ഏറ്റുമാനൂർ ഉത്സവം; സർവൈശ്വര്യ സിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം
Mail This Article
കോട്ടയം ജില്ലയിലെ പ്രധാന ശിവക്ഷേത്രങ്ങളിൽ ഒന്നായ ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഫെബ്രുവരി 11 ഞായറാഴ്ച കൊടിയേറും. പ്രസിദ്ധമായ ആറാട്ട് 20 ന് ചൊവ്വാഴ്ചയാണ് നടക്കുക. തിരുവുത്സവം തുടങ്ങി എട്ടാം നാൾ ഏഴരപ്പെന്നാന ദർശനം ഉണ്ടാകും. അഭീഷ്ട ഫലസിദ്ധിക്കും സർവ ഐശ്വര്യങ്ങളും കൈവരാനും ഏഴരപ്പെന്നാന ദർശനം കൊണ്ട് കഴിയുമെന്നാണ് വിശ്വാസം.
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ അമൂല്യവും അപൂര്വവുമായ കാഴ്ചയയാണ് ഏഴരപ്പെന്നാന ദർശനം വിലയിരുത്തപ്പെടുന്നത്. കൊടിയേറി എട്ടാം ഉത്സവ ദിനമായ കുംഭത്തിലെ രോഹിണി നാളിൽ ഏഴരപ്പൊന്നാന ദർശനം നടക്കും. ഏഴ് വലിയ ആനകളുടെയും ഒരു ചെറിയ ആനയുടെയും സ്വർണ്ണത്തിലുള്ള പൂർണ്ണരൂപത്തിലെ പ്രതിമകളാണ് ഏഴരപ്പൊന്നാന കൊണ്ട് ഉദ്ദേശിക്കുന്നത്. അർദ്ധരാത്രി പടിഞ്ഞാറെ മൂലയിലെ ആസ്ഥാന മണ്ഡപത്തിൽ നിന്നുള്ള എഴുന്നള്ളിപ്പോടെയാണ് ഏഴരപ്പെന്നാന ദർശനം നടക്കുക.
ഏറെ പ്രത്യേകതകളുള്ള ശില്പമാണ് ഏഴരപ്പൊന്നാന. പ്ലാവിൻ നിർമ്മിച്ച ഈ ആനകളെ എട്ടര മാറ്റുള്ള സ്വർണം കൊണ്ട് പൊതിഞ്ഞിരിക്കുന്നു. ഏഴരപ്പൊന്നാനകൾ അഷ്ടദിക്ക് ഗജങ്ങളെ പ്രതിനിധീകരിക്കുന്നു. ഐരാവതം, പുണ്ഡീരകം, കൗമുദം, അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാർവഭൗമൻ, വാമനൻ എന്നിവയാണ് ദിക്ക്ഗജങ്ങൾ. ഇതിൽ വാമനരൂപം ചെറുത് എന്ന് കണക്കാക്കിയാണ് അര എന്ന സങ്കൽപ്പത്തിൽ ചെറിയ ആന രൂപം ഉൾപ്പെടുത്തിയിരിക്കുന്നത്.
മാർത്താണ്ഡവർമ്മ വടക്കുംകൂർ രാജ്യം ആക്രമിച്ചപ്പോൾ ഏറ്റുമാനൂർ ക്ഷേത്രം സ്വത്തുകൾക്കും സങ്കേതത്തിനും ധാരാളം നാശനഷ്ടങ്ങൾ സംഭവിച്ചു. ഇതേതുടർന്ന് ഏറ്റുമാനൂരപ്പന്റെ അനിഷ്ടം ഭയന്ന് പ്രായശ്ചിത്തമായി മഹാരാജാവ് നടയ്ക്കു വച്ചതാണ് ഈ ഏഴരപ്പൊന്നാനകൾ എന്നാണ് വിശ്വാസം.ത്നഅലക്കുകളുള്ള പൊന്നിൻകുട, നെന്മാണിക്യം, രത്നംപതിച്ച വലംപിരിശംഖ്, കരിങ്കൽ നാഗസ്വരം, സ്വർണവിളക്ക്, സ്വർണകുടങ്ങൾ എന്നിവയെല്ലാം ഏറ്റുമാനൂർ ക്ഷേത്രത്തിലെ ദേവനുണ്ട്.
തിരുവുത്സവ സമയത്ത് ഏഴരപ്പൊന്നാന ദർശനം നടത്താൻ കഴിയുന്നത് ഭാഗ്യമായി കണക്കാക്കപ്പെടുന്നു. ജീവിതത്തിലെ അനിഷ്ട കാലങ്ങൾക്ക് ശമനം ഉണ്ടാകുകയും ഭാവിയിൽ സമൃദ്ധിയും സമാധാനവും നിറഞ്ഞ ജീവിതം ഉണ്ടാകുകയും ചെയ്യും എന്നാണ് വിശ്വസിക്കപ്പെടുന്നത്. അതിനാൽ പതിനായിരക്കണക്കിന് ജനങ്ങളാണ് ക്ഷേത്രത്തിൽ അന്നേ ദിവസം എത്തിച്ചേരുന്നത്.