ജീവിതത്തിൽ ഉയർച്ചയും മനഃശാന്തിയും നേടാൻ നവഗ്രഹങ്ങൾക്ക് ഇഷ്ട പുഷ്പം സമർപ്പിക്കാം
Mail This Article
ജീവിതത്തിൽ പലവിധ കയറ്റിറക്കങ്ങൾ സ്വാഭാവികമാണ്. ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ സുഖദുഃഖങ്ങൾ നക്ഷത്രപ്രകാരം നവഗ്രഹങ്ങളുടെ സ്ഥാനത്തെയും പ്രീതിയെയും ആശ്രയിച്ചിരിക്കും എന്നാണ് ജ്യോതിഷശാസ്‌ത്രം പറയുന്നത്. മാനസികമായി അനുഭവപ്പെടുന്ന വ്യാകുലതകൾ , അനാവശ്യമായ ടെൻഷൻ, ഭീതി, അകാരണമായ ഭയം തുടങ്ങിയവ നീങ്ങുന്നതിനായി ആദിത്യൻ, ചന്ദ്രൻ, കുജൻ, ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു തുടങ്ങിയ നവഗ്രഹങ്ങൾക്ക് ഇഷ്ടപുഷ്പങ്ങൾ സമർപ്പിക്കുന്നത് ഉത്തമമാണെന്ന് കരുതപ്പെടുന്നു. ഇതിലൂടെ നവഗ്രഹങ്ങളുമായി ബന്ധപ്പെട്ട ദോഷങ്ങൾ ഇല്ലാതാകുകയും ജീവിതത്തിൽ ഉയർച്ച ഫലമാകുകയും ചെയ്യുമെന്നാണ് വിശ്വാസം.
സൂര്യൻ
ഹൈന്ദവ വിശ്വാസപ്രകാരം കശ്യപ പ്രജാപതിക്ക് അദിതിയിൽ ജനിച്ച 12 ആദിത്യന്മാരിൽ ഒരാളാണ് സൂര്യൻ. ചിങ്ങം രാശിയുടെ അധിപനാണ് സൂര്യൻ. സൂര്യന് മേടം ഉച്ചരാശിയും തുലാം നീചരാശിയുമാണ്. ഈ രാശിയിൽ ജനിച്ചവര്‍ക്ക് തേൻ നിറമുള്ള കണ്ണുകൾ, ചതുഷ്കോണ ശരീരം, പിത്തപ്രകൃതി, നീളം കുറഞ്ഞ ന്മുടി എന്നിവ കാണുന്നു. സൂര്യനെ പ്രീതിപ്പെടുത്തുന്നതിനായി ചെന്താമര, ചെമ്പരത്തി, ചുവന്ന തെറ്റി, കൂവളത്തിലമാല എന്നിവ സമർപ്പിക്കുന്നത് ഉത്തമമാണ്.
ചന്ദ്രൻ
ജ്യോതിശാസ്ത്ര പ്രകാരം കാലപുരുഷൻ്റെ മനസാണ് ചന്ദ്രൻ. എല്ലാ നക്ഷത്രങ്ങളിലും ചന്ദ്രന് പൂര്‍ണ ആധിപത്യം ഉണ്ട്. ചന്ദ്രനെ പ്രീതിപ്പെടുത്തുന്നതിനായി മുല്ല, നന്ത്യാർവട്ടം, മന്ദാരം, വെള്ളത്താമരമാല എന്നിവ ഉത്തമമായി കണക്കാക്കപ്പെടുന്നു.
ചൊവ്വ
ചൊവ്വ എന്നത് കുജൻ എന്നും അറിയപ്പെടുന്നു. നവഗ്രഹങ്ങളിലെ രണ്ടാമത്തെ ഏറ്റവും ചെറിയ ഗ്രഹമാണ് കുജൻ. ചൊവ്വയുടെ ദോഷവശങ്ങൾ പ്രധാനമായും വിവാഹത്തെയാണ് ബാധിക്കുന്നത്. ചുവന്ന താമര, ചെമ്പരത്തിമാല എന്നിവയാണ് ചൊവ്വയ്ക്ക് പ്രിയം.
ബുധൻ
വിദ്യയുമായി ബന്ധപ്പെട്ട ഗ്രഹമാണ് ബുധൻ. ഏറ്റവും ചെറിയതും സൂര്യനോട് അടുത്ത നിൽക്കുന്ന ഗ്രഹമാണ് ബുധൻ. പച്ചനിറമുള്ള പൂക്കൾ, തുളസിമാല എന്നിവയാണ് ബുധന് പ്രിയപ്പെട്ട പുഷ്പങ്ങൾ.
വ്യാഴം
ജ്യോതിഷത്തിൽ വ്യാഴത്തിന് ഗുരുവിൻ്റെ സ്ഥാനമാണ്. മതം, തത്ത്വചിന്ത, അറിവ്, സന്തതി എന്നിവയെ ഇത് പ്രധീനിധീകരിക്കുന്നു. കുട്ടികൾ ഉണ്ടാകുന്നതിൽ തടസ്സങ്ങൾ, വയറുമായി ബന്ധപ്പെട്ട രോഗങ്ങൾ, അമിതവണ്ണം എന്നിവയെല്ലാം വ്യാഴത്തിന്റെ ദോഷഫലങ്ങളാണ്. വ്യാഴത്തെ പ്രീതിപ്പെടുത്തുന്നതിനായി മന്ദാരം, അരളി, ചെമ്പകപ്പൂമാല എന്നിവ ഉത്തമമാണ്.
ശുക്രൻ
ഭാഗ്യഗ്രഹമായാണ് ശുക്രനെ കണക്കാക്കുന്നത്. ജീവിത പങ്കാളി, പ്രതാപം, ഫലഭൂയിഷ്ഠത, ഇന്ദ്രിയചിന്തകൾ എന്നിവയെല്ലാം ശുക്രനെ പ്രതിനിധീകരിക്കുന്നു. ജാതകത്തിൽ ശുക്രന്റെ ദുർബലമായ സ്ഥാനം സാമ്പത്തിക ക്ലേശം, ദാമ്പത്യ സുഖ കുറവ്, പ്രമേഹം, ലൗകിക സന്തോഷം എന്നിവ കുറയുന്നതിന് കാരണമാകും. ഫലമോ മാനസിക സങ്കർഷം. ശുക്രനെ പ്രീതിപ്പെടുത്തുന്നതിനായി നന്ത്യാർവട്ടം, വെള്ളശംഖുപുഷ്പം എന്നിവ സമർപ്പിക്കാം.
ശനി
കഷ്ട നഷ്ടങ്ങളുടെ ദേവനായാണ് ശനിയെ കണക്കാക്കുന്നത്. ശനി എല്ലാവർക്കും ദോഷം ചെയ്യില്ല എന്നതാണ് വാസ്തവം. ശനിദോഷ കാലത്ത് കടബാധ്യത, അനാരോഗ്യം, ദുരിതം,മരണം, അപകടം, മനഃപ്രയാസം എന്നിവയെല്ലാം സംഭവിക്കാൻ സാധ്യത വളരെ കൂടുതലാണ്.ശനിയെ സന്തോഷിപ്പിക്കുന്നതിനായി നീലശുഖുപുഷ്പം, നീലചെമ്പരത്തി, കരിങ്കൂവളമാല എന്നിവ സമർപ്പിക്കാം
രാഹു
രാഹു എപ്പോഴും കേതുവിനൊപ്പമാണ് നില്‍ക്കുന്നത്. ഇത് ഒരു രു നിഴല്‍ ഗ്രഹമായാണ് പ്രവര്‍ത്തിക്കുന്നതും. രാഹുവിന് ശാരീരിക രൂപമില്ല. ജോലിയില്‍ അലസത, കാലതാമസം, തടസ്സങ്ങള്‍ എന്നിവ ഉണ്ടാക്കുന്ന ഒരു ഗ്രഹമായാണ് രാഹുവിനെ കണക്കാക്കപ്പെടുന്നത്. രാഹുവിനെ പ്രീതിപ്പെടുത്തുന്നതിനായി കരിങ്കൂവളം, നീലച്ചെമ്പരത്തി, കൂവളമാല എന്നിവ നല്ലതാണ്.
കേതു
ജാതകത്തില്‍ കേതു ദുര്‍ബ്ബലനാണെങ്കില്‍ ഏകാഗ്രതയും ആത്മവിശ്വാസവും നഷ്ടമാവും.ജാതകത്തില്‍ കേതു ശുഭസ്ഥാനത്താണെങ്കില്‍ നല്ലഫലങ്ങള്‍ ഉണ്ടാകുകയും ചെയ്യും. അതിനാൽ കേതുവിനെ പൂക്കൾ കൊണ്ട് പ്രീതിപ്പെടുത്തുന്നത് ഉത്തമമാണ്. ചുവന്നതാമര, ചെമ്പരത്തി, തെറ്റിപ്പൂമാല എന്നിവയാണ് കേതുവിന്റെ പ്രിയപ്പെട്ട പുഷ്പങ്ങൾ.