തിന്മകളും കെടുതികളും ഒഴിഞ്ഞ് ശാന്തിയും സമാധാനവും നിറഞ്ഞ ജീവിതത്തിലേക്കുള്ള കാൽവയ്പിന്റെ പ്രതീകമായി ആറ്റുകാൽ ഭഗവതിക്ക് പൊങ്കാല
Mail This Article
×
ADVERTISEMENT
നാടും നഗരവും ഉണർത്തി ആറ്റുകാൽ പൊങ്കാലയ്ക്കു വേണ്ടിയുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കവെ പൊങ്കാല വിഭവങ്ങൾ ഒരുക്കാനുള്ള തയാറെടുപ്പിലാണു ഭക്തർ. വ്രതം നോറ്റും മനമുരുകി പ്രാർഥിച്ചുമുള്ള ഈ കാത്തിരിപ്പ് ആത്മസാക്ഷാത്കാരത്തിനു വേണ്ടിയാണ്. നാളെ രാവിലെ വരെ ആ കാത്തിരിപ്പ് നീളും. തിന്മകളും കെടുതികളും ഒഴിഞ്ഞ് ശാന്തിയും സമാധാനവും നിറഞ്ഞ ജീവിതത്തിലേക്കുള്ള കാൽവയ്പിന്റെ പ്രതീകമായി ആറ്റുകാൽ ഭഗവതിക്ക് നാളെ പൊങ്കാല. കണ്ണെത്താ ദൂരത്തോളം നിരന്ന് പൊങ്കാല അടുപ്പുകളും പ്രാർഥനാ നിർഭരമായ മനസ്സുമായി അവയ്ക്ക് കാവലിരിക്കുന്ന ഭക്തലക്ഷവുമാണ് ഇന്നത്തെ കാഴ്ച. ക്ഷേത്രത്തിനും കിലോമീറ്ററുകളോളം ചുറ്റിലും ഈ കാഴ്ച മാത്രമാണ് ഇന്ന്. ദിവസങ്ങൾക്കു മുൻപേ എത്തി ദേവീ സന്നിധിയിൽ അടുപ്പു കൂട്ടിയവർക്കിടയിലേക്ക് ഇന്നലെയും ഭക്തസഞ്ചയം ഒഴുകിയെത്തി. ഇതോടെ ക്ഷേത്ര പരിസരം നിറഞ്ഞു.
നാളെ രാവിലെ പത്തരയ്ക്ക് സഹ മേൽശാന്തി വലിയ തിടപ്പള്ളിയിലേക്കും ക്ഷേത്രത്തിന് മുൻവശത്തെ പണ്ടാര അടുപ്പിലേക്കും അഗ്നി പകരുമ്പോൾ മുഴങ്ങുന്ന ചെണ്ടമേളവും കരിമരുന്ന് പ്രയോഗവും ഭക്തർ ഒരുക്കിയ അടുപ്പുകൾ ജ്വലിപ്പിക്കാനുള്ള വിളംബരമാകും. പണ്ടാര അടുപ്പിൽ നിന്ന് കത്തിക്കുന്ന ദീപമാണ് കിലോമീറ്ററുകളോളം നിരന്ന അടുപ്പുകളിലേക്ക് പകരുക. 2.30ന് ഉച്ച പൂജയ്ക്ക് ശേഷം നിവേദ്യം. 300 ശാന്തിക്കാരെയാണ് നിവേദ്യത്തിനായി നിയോഗിച്ചിട്ടുള്ളത്. പിന്നെ മടക്കയാത്രയ്ക്കുള്ള തിരക്കാണ്. രാത്രി മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത് തിങ്കളാഴ്ച രാവിലെ തിരിച്ചെത്തും. 27 ന് പുലർച്ചെ 12.30 ന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.