്. ദിവസവും ഹനുമാനെ ഭജിക്കുക, ഹനുമാൻ ചാലിസ ചൊല്ലുക എന്നിവ ചെയ്യുന്നതിലൂടെ ദുഷ്ടശക്തികള്‍ അകലുകയും അതോടെ ജീവിതത്തിൽ നിന്നും കഷ്ടകാലം ഇല്ലാതാകുകയും ചെയ്യുമെന്ന് രാമായണത്തിൽ പറയുന്നുണ്ട്. കഠിനമായി പരിശ്രമിച്ചിട്ട് ഉദ്യോഗം ലഭിക്കാതിരിക്കുന്നവരും തൊഴിൽരംഗത്ത് നിരന്തരമായി ചില പ്രശ്നങ്ങള്‍ നേരിടുന്നവരും ഹനുമാനെ ഭജിച്ചാൽ താമസം കൂടാതെ നല്ല ഫലം ഉണ്ടാകുമെന്നു പറയപ്പെടുന്നു.

ശനിയുടെ അപഹാരം ഏറ്റവും ഉച്ചസ്ഥായിയിൽ നിൽക്കുന്നവർ തീർച്ചയായും ഹനുമാനെ ഭജിക്കുക. ഏഴരശനി, കണ്ടകശനി എന്നീ സമയങ്ങളിൽ ഹനുമാൻ സ്വാമിയെ പ്രാര്‍ത്ഥിക്കുന്നത് ശനിയുടെ ശക്തി കുറയ്ക്കാൻ സഹായിക്കും. വ്യക്തി ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട കാലമായാണ് ശനിയുടെ അപഹാരകാലത്തെ കണക്കാക്കുന്നത്. വീടുകളിൽ ഇരുന്നുള്ള പ്രാർത്ഥനയ്ക്ക് പുറമേ ഹനുമാൻ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ പോയി ഇഷ്ട വഴിപാടുകൾ നടത്തുന്നതും ഉത്തമമായി കണക്കാക്കപ്പെടുന്നു.

വെറ്റിലമാല, വടമാല എന്നിവയാണ് ഹനുമാൻ സ്വാമിക്ക് ഏറ്റവും പ്രീതികരമായ വഴിപാടുകൾ. ഇതിനുള്ള സൗകര്യം ക്ഷേത്രങ്ങളിൽ തന്നെ ഉണ്ടായിരിക്കും. വടമാല സമർപ്പണത്തിന് ചില ക്ഷേത്രങ്ങളിൽ മുൻകൂറായി പറയണം. വെണ്ണക്കാപ്പ്, തുളസിമാല എന്നിവ വഴിപാടായി നൽകുന്നത് കാര്യസിദ്ധിക്ക് ഉത്തമമാണ്. വെറ്റിലമാല വഴിപാട് നൽകുന്നത് കൊണ്ട്
വ്യക്തി ജീവിതത്തിലും കുടുംബത്തിലും സമൃദ്ധി ഉണ്ടാകുമെന്നും വിവാഹതടസ്സങ്ങൾ മാറും എന്നും പറയപ്പെടുന്നു.

മാനസികമായ അസ്വസ്ഥതകൾ, ടെൻഷനുകൾ, തീരുമാനം എടുക്കാൻ കഴിയാത്ത അവസ്ഥ എന്നിവയിലൂടെ കടന്നു പോകുന്നവർ സിന്ദൂരക്കാപ്പ് സമർപ്പിക്കുന്നത് ഗുണകരമാണ്. ഇതിലൂടെ ജീവിതത്തിൽ മനസമാധാനം കൈവരും. വിചാരിച്ച കാര്യങ്ങൾ തടസമില്ലാതെ നടക്കുന്നതിനായാണ് വെണ്ണക്കാപ്പ് സമർപ്പിക്കുന്നത്. അസുഖങ്ങൾ മാറി ആയുസും ആരോഗ്യവും വർധിക്കുന്നതിനാണ് തുളസിമാല ചാർത്തുന്നത്.

ഓം ആഞ്ജനേയ നമഃ എന്ന മന്ത്രമാണ് ഹനുമാൻ പ്രതിഷ്ഠക്ക് മുന്നിൽ ചൊല്ലേണ്ടത്. ഈ മന്ത്രം ചൊല്ലിക്കൊണ്ട് ക്ഷേത്രത്തിന് വലം വെച്ചു പ്രാര്‍ത്ഥിച്ചാൽ ശത്രുദോഷങ്ങൾ നീങ്ങുമെന്നുമാണ് വിശ്വാസം. ഉറങ്ങുന്നതിന് മുൻപ് ഹനുമാനെ സ്തുതിച്ചാൽ ദുസ്വപ്നങ്ങള്‍ കാണില്ലെന്നും നല്ല ഉറക്കം കിട്ടുമെന്നും പറയപ്പെടുന്നു.ചൊവ്വ, വ്യാഴം, ശനി എന്നിവ ഹനുമാൻ സ്വാമിക്ക് പ്രധാനപ്പെട്ട ദിവസങ്ങളാണ്.

English Summary:

Worship Lord Hanuman to Overcome Any Obstacle in Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com