വ്രതശുദ്ധിയുടെ നിറവിൽ പൊങ്കാല സമർപ്പണം; പൊങ്കാലയിടുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
Mail This Article
വ്രതശുദ്ധിയുടെ നിറവാണു പൊങ്കാല സമർപ്പണം. മനസ്സും ശരീരവും ആറ്റുകാലമ്മയിൽ അർപ്പിച്ചു കഠിന വ്രതം നോറ്റാണ് ഓരോ ഭക്തരും പൊങ്കാലയർപ്പിക്കാനെത്തുന്നത്. ഇഷ്ടവരം നേടുന്നതിനും ആയുരാരോഗ്യ സൗഖ്യത്തിനുമായി തികഞ്ഞ വ്രതശുദ്ധിയോടെ പൊങ്കാലയർപ്പണം നടത്തണമെന്നതു പാരമ്പര്യമായി കൈമാറിവരുന്ന സങ്കൽപ്പമാണ്.
മത്സ്യവും ലഹരി പദാർഥങ്ങളും പൂർണമായി ഒഴിവാക്കി വേണം പൊങ്കാല വ്രതം നോക്കാൻ. കുറഞ്ഞതു മൂന്നു ദിവസമെങ്കിലും വ്രതമെടുക്കണം. എല്ലാ ലൗകിക ചിന്തകളും ഉപേക്ഷിച്ചു ദേവീ സന്നിധിയിൽ മനസ്സർപ്പിച്ചു വേണം വ്രതമെടുക്കാൻ. ദേവീ സ്തോത്രങ്ങൾ ചൊല്ലുന്നതും ക്ഷേത്ര ദർശനം നടത്തുന്നതും ഉത്തമം. പൊങ്കാല തുടങ്ങും മുൻപ് സമീപത്തുള്ള ഗണപതി, ശിവ, ശാസ്താ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും നല്ലതാണെന്നു പഴമക്കാർ പറയുന്നു. എന്നാൽ പൊങ്കാല സമർപ്പിച്ചശേഷം മറ്റു ക്ഷേത്രങ്ങളിൽ പോകാൻ പാടില്ല എന്നാണു വിശ്വാസം. കിഴക്കു ദിക്കിന് അഭിമുഖമായി പൊങ്കാലയിടുന്നതാണു കൂടുതൽ ഉത്തമം.
തെക്ക് ദിശയ്ക്ക് അഭിമുഖമായി പൊങ്കാലയിടുന്നത് ഗുണകരമല്ല. വ്രതശുദ്ധിക്കും ആചാരങ്ങൾക്കും പുറമെ ശരീരശുദ്ധിയും മനശുദ്ധിയും പ്രധാനമാണ്. പുതിയ വസ്ത്രങ്ങളാണു പൊങ്കാലിടുന്നവർ ധരിക്കുന്നത്. ഇതിനു സാധിക്കാത്തവർ അലക്കിയ വസ്ത്രങ്ങളും ഉപയാഗിക്കാം. സൂര്യനെ സാക്ഷിയാക്കി അമ്മയ്ക്കു സമർപ്പിക്കുന്നതാണു പൊങ്കാല. പുതിയ മൺകലം സൂര്യതേജസിനെ സൂചിപ്പിക്കുന്നു അതിനാൽ പുതിയ മൺകലം തന്നെ പൊങ്കാലയ്ക്ക് ഉപയോഗിക്കണം. ഉണക്കലരി, നാളികേരം, ശർക്കര, ചെറുപഴം, തേൻ, നെയ്യ്, പഞ്ചസാര, കൽക്കണ്ടം, ഉണക്ക മുന്തിരിങ്ങ, അണ്ടിപരിപ്പ് എന്നിവയാണു പൊങ്കാല പായസത്തിനു ഉപയോഗിക്കുന്നത്.
ആദ്യം നിലവിളക്കു തെളിച്ചു പടുക്കവയ്ക്കണം. അടുപ്പ് തീർഥം തളിച്ചു ശുദ്ധിയാക്കണം. വൃത്തിയുള്ള വിറകുവേണം പൊങ്കാല തയാറാക്കാൻ ഉപയോഗിക്കേണ്ടത്. ദേവീ പ്രസീദ..ദേവീ പ്രസീദ.. .. എന്നു ജപിച്ചുകൊണ്ട് അരി ഇടുന്നതാണു നല്ലത്. സർവ മംഗളമംഗല്യേ, ശിവേ സർവാർഥ സാധികേ.. .. എന്നുതുടങ്ങുന്ന മന്ത്രവും ജപിക്കാം. തേങ്ങയും ശർക്കരയും വീട്ടിൽ നിന്നു തയാറാക്കി കൊണ്ടുപോകുന്നത് ഉത്തമമല്ല. പൊങ്കാല തിളച്ചു തൂവണം എന്നാണു ശാസ്ത്രം.
തിളച്ചു തൂവുന്നതു വരാനിരിക്കുന്ന അഭിവൃദ്ധിയുടെ സൂചനയാണ്. ഏതു ദിശയ്ക്ക് അഭിമുഖമായിട്ടാണോ പൊങ്കാലയിടുന്നത് ആ ദിശയിലേക്കു പൊങ്കാല തൂകിയാൽ ഫലപ്രാപ്തി എന്നാണു വിശ്വാസം. പൊങ്കാല സമർപ്പണം ആരംഭിക്കുന്നതിനു മുന്നോടിയായി കത്തിക്കുന്ന നിലവിളക്ക് നിവേദ്യം കഴിഞ്ഞു പൂവ് കൊണ്ടു കെടുത്തണം.
പൊങ്കാലയ്ക്കൊപ്പം വെള്ള നിവേദ്യം നിവേദിച്ചാൽ ആഗ്രഹ സാഫല്യം ലഭിക്കുമെന്നാണു വിശ്വാസം. പൊങ്കാല ഇടുന്നവർ നിവേദ്യം മാത്രം കഴിച്ചു തൊട്ടടുത്ത ദിവസം വരെ വ്രതം തുടരണം. ഏതെങ്കിലും ക്ഷേത്രത്തിൽ പോയി തൊഴുതു വ്രതം മുറിക്കുന്നതാണു നല്ലത്.കൂടാതെ നിവേദ്യത്തിന്റ ഒരു പങ്ക് പൊങ്കാല സമർപ്പണത്തിനു പോകാൻ കഴിയാത്തവർക്കും മറ്റും നൽന്നതും ഉത്തമമെന്നാണു മറ്റൊരു വിശ്വാസം.