നിലവിളക്കിനു പകരം വീടുകളിൽ തൂക്കുവിളക്ക് തെളിക്കാമോ?
Mail This Article
വീട്ടിൽ തൂക്കുവിളക്ക് തെളിക്കുന്നത് ഐശ്വര്യക്കേടാണെന്നു പറഞ്ഞുകേൾക്കാറുണ്ട്. ഇതിന്റെ സത്യാവസ്ഥ എന്താണ്? ക്ഷേത്രങ്ങളിലെ അലങ്കാര വിളക്കുകളിൽ ഒന്നാണ് തൂക്കുവിളക്ക്. ഉത്തരത്തിൽ നിന്ന് ചങ്ങലയിൽ കൊളുത്തി തൂക്കിയിടുന്നതിനാലാണ് ഈ പേര് വന്നത്. ക്ഷേത്രത്തിൽ ശ്രീകോവിലിനു ചുറ്റുമായും ശ്രീകോവിലിനുള്ളിൽ ഭഗവൽ വിഗ്രഹത്തിന്റെ പ്രഭകൂട്ടുന്നതിനുമായും ധാരാളം തൂക്കു വിളക്കുകൾ തെളിക്കാറുണ്ട്.
ഭവനത്തിൽ ഐശ്വര്യവും അഭിവൃദ്ധിയുമുണ്ടാവാനാണ് നാം നിത്യവും രാവിലെയും വൈകിട്ടും നിലവിളക്ക് കൊളുത്തുന്നത്. വീടുകളിൽ നിലവിളക്ക് കൊളുത്തുന്നതാണ് അത്യുത്തമം. ത്രിമൂർത്തി ചൈതന്യവും സകല ദേവതാ സാന്നിധ്യവും നിറഞ്ഞു നിൽക്കുന്ന വിളക്കാണ് നിലവിളക്ക്. അടിഭാഗം ബ്രഹ്മാവിനെയും തണ്ട് വിഷ്ണു ഭഗവാനെയും മുകൾ ഭാഗം ശിവനെയും കുറിക്കുന്നു. കൂടാതെ നിലവിളക്കിലെ നാളം ലക്ഷ്മിദേവിയെയും പ്രകാശം സരസ്വതിദേവിയെയും നാളത്തിലെ ചൂട് പാർവതീ ദേവിയെയും പ്രതിനിധീകരിക്കുന്നു. ഇതിനാലാണ് ശരീര ശുദ്ധിയോടെയും ഭക്തിയോടെയും നിലവിളക്ക് ഭവനത്തിൽ തെളിക്കണമെന്നു പറയുന്നത്.
എന്നാൽ ഒരു ദേവതാ സാന്നിധ്യവുമില്ലാത്ത അലങ്കാരത്തിന് മാത്രം ഉപയോഗിക്കുന്ന വിളക്കാണ് തൂക്കുവിളക്ക്. നിലവിളക്കിനു പകരം തൂക്കു വിളക്ക് കത്തിക്കുന്നത് കൊണ്ട് ഭവനത്തിൽ പ്രത്യേക ഐശ്വര്യമൊന്നും ലഭിക്കുകയില്ല. പണ്ടുകാലങ്ങളിൽ വൈദ്യുതിയില്ലായിരുന്ന സമയത്ത് വെളിച്ചത്തിനായി ആശ്രയിച്ചിരുന്നത് തൂക്കുവിളക്കിനെയായിരുന്നു. ഭവനത്തിൽ നിലവിളക്ക് കൊളുത്തിയ ശേഷം വെളിച്ചത്തിനോ അലങ്കാരത്തിനോ ആയി തൂക്കുവിളക്ക് കത്തിക്കുന്നതിൽ തെറ്റില്ല.