രോഗശാന്തിക്ക് ഉത്തമം മൃത്യുഞ്ജയ മന്ത്രമോ ധന്വന്തരീ മന്ത്രമോ?
Mail This Article
ശാരീരികമായി പലവിധ അസ്വസ്ഥതകൾ ഉണ്ടാകുമ്പോഴാണ് പലരും വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നത്. ആരോഗ്യം, ആയുസ് എന്നിവ അത്രയ്ക്ക് പ്രധാനപ്പെട്ട കാര്യമായതിനാൽ തന്നെ ക്ഷേത്രങ്ങളിൽ ആയുസിനും ആരോഗ്യത്തിനും വേണ്ടി മൃത്യുഞ്ജയ പുഷ്പാഞ്ജലിയും മൃത്യുഞ്ജയ ഹോമവുമെല്ലാം നടത്താറുണ്ട്. എന്നാൽ രോഗാവസ്ഥയിലുള്ള ഒരു വ്യക്തിക്ക് മാനസികമായും ശാരീരികമായും സുഖപ്രാപ്തി ഉണ്ടാകുന്നതിനായി മൃത്യുഞ്ജയ മന്ത്രമല്ല ജപിക്കേണ്ടതെന്ന് പലർക്കും അറിയില്ല.
മൃത്യുഞ്ജയ മന്ത്രം മൃത്യുവിനെ അകറ്റി നിർത്തും. എന്നാൽ രോഗാവസ്ഥയിൽ മാറ്റം ഉണ്ടാകണമെങ്കിൽ ധന്വന്തരി മന്ത്രം തന്നെ ജപിക്കണം. ആയുസ്സിന്റെയും ആരോഗ്യത്തിന്റെയും ദേവതയാണ് ധന്വന്തരി. ആയുസിന്റെ രഹസ്യമടങ്ങിയ ആയുർവേദത്തിന്റെ അധിപനും ഉപാസനാ മൂർത്തിയുമാണ് ധന്വന്തരി. അതിനാൽ ആരോഗ്യസംബന്ധമായ വിഷയങ്ങൾക്ക് ഉപാസിക്കേണ്ടത് ധന്വന്തരി മൂർത്തിയെയാണ്. ദേവന്മാർ പോലും ആരാധിക്കുന്ന ദേവനാണ് ധന്വന്തരി.
രോഗശാന്തിക്ക് അത്യുത്തമമാണ് ധന്വന്തരിമന്ത്രജപം. അസുഖങ്ങൾ ഒന്നുമില്ലെങ്കിലും എന്നും നല്ല ആരോഗ്യം നിലനിൽക്കുന്നതിനായി ധന്വന്തരി മന്ത്രം നിത്യവും രാവിലെയും വൈകുന്നേരവും 21 പ്രാവശ്യത്തില്‍ കുറയാതെ ജപിക്കാം. ഇത്തരത്തിൽ ഭക്‌തിപൂര്‍വം ജപിച്ചാല്‍ സര്‍വ്വരോഗങ്ങളും ശമിക്കും എന്നാണ് വിശ്വാസം, പൂർണാരോഗ്യം നിലനിൽക്കുകയും ചെയ്യും.
മാറാരോഗങ്ങള്‍, അപകടങ്ങളില്‍നിന്ന് രക്ഷ, തുടങ്ങിയവയെല്ലാം ഈ മന്ത്രത്തിലൂടെ മാറും എന്നത് മാത്രമല്ല, സമൂലമായ അഭിവൃദ്ധിക്കും ഇത് കാരണമാകും. തൊഴില്‍, ധനം, വീട്, വാഹനങ്ങള്‍ എന്നിവയെല്ലാം ജീവിതത്തിൽ ധന്വന്തരി മൂർത്തിയുടെ അനുഗ്രഹത്താൽ സാധ്യമാകും. പാലാഴിമഥനസമയത്ത് കൈകളിൽ അമൃതകുംഭവുമായി ഉയർന്നുവന്ന മഹാവിഷ്ണുവിന്റെ അവതാരമാണ് ധന്വന്തരി മൂർത്തി എന്നതിനാൽ തന്നെ വിഷ്ണു പൂജയുടെ ഫലങ്ങളും ലഭിക്കുന്നു.
കൃഷ്ണതുളസി, മന്ദാരം, ചെത്തി എന്നീ പുഷ്പങ്ങൾ കൊണ്ട് ആരാധിക്കുന്നതും പാൽപ്പായസം ,കദളിപ്പഴം എന്നിവ നിവേദിക്കുന്നതും ഗുണം ചെയ്യും. ഗായത്രീ മന്ത്രജപത്തിനു ശേഷം വേണം ധന്വന്തരി ജപിക്കുവാൻ.
ധന്വന്തരിമന്ത്രം
ഓം നമോ ഭഗവതേ വാസുദേവായ
ധന്വന്തരമൂര്‍ത്തേ അമൃതകലശഹസ്‌തായ
സര്‍വ്വാമയ വിനാശായ
ത്രൈലോക്യ നാഥായ മഹാവിഷ്‌ണുവേ സ്വാഹഃ
സര്‍വ്വരോഗ ശമനമന്ത്രം
ശ്രീ ശുകഋഷിഗായത്രീഛന്ദഃ
ദക്ഷിണാമൂര്‍ത്തിരുദ്രോ ദേവതാഃ
ഓം ഹ്രീം ദക്ഷിണാമൂര്‍ത്തയേ
ത്രിനേത്രായ ത്രികാല ജ്‌ഞാനായ
സര്‍വ്വ ശത്രുഘ്‌നായ
സര്‍വ്വാപസ്‌മാര വിദാരണായ
ദാരയ ദാരയ മാരയമാരയ
ഭസ്‌മീകുരു ഭസ്‌മീകുരു
ഏഹ്യേഹി ഹും ഫട് സ്വാഹ