ADVERTISEMENT

ഗുരുവായൂരിന് അടുത്ത് കുന്ദംകുളം റൂട്ടിൽ കണ്ടാണശ്ശേരി പഞ്ചായത്തിലാണ് അരിയന്നൂർ ഹരികന്യക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാ വിഷ്ണുവിന്റെ മോഹിനി രൂപം ആണ് പ്രതിഷ്ഠ. കിഴക്കോട്ടാണ് ദർശനം .ദേവിയുടെ ചതുർബാഹു വിഗ്രഹത്തിന് 5 അടിയോളം ഉയരമുണ്ട്. പ്രധാന ശ്രീകോവിലിൽ അയ്യപ്പനുമുണ്ട്. ദ്വാരപാലകർക്ക് പകരം ദ്വാരപാലികമാർ ആണ് ഇവിടെയുള്ളത്.ഏതാണ്ട്  2000 വർഷത്തെ പഴക്കമുണ്ട്  ഈ ക്ഷേത്രത്തിന്. പരശുരാമൻ പ്രതിഷ്ഠിച്ച 108 ദുർഗാക്ഷേത്രങ്ങളിൽ ഒന്നാണിത്. ദുർഗാ സങ്കൽപ്പത്തിലാണ് ഇവിടെ പൂജകൾ.

പെരുന്തച്ചനാണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചത്. ശ്രീകോവിലിന്റെ പിൻഭാഗത്ത് അദ്ദേഹത്തിന്റെ ഉളിയും കാണാം. ഉപദേവതമാരായി ഗണപതി, അയ്യപ്പൻ, ശിവൻ, ഭദ്രകാളി എന്നിവരുണ്ട് .രാവിലെ 5.30 മുതൽ 10 വരെയും വൈകിട്ട് 5 മുതൽ 7 .30 വ രെയും ആണ് ദർശന സമയം. ക്ഷേത്രത്തിന് രണ്ട് നിലകളുള്ള ശ്രീകോവിലുണ്ട്. നിരവധി ശിൽപങ്ങളുള്ള ചതുര ശ്രീകോവിൽ. ക്ഷേത്രത്തിലെ ചുമരുകൾ ചെങ്കല്ലുകൊണ്ട് നിർമിച്ചതാണ്. ഒരു നമസ്കാരമണ്ഡപം, നാലമ്പലം, തിടപ്പള്ളി, ബലിക്കൽപ്പുര എന്നിവ ക്ഷേത്രത്തിന്റെ ഭാഗമാണ് .ചുവർ ചിത്രങ്ങൾ, ശിൽപങ്ങൾ, കൊത്തുപണികൾ എന്നിവയ്ക്ക് പ്രസിദ്ധമാണ് ഈ ക്ഷേത്രം. വിവാഹം നടക്കാൻ ഈ ക്ഷേത്രത്തിൽ 21 ദിവസം തുടർച്ചയായി സ്വയംവര പുഷ്പാഞ്ജലി നടത്തിയാൽ മതിയെന്നാണ്  വിശ്വാസം. ഇരുപത്തിയൊന്നാം ദിവസം പാൽപ്പായസ നിവേദ്യം നടത്തുകയും വേണം.

harikanyaka-temple-ariyannur
പെരുന്തച്ചനാണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചത്. ചിത്രം∙ സ്പെഷൽ അറേഞ്ച്മെന്റ്

ഉത്സവത്തിന് പിടിയാനയാണ്  തിടമ്പേറ്റുന്നത്. കഥകളി പോലെ കിരീടം വച്ച കലാരൂപങ്ങൾക്കും കൊമ്പനാനകൾക്കും ക്ഷേത്രത്തിനകത്ത് പ്രവേശനമില്ല. ഉത്സവത്തിന് ദിവസവും ആറാട്ട് ഉണ്ട്. പഞ്ചവാദ്യത്തോടെയുള്ള ആറാട്ടു ഘോഷയാത്രയിൽ  ശാസ്താവ് അകമ്പടിയായി ഉണ്ടാകും. സ്ത്രീകളാണ് ഇവിടെ വിളക്ക് പിടിക്കുക എന്ന പ്രത്യേകതയുമുണ്ട്. ഉത്സവത്തിന് കഞ്ഞിയും  മുതിരയും പുഴുക്കും അന്നദാനമായി ഉണ്ടാവും. ഉത്സവ നാളുകളിൽ അട നിവേദ്യം വിശേഷ വഴിപാടാണ്. പാണ്ടി മേളത്തിന്റെ അകമ്പടിയോടെ തിരിച്ച് എഴുന്നള്ളത്ത്. നാവേർ പാടി ശുദ്ധി വരുത്തിയ ദേവി കൊടിയിറക്കത്തിന് സാക്ഷിയാകുന്നു. രാത്രി 25 കലശവും ശ്രീഭൂതബിലിയും കഴിഞ്ഞാൽ ഉത്സവത്തിന് സമാപനമായി.

harikanyaka-temple-ariyannur3
സ്ത്രീകളാണ് ഇവിടെ വിളക്ക് പിടിക്കുക എന്ന പ്രത്യേകതയുമുണ്ട്. ചിത്രം∙ സ്പെഷൽ അറേഞ്ച്മെന്റ്

മലമുകളിലാണ് ഈ മഹാക്ഷേത്രം  സ്ഥിതി ചെയ്യുന്നത്. വാർഷിക ഉത്സവം 15 ദിവസമാണ്. മകരത്തിലെ മൂലം നക്ഷത്രത്തിൽ ആറാട്ടോടെ ഉത്സവം സമാപിക്കും. എല്ലാ കാർത്തികയും ഇവിടെ വിശേഷ ദിവസമാണ്. അന്ന് ഇവിടെ വാരം ഇരിക്കൽ ( ഋഗ്വേദം ചൊല്ലലും ജപിക്കലും) ഉണ്ടാകും. നവരാത്രിയും മണ്ഡലകാലവും ഇവിടെ വിശേഷമായി കൊണ്ടാടുന്നു. മണ്ഡല കാലത്ത് 41 ദിവസവും വാരം ഇരിക്കൽ ഉണ്ടാവും.

harikanyaka-temple-ariyannur1
ഉത്സവത്തിന് പിടിയാനയാണ്  തിടമ്പേറ്റുന്നത്. ചിത്രം∙ സ്പെഷൽ അറേഞ്ച്മെന്റ്

ഈ ക്ഷേത്രം ചൊവ്വല്ലൂർ ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. 41 ദിവസത്തെ മണ്ഡലകാലത്തിൽ, നവകം 30 ദിവസം അരിയന്നൂർ ക്ഷേത്രത്തിലും ബാക്കി 11 ദിവസം ചൊവ്വല്ലൂർ ക്ഷേത്രത്തിലും നടക്കും. ഭാരതീയ പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ഈ ക്ഷേത്രത്തിന്റെ ഭരണ നിയന്ത്രണം കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ്. ക്ഷേത്രത്തിന്റെ തനിമ നഷ്ടപ്പെടാതെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടി രിക്കുകയാണ്.പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് ആണ് തന്ത്രി.

പ്രസിഡന്റ് മോഹൻദാസ് :9497190651
മേൽശാന്തി ശേഷാദ്രി :9947725475
സെക്രട്ടറി ഏ.പി.രാജൻ നമ്പീശൻ: 8086550834

English Summary:

Ariyannur Harikanyaka Temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com