ADVERTISEMENT

തഞ്ചാവൂരിലോ മധുരയിലോ എത്തിയ പോലെ തോന്നാം, പക്ഷെ സ്ഥലം തമിഴ്നാടല്ല കോട്ടയം ജില്ലയിലെ കറുകച്ചാലാണ്. തഞ്ചാവൂർ ശൈലിയിൽ ഇവിടെയൊരു ക്ഷേത്രമുണ്ട് - പരപ്പുകാട് ശ്രീ മഹാദേവീ ക്ഷേത്രം. ശ്രീ മഹാദേവനും ​ദുർ​ഗാ ദേവിയും ഉമാമഹേശ്വര സങ്കൽപത്തിൽ ഒരു ശ്രീകോവിലിൽ കുടികൊള്ളുന്ന അപൂർവ്വ ക്ഷേത്രങ്ങളിലൊന്നാണിത്. തഞ്ചാവൂരിൽ നിന്നുള്ള ശില്പികൾ 15 വർഷമെടുത്താണ് ഈ ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.

കോട്ടയം - പത്തനംതിട്ട ജില്ലകളുടെ അതിർത്തിയിൽ അതിവിസ്തൃതവും പ്രകൃതി രമണീയവുമായ ​ഗ്രാമാന്തരീക്ഷത്തിലുമാണ് ക്ഷേത്ര സമുച്ചയം നിലനിൽക്കുന്നത്. പ്രധാന രാജഗോപുരത്തിന് 83 അടി ഉയരമുണ്ട്. ദേവീ ദേവന്മാരുടെയും ഉപദൈവങ്ങളുടെയും ശില്പങ്ങൾ കൊത്തു പണികളാൽ ഈ ക്ഷേത്ര ​ഗോപുരങ്ങളെ അലങ്കൃതമാക്കുന്നു. കേരളത്തിലെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്നു കൂടിയാണ് പരപ്പുകാട് ശ്രീ മഹാദേവീ ക്ഷേത്രം. കറുകച്ചാൽ പഞ്ചായത്തിലെ പത്താം വാർഡിൽ മാമുണ്ട എന്ന സ്ഥലത്താണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്. ചങ്ങാനാശ്ശേരി - മല്ലപ്പള്ളി റോഡിൽ ശാന്തിപുരം കവലയിൽ നിന്നും ഒരു കിലോമീറ്റർ തെക്കോട്ടു സഞ്ചരിച്ചാൽ ഈ ക്ഷേത്രത്തിലെത്താം. 1998 ൽ ചെങ്കോട്ടുകോണം മഠാധിപതി സ്വാമി സത്യാനന്ദ സരസ്വതിയാണ് ക്ഷേത്രത്തിന്റെ ശിലാന്യാസം നടത്തിയത്.

parappukadu-devi-temple
പത്തു ശ്രീകോവിലുകളിലായി 12 മൂർത്തികളുടെ പ്രതിഷ്ഠകളാണ് ഈ ക്ഷേത്രത്തിലുള്ളത്. ചിത്രം∙ മനോരമ

ശ്രീരാമ ചന്ദ്രന്റെ പന്ത്രണ്ടേകാൽ അടി ഉയരമുള്ള ഒറ്റ കൃഷ്ണശിലയിൽ തീർ‌ത്ത വി​ഗ്രഹവും, ഹനുമാൻ സ്വാമിയുടെ ഏഴേകാൽ അടി ഉയരമുള്ള വി​ഗ്രഹവും ക്ഷേത്രത്തിന്റെ പ്രധാന പ്രത്യേകതകളാണ്. തമിഴ്‍നാട്ടിലെ കലാ​ഗ്രാമമായ മൈലാടിയിൽ നിന്നാണ് ഈ വി​ഗ്രഹങ്ങളെല്ലാം എത്തിച്ചത്. പത്തു ശ്രീകോവിലുകളിലായി 12 മൂർത്തികളുടെ പ്രതിഷ്ഠകളാണ് ഈ ക്ഷേത്രത്തിലുള്ളത്. അചാര്യ​ഗുരു - ഭദ്രകാളി, ശ്രീരാമചന്ദ്രൻ, ഹനുമാൻ, മൃത്യുഞ്ജയമൂർത്തി, ഗണപതി, ശ്രീധർമ്മശാസ്താവ്, സുബ്രഹ്മണ്യസ്വാമി, ധന്വന്തരീമൂർത്തി, സരസ്വതിദേവി എന്നീ മൂർത്തികളാണ് മറ്റ് പ്രതിഷ്ഠകൾ.

parappukadu-devi-temple3
ദേവീ ദേവന്മാരുടെയും ഉപദൈവങ്ങളുടെയും ശില്പങ്ങൾ കൊത്തു പണികളാൽ ഈ ക്ഷേത്ര ​ഗോപുരങ്ങളെ അലംകൃതമാക്കുന്നു. ചിത്രം∙ മനോരമ

ഉമാമഹേശ്വര പൂജയും സ്വയംവര മന്ത്രാർച്ചനയും ഇവിടുത്തെ പ്രധാന പൂജകളാണ്.ക്ഷേത്രത്തിനുള്ളിലും മനോഹരമായ ശില്പങ്ങളും കൊത്തുപണികളും കാണാം. അതുല്യമായ വാസ്തുശില്പ കലയാലും വിസ്മയിപ്പിക്കുന്ന ഘടനകൊണ്ടും അതി മനോഹരമാണ് ഇവയെല്ലാം. കേരളത്തിലെ അത്യപൂർവ്വ ക്ഷേത്രങ്ങളിലൊന്നായി പരപ്പുകാട് ശ്രീ മഹാദേവീ ക്ഷേത്രം ഇന്ന് മാറിക്കഴിഞ്ഞു. പല നാടുകളിൽ നിന്നായി നിരവധി ആളുകൾ ദിവസവും ഈ ക്ഷേത്രത്തിലേക്കെത്തുന്നുണ്ട്.

English Summary:

Parappukadu devi temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com