മൂന്ന് നിലകൾ, 392 തൂണുകൾ, 44 വാതിലുകൾ; പ്രതിഷ്ഠാ ചടങ്ങിനൊരുങ്ങി അയോധ്യ രാമക്ഷേത്രം
Mail This Article
ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിനു വേണ്ടി ഒരുങ്ങുകയാണ് അയോധ്യ. മൂന്നു നിലകളിലായാണ് രാമക്ഷേത്രം ഒരുങ്ങുന്നത്. ക്ഷേത്രത്തിന്റെ ഓരോ നിലയ്ക്കും 20 അടി വീതം ഉയരമുണ്ട്. ആകെ 392 തൂണുകളും 44 വാതിലുകളുമുണ്ട്. ശ്രീകോവിലിൽ ശ്രീരാമന്‍റെ ബാലരൂപത്തിലുള്ള വിഗ്രഹമാണ് പ്രതിഷ്ഠിക്കുക. നൃത്യ മണ്ഡപം, രംഗ് മണ്ഡപം, സഭാ മണ്ഡപം, പ്രാർഥനാ മണ്ഡപം, കീർത്തൻ മണ്ഡപം എന്നിങ്ങനെ അഞ്ച് മണ്ഡപങ്ങളും ക്ഷേത്രത്തിനുണ്ട്. രാമക്ഷേത്ര സമുച്ചയത്തിന് 380 അടി നീളവും 250 അടി വീതിയും 161 അടി ഉയരവുമുണ്ട്. പരമ്പരാഗത നാഗര ശൈലിയിലാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്.
ജനുവരി 22ന് പവിത്രമായ സഞ്ജീവനി മുഹൂർത്തത്തിലാകും പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. ഉച്ചയ്‌ക്ക് 12:29:8 മുതൽ 12:30:32 വരെയാണ് ചടങ്ങിന്റെ മുഹൂർത്തം. കഴിഞ്ഞ തിങ്കളാഴ്ച വൈദ്യുതി വിളക്കുകള്‍ കൊണ്ട് അലങ്കരിച്ച അയോധ്യ രാമക്ഷേത്രത്തിന്റെയും പരിസരത്തിന്‍റെയും ചിത്രങ്ങള്‍ രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് പങ്കുവച്ചിരുന്നു. രാമക്ഷേത്രത്തിലെ ജടായു പ്രതിമയുടെ വിശാലദൃശ്യം മുതല്‍ വൈദ്യുതി വിളക്കുകള്‍ പ്രഭ ചൊരിയുന്ന ക്ഷേത്രത്തിനകത്തെ ദൃശ്യങ്ങൾ വരെ പങ്കുവച്ചിട്ടുണ്ട്. ഈ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
ജനുവരി 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള നിരവധി അതിഥികള്‍ക്കും ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടുണ്ട്.