ADVERTISEMENT

ഒരു വ്യക്തിയുടെ സൗന്ദര്യം എടുത്ത് കാണിക്കുന്നതിൽ നിർണായകമായ പങ്കുവഹിക്കുന്ന അവയവമാണ് മൂക്ക്. ഓരോ വ്യക്തിയുടെയും മൂക്ക് ഒന്നിനൊന്നു വ്യത്യസ്തവുമായിരിക്കും. നീണ്ട് അറ്റം കൂർത്ത മൂക്കുകൾക്ക് പണ്ടേ ആരാധകർ കൂടുതലാണ്. എന്നാൽ ലക്ഷണശാസ്ത്രം പറയുന്നത് കേവലം മൂക്കിന്റെ ഭംഗി മാത്രം നോക്കിയാൽ പോരാ, അതിനു പിന്നിലെ ലക്ഷണങ്ങൾ കൂടി മനസിലാക്കണം എന്നാണ്. മൂക്കുകളുടെ ആകൃതി, വലുപ്പം എന്നിവ നോക്കി സ്‌ത്രീകളുടെയും പുരുഷന്മാരുടെയും സ്വഭാവത്തെ വര്‍ണിക്കാന്‍ സാധിക്കും.

ഭാരതീയ ജ്യോതിഷശാസ്ത്രത്തിന്റെ ഉപശാഖയായ 'ലക്ഷണ ശാസ്ത്രം' ഒരു വ്യക്തിയുടെ ശാരീരിക സവിശേഷതകള്‍ അവരുടെ സ്വഭാവത്തെയും ഭാവിയേയും സംബന്ധിച്ച് പ്രതിപാദിക്കുന്നു. ഇത് പ്രകാരം കണ്ണ്, ചെവി, മൂക്ക്, ചുണ്ട്, കവിള്‍, പല്ല് , പാദങ്ങൾ, കൈകൾ എന്നിവരെ നിരീക്ഷിച്ച് സ്വഭാവം പറയാനാകും എന്നാണ് പറയപ്പെടുന്നത്.

പതിഞ്ഞ മൂക്ക്
പതിഞ്ഞ മൂക്കിന് പൊതുവെ ആരാധകർ കുറവാണ്. എന്നാൽ പതിഞ്ഞ മൂക്കുള്ളവർ ചില്ലറക്കാരല്ല എന്ന് മനസിലാക്കുക. ആധിപത്യമനോഭാവം വെച്ചുപുലർത്തുന്നവരായിരിക്കും പതിഞ്ഞ മൂക്കിനുടമകൾ. താൻ പിടിച്ച മുയലിനു മൂന്നു കൊമ്പ് എന്ന രീതിയിൽ പെരുമാറുന്ന ഇവരിൽ നിന്നും അനുകമ്പയും ലാളിത്യവും സ്നേഹവുമൊന്നും ആരും പ്രതീക്ഷിക്കേണ്ടതില്ല. എന്ന് കരുതി ഇവർ പ്രശ്നക്കാരാണെന്നും പറയാൻ വയ്യ. സാഹിത്യരംഗത്ത് ഇത്തരക്കാർ ഏറെ ശോഭിക്കും.

വളഞ്ഞ മൂക്ക്
തത്തയുടെ കൊക്ക് പോലെ വളഞ്ഞ നാസികാഗ്രം ഉള്ളവരെ പറ്റി പണ്ട് കവികൾ എഴുതിയിട്ടുണ്ട്. ഇത്തരത്തിൽ അറ്റം വളഞ്ഞ മൂക്കുള്ളവർ ദൃഢനിശ്ചയം, നേതൃത്വഗുണം എന്നിവ പ്രകടിപ്പിക്കുന്നവരാണ്. അത്രപെട്ടെന്നൊന്നും ഇക്കൂട്ടരെ പ്രതികൂല സാഹചര്യങ്ങൾക്ക് തകർക്കാനാവില്ല. തികഞ്ഞ ആത്മവിശ്വാസം ഉള്ളവരാണിവർ.

നീണ്ട മൂക്ക്
നീണ്ട മൂക്കുള്ളവർ മികച്ച നേതാക്കന്മാർ ആയിരിക്കും. ഏത് സാഹചര്യത്തിലും നേതൃഗുണം കൈവിടാതെ അനുകൂലമായ സാഹചര്യങ്ങൾ ഒരുക്കിയെടുക്കുന്നതിൽ ഇവർ മിടുക്കരായിരിക്കും. ഇക്കൂട്ടർക്ക് ബിസിനസ്സിനോടും ഡ്രൈവിങ്ങിനോടും അതീവ താല്പര്യമുണ്ടായിരിക്കും. പ്രതിസന്ധികളെ തരണം ചെയ്ത് വിജയം കയ്യെത്തിപ്പിടിക്കാനുള്ള പ്രാപ്തി ഇവർക്കുണ്ട്.

ഉരുണ്ട് തടിച്ച മൂക്ക്
ഇത്തരം മൂക്കുള്ളവർക്ക് തന്റെ സൗന്ദര്യത്തെ മൂക്കിന്റെ ആകൃതി ബാധിക്കുമോ എന്ന ചിന്ത സ്വാഭാവികമാണ്. എന്നാൽ പ്രായോഗികബുദ്ധി ഏറെയുള്ളവരാണ് ഇക്കൂട്ടർ. തടിച്ച മൂക്ക് ഉള്ളവര്‍ക്ക് വേഗത്തില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിവുണ്ടായിരിക്കും. ഏതുകാര്യത്തിലും കൃത്യമായ സമയക്രമം പാലിക്കുന്ന ഇവർക്ക് സമയം പാഴാക്കുക എന്നത് ഇഷ്ടമല്ലാത്ത കാര്യമാണ്. വിശ്വസ്തത പുലർത്തുന്ന സ്വഭാവക്കാരാണ് ഇവർ.

ഒതുക്കമുള്ള മൂക്ക്
ഒതുക്കമുള്ള ചെറിയ മൂക്ക് ക്ഷമ, അനുകമ്പ, ലാളിത്യം എന്നിവയുടെ ലക്ഷണമാണ്. എന്നാൽ ഇക്കൂട്ടർ നിഷ്പക്ഷരും ലക്ഷ്യബോധമില്ലാത്തവരുമായിരിക്കും. സാമൂഹികമായ കാര്യങ്ങളിൽ പ്രത്യേകിച്ച് ഒരു താല്പര്യവും കാണിക്കാത്ത പ്രകൃതക്കാരായിരിക്കും ഇവർ.

English Summary:

Samudrik Shastra, your nose is also an indicator of your nature, know the big secrets related to it

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com