ആറ്റുകാൽ പൊങ്കാലയ്ക്ക് മലയാളത്തിന്റെ പ്രിയതാരം ജലജയും; പൊങ്കാലയുടെ ഭാഗമാകാൻ കഴിയുന്നത് ഭാഗ്യം
Mail This Article
അമ്മയില്ലാതൊരു ദൈവമുണ്ടോയെന്ന ചോദ്യമാണ് ഭക്തിയുടെ കൊടുമുടിയിൽ പൊങ്കാലയിടാൻ തയാറായി നിൽക്കുന്ന മലയാളസിനിമയുടെ ദുഖ:പുത്രി നടി ജലജയ്ക്കുള്ളത്. പൊങ്കാലയിലെ സ്ഥിരം താരപകിട്ടായ നടി ചിപ്പിയ്ക്കൊപ്പം പൊങ്കാലയിടാൻ ജലജ നാളെ ആറ്റുകാലിലെത്തും. പൊങ്കാല വാക്കുകൾക്കു അതീതമായി അനുഭൂതിയാണെന്ന് ജലജ മനോരമ ഓൺലൈനിനോട് പറഞ്ഞു. ആറ്റുകാലമ്മ തന്ന അനുഗ്രഹങ്ങൾക്കുള്ള നന്ദിയാണ് തിരികെ പൊങ്കാലയായി സമർപ്പിക്കുന്നത്. പ്രത്യേകിച്ച് ഒന്നിനും വേണ്ടി പ്രാർഥിക്കില്ല. ലോകത്ത് എല്ലാവർക്കും നല്ലതു വരുത്തേണയെന്നു മാത്രമാണ് പ്രാർഥന. പൊങ്കാലയിടാൻ വരുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നത് ദേവിയിലുള്ള വിശ്വാസം വർധിക്കുന്നതു കൊണ്ടാണെന്നും ജലജ പറയുന്നു.
കഴിഞ്ഞവർഷം ചോറ്റാനിക്കര ക്ഷേത്രത്തിൽ മകം തൊഴുതശേഷം നേരെ ആറ്റുകാൽ പൊങ്കാലയ്ക്കാണ് എത്തിയത്. അത് എനിക്ക് നൽകിയ ആനന്ദം ചെറുതായിരുന്നില്ല. സ്ഥിരമായി പത്തുവർഷത്തിലധികമായി പൊങ്കാലയിടുന്നുണ്ട്. കുട്ടിക്കാലത്ത് അമ്മയോടൊപ്പമാണ് പൊങ്കാലയിടാൻ എത്തിയിരുന്നത്. അന്നൊക്കെ ചൂട് കൊണ്ട് എത്രയും വേഗം വീട്ടിൽ പോയാൽ മതിയെന്നായിരുന്നു ചിന്ത. പക്ഷേ ഇപ്പോൾ അങ്ങനെയല്ല. സിനിമയിൽ സജീവമായിരുന്ന സമയത്തൊന്നും പൊങ്കാലയിടാൻ സാധിച്ചിരുന്നില്ല.
വർഷങ്ങൾക്കിപ്പുറം തിരുവനന്തപുരം നഗരത്തിലെകുറവൻകോണത്ത് എത്തിയശേഷമാണ് പൊങ്കാലയിടുന്നത് സ്ഥിരമാക്കിയത്. കോവിഡ് കാലത്തും പൊങ്കാലയിടുന്നത് മുടക്കിയിരുന്നില്ല. അന്ന് ഫ്ളാറ്റിൽ പൊങ്കായിട്ടു. കുറച്ചു വർഷങ്ങൾക്കു മുൻപ് പൊങ്കാലയിടാൻ മകളും ഒപ്പം കൂടി. അവളും നല്ലൊരു വിശ്വാസിയാണ്. ലക്ഷക്കണക്കിനു സ്ത്രീകൾ പങ്കെടുക്കുന്ന ആറ്റുകാൽ പൊങ്കാലയുടെ ഭാഗമാകാൻ കഴിയുന്നത് ജീവിതത്തിലെ വലിയ ഭാഗ്യമായി കാണുന്നുവെന്നും ജലജ പറയുന്നു.