അഭിഷേകങ്ങളും അവയുടെ ഫലസിദ്ധിയും; വിദ്യയുണ്ടാകാൻ പനിനീർ അഭിഷേകം
Mail This Article
ക്ഷേത്രങ്ങളിൽ ഭക്തർ ഏറെ ഭക്തിയോടെ നടത്തിവരുന്ന ഒരു ചടങ്ങാണ് അഭിഷേകം. മനസ്സിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കുന്നതിനും ജീവിതത്തിൽ വിജയം കൈവരുന്നതിനുമൊക്കെയായാണ് അഭിഷേകം നടത്തുന്നത്. ആരാധന മൂർത്തിയുടെ വിഗ്രഹത്തെ ദ്രവ്യങ്ങൾ കൊണ്ട് കുളിപ്പിക്കുക എന്നതാണ് അഭിഷേകം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. . ഓരോ ക്ഷേത്രങ്ങളിലും വ്യത്യസ്തമായ അഭിഷേകങ്ങളാണ് നടത്താറുള്ളത്. അഭിഷേകങ്ങള്‍ക്ക് ചില പൊതു ഫലങ്ങളും ഉണ്ട്. വിഗ്രഹങ്ങള്‍ക്ക് അഭിഷേകത്തിലൂടെ ശക്തി വര്‍ദ്ധിക്കുമെന്നാണ് വിശ്വാസം. ഇത്തരത്തിൽ ശക്താമാകുന്ന വിഗ്രഹങ്ങളിലൂടെ കാര്യസാധ്യം ഫലമാകുമെന്നും പറയപ്പെടുന്നു.
ശബരിമലയിൽ പ്രധാനം നെയ്യഭിഷേകമാണ്. എന്നാൽ ഓരോ ക്ഷേത്രത്തിനും ആരാധനാമൂർത്തിക്കും അനുബന്ധമായി പ്രധാന അഭിഷേകങ്ങൾ വ്യത്യസ്തമായിരിക്കും. എന്നാൽ പൊതുവായി പറഞ്ഞാൽ പാൽ, പനിനീർ, നെയ്യ്, എണ്ണ തുടങ്ങിയ ദ്രവ്യങ്ങളാണ് പ്രധാനമായതും അഭിഷേകത്തിനായി പരിഗണിക്കാറുള്ളത്. പൊതുവായ ഫലസിദ്ധി പ്രകാരം, പാല്‍ അഭിഷേകം ആയുസ് വര്‍ദ്ധിപ്പിക്കും. പഞ്ചാമൃത അഭിഷേകം വിജയം നേടിത്തരുമെന്നാണ് വിശ്വാസം. പഞ്ചഗവ്യാഭിഷേകമാണ് മനസിനെ ശാന്തമാക്കുന്നത് ജീവിതത്തിൽ സുഖം , സമാധാനം എന്നിവ നൽകുന്നത് നല്ലെണ്ണ കൊണ്ടുള്ള അഭിഷേകവുമാണ്.
പാൽ അഭിഷേകം
ജീവിതത്തിൽ അനാവശ്യമായ കോപം, ധാർഷ്ട്യം എന്നിവ ഒഴിവാക്കാനും ദീർഘായുസ് ഉണ്ടാകാനും വേണ്ടിയാണ് പ്രധാനമായതും പാൽ അഭിഷേകം ചെയ്യുന്നത്. എല്ലാ ദേവതകൾക്കും പാൽ അഭിഷേകം അഭികാമ്യമാണ്.
നെയ്യഭിഷേകം
അഭിഷേകങ്ങളുടെ കൂട്ടാത്തതിൽ ഏറെ പാവനമായ ഒന്നായാണ് നെയ്യഭിഷേകത്തെ കാണുന്നത്. പ്രശ്നരഹിതമായ ജീവിതമാണ് പ്രധാന ഫലസിദ്ധിയായി കാണുന്നത്. സുരക്ഷിത ജീവിതം, മുക്തി, സന്താനഭാഗ്യം എന്നിവയും നെയ്യഭിഷേകത്തിന്റെ ഫലമാണ് .
പനിനീർ അഭിഷേകം
സുബ്രഹ്മണ്യന് പനിനീർ കൊണ്ടുള്ള അഭിഷേകം ഏറെ പ്രധാനപ്പെട്ടതാണ് . വ്യക്തിപരായ ഉയർച്ച, പേരും പ്രശസ്തിയും, സരസ്വതീകടാക്ഷം എന്നിവയെല്ലാം ഫലമാണ്. പ്രധാനമായും കുട്ടികൾക്ക് വേണ്ടിയാണ് പനിനീർ അഭിഷേകം ചെയ്യുന്നത്.
ചന്ദന അഭിഷേകം
സമ്പദ് സമൃദ്ധി, സ്ഥാനക്കയറ്റം , സത്‌കീർത്തി എന്നിവയെല്ലാമാണ് ചന്ദനം അഭിഷേകം ചെയ്‌താൽ ഉണ്ടാകുന്നത്. ഇതോടൊപ്പം പുനര്‍ജ്ജന്മം ഇല്ലാതാകും എന്നതും പ്രധാന ഫലസിദ്ധികളിൽ ഒന്നാണ്.
പഞ്ചാമൃത അഭിഷേകം
പഞ്ചാമൃത അഭിഷേകം അഞ്ച് ദ്രാവകങ്ങൾ കൊണ്ടാണ് ചെയ്യുന്നത്. ഇത് അഞ്ച് ദ്രവ്യങ്ങളെ അഞ്ച് അമൃതുകളായി കണക്കാക്കുന്നു. ഇതിൽ വെള്ളം ശുദ്ധിയേയും ശുദ്ധീകരണത്തേയും പ്രതീകപ്പെടുത്തുന്നു. പാൽ പരിശുദ്ധിയേയും പോഷണത്തേയും പ്രതിനിധീകരിക്കുന്നു. തൈര് തണുപ്പും ആശ്വാസവും സൂചിപ്പിക്കുന്നു. തേൻ മാധുര്യത്തെയും ഐക്യത്തെയും പ്രതീകപ്പെടുത്തുന്നു. നെയ്യ് അഗ്നിയുടെ ശുദ്ധീകരണവും പോഷിപ്പിക്കുന്നതുമായ ഗുണങ്ങളെ പ്രതിനിധീകരിക്കുന്നു.ദീര്‍ഘായുസ്സ്, മന്ത്രസിദ്ധി, ശരീരപുഷ്ടി എന്നിവയാണ് ഫലമായി വരുന്നത്.
ഇളനീർ അഭിഷേകം
ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്നവർ, ഗർഭാവസ്ഥയിൽ ഉള്ളവർ എന്നിവരെല്ലാം ചെയ്യേണ്ട ഒന്നാണ് ഇളനീർ അഭിഷേകം. നല്ല സന്തതികള്‍, രാജകീയപദവി എന്നിവയാണ് ഫലസിദ്ധിയായി വരുന്നത്.