ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര ഉത്സവം; ഭക്തി സാന്ദ്രമായി കൊടിക്കൂറ, കൊടിക്കയർ സമർപ്പണം
Mail This Article
ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര ഉത്സവത്തിനു വിളംബരമറിയിച്ചു കൊണ്ടുള്ള കൊടിക്കൂറ, കൊടിക്കയർ സമർപ്പണം ഭക്തി സാന്ദ്രമായി. ചെങ്ങളം വടക്കത്തില്ലത്ത് ഗണപതി നമ്പൂതിരി നിർമിച്ച കൊടിക്കൂറ ഇന്നലെ വൈകുന്നേരം 3.30നു ഏറ്റുമാനൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ശ്യാം പ്രകാശ്, അഡ്വക്കറ്റ് കമ്മിഷണർ എഎസ്പി കുറുപ്പ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. തുടർന്നു ദേവസ്വം ബോർഡ് അധികൃതർ, ക്ഷേത്രോപദേശക സമിതിയംഗങ്ങൾ, വിവിധ ഹൈന്ദവ സംഘടനകൾ, ഭക്തജനങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ഘോഷയാത്ര ആരംഭിച്ചു. ഭജന, വാദ്യമേളം, ചെണ്ട മേളം, രാമനാമ സങ്കീർത്തനങ്ങൾ തുടങ്ങിയവ ഘോഷയാത്രയ്ക്കു അകമ്പടിയായി. അലങ്കരിച്ച രഥത്തിൽ എത്തിയ കൊടിക്കൂറയ്ക്കു നാടെങ്ങും സ്വീകരണങ്ങൾ ഒരുക്കിയിരുന്നു.
അയ്മനം നരസിംഹ ക്ഷേത്രം, ഗുരുമന്ദിരം, വാസുദേവ പുരം, ആർപ്പൂക്കര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, കൈപ്പുഴ ശാസ്താങ്കൽ ക്ഷേത്രം, ഗുരുദേവ ക്ഷേത്രം, വിഷ്ണുപുരം മഹാവിഷ്ണു ക്ഷേത്രം, കുറ്റ്യാനിക്കുളങ്ങര ദേവി ക്ഷേത്രം, നീണ്ടൂർ ഗുരുമന്ദിരം, സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ഏറ്റുമാനൂർ ഗുരുദേവ ക്ഷേത്രം തുടങ്ങി വിവിധ ക്ഷേത്രങ്ങളിൽ സ്വീകരണം നൽകി. അതിരമ്പുഴയിൽ ഓട്ടോറിക്ഷാ തൊഴിലാളികളും, വ്യാപാരികളും നാട്ടുകാരും ചേർന്നു നൽകിയ സ്വീകരണത്തിനു ശേഷം ഏറ്റുമാനൂർ സെൻട്രൽ ജംക്‌ഷനിലെത്തിയ രഥഘോഷയാത്രയ്ക്ക് നഗരസഭ അധ്യക്ഷ ലൗലി ജോർജ് പടികരയുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ പൗരാവലി സ്വീകരണം നൽകി. തുടർന്നു ആറാട്ട് എതിരേൽപ് മണ്ഡപത്തിലേക്ക് ആനയിച്ചു. ഘോഷയാത്രയെ സ്വീകരിക്കാൻ നൂറ് കണക്കിനു ഭക്തരാണ് റോഡിനു ഇരുവശവുമായി കാത്തു നിന്നത്.
ഏറ്റുമാനൂർ മാരിയമ്മൻ കോവിലിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള എതിരേൽപ് ഘോഷയാത്രയും ഈ സമയം ആറാട്ട് എതിരേൽപ് മണ്ഡപത്തിൽ എത്തിയിരുന്നു. രാത്രി 9തോടെ രഥഘോഷയാത്ര ക്ഷേത്ര സന്നിധിയിലെത്തി. തുടർന്നു കൊടിമരച്ചുവട്ടിൽ കൊടിക്കൂറ, കൊടിക്കയർ സമർപ്പണം നടന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം അഡ്വക്കറ്റ് കമ്മിഷണർ എഎസ്പി കുറുപ്പിന്റെ മേൽനോട്ടത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. 11നു ഏറ്റുമാനൂർ ഉത്സവം കൊടിയേറും. 18നാണ് ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം, 20നു ആറാട്ടോടെ ഉത്സവം സമാപിക്കും.