ADVERTISEMENT

വിഷുക്കണിയൊരുക്കിയ ഉരുളിയിൽ പട്ടും പൊന്നും പഴങ്ങളും വാൽക്കണ്ണാടിയും താംബൂലവുമൊക്കെ ഉണ്ടാകുമെങ്കിലും ഏറ്റവും പ്രധാനം കണിക്കൊന്നയ്ക്കും കണിവെള്ളരിക്കുമാണ്. പ്രകൃതീദേവിയെ മഞ്ഞക്കൊലുസണിയിക്കുന്ന കൊന്നപ്പൂവും അധ്വാനത്തിലൂടെ നേടിയ കായ്ഫലത്തിന്റെ സ്വർണത്തിളക്കമുള്ള വെള്ളരിക്കയും കണി കണ്ടുണരുക എന്ന ആചാരം നമ്മെ പ്രകൃതിയിലേക്കു കൂട്ടിക്കൊണ്ടുപോകുകയാണ്. പ്രകൃതി സൗന്ദര്യത്തിന്റെ പ്രതീകമാണു കൊന്നപ്പൂവ്. കണിവെള്ളരിക്ക കാർഷികസമൃദ്ധിയുടെയും. അങ്ങനെ, പ്രകൃതിസംരക്ഷണവും കാർഷികസമൃദ്ധിയുമായിരിക്കണം നമ്മുടെ സ്വപ്നവും ലക്ഷ്യവും എന്നാണു വിഷുക്കണി എന്ന ആചാരം നമ്മോടു പറയുന്നത്. വിഷുവിനു കണികാണാൻ കൊന്നപ്പൂവ് നിർബന്ധമാണ്. കൊന്നപ്പൂവ് ശ്രീകൃഷ്ണന്റെ അരഞ്ഞാണം ആണെന്നൊരു വിശ്വാസം കൂടിയുണ്ട് ഇതിനുപിന്നിൽ.

കണ്ണനു കണിയൊരുക്കാൻ കൊന്നപ്പൂക്കൾ ശേഖരിച്ചു തൊടിയിലൂടെ നടക്കുമ്പോഴും ആരെങ്കിലും ഓർക്കാറുണ്ടോ കണിക്കൊന്നയ്‌ക്കു കണ്ണനുമായുളള ബന്ധം? വിഷുക്കാലത്തു വിരുന്നെത്തുന്ന, പൊൻകണിയൊരുക്കുന്ന കണിക്കൊന്നയുടെ പിറവി? കൊന്നപ്പൂവ് വെറുമൊരു പൂവല്ല. ഉണ്ണിക്കണ്ണന്റെ തങ്കക്കിങ്ങിണിയാണെന്നാണു കഥ. ഒരിടത്തൊരിടത്തു കണ്ണനെ ഒരുപാട് ഇഷ്‌ടപെട്ടിരുന്ന ഒരു കുട്ടിയുണ്ടായിരുന്നു. പാവപ്പെട്ട ഇല്ലത്തെ ഉണ്ണി. എന്നും ക്ഷേത്രത്തിൽ പോയി പ്രാർഥിക്കും. ‘കൃഷ്‌ണനെ എനിക്കൊന്നു നേരിൽ കാണാൻ പറ്റണേ’ എന്നു മാത്രമാണ് ആ കുഞ്ഞു മനസ്സിലെ പ്രാർഥന. ഒരുദിവസം ഉണ്ണിക്കണ്ണൻ നേരിട്ടു ബാലന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. ‘എന്റെ കണ്ണാ’ എന്ന് ഓടിച്ചെന്നു ബാലൻ കെട്ടിപ്പിടിച്ചു. ഇനിയെന്താ വേണ്ടതെന്നു കണ്ണൻ എത്ര ചോദിച്ചിട്ടും ഒന്നുംവേണ്ട, ഇതുമതി എന്നുമാത്രം അവൻ പറഞ്ഞുകൊണ്ടിരുന്നു. ഉണ്ണിക്കണ്ണൻ അരയിലെ തങ്കക്കിങ്ങിണി അഴിച്ചെടുത്തു സമ്മാനിച്ചു.

പിറ്റേന്നു ക്ഷേത്രത്തിലെത്തിയ മേൽശാന്തി ഞെട്ടി, തിരുവാഭരണത്തിലെ അരഞ്ഞാണം കാണാനില്ല. വാർത്ത കാട്ടുതീപോലെ നാടെങ്ങും പടർന്നു. അന്വേഷിച്ചിറങ്ങിയ ആളുകൾ അരഞ്ഞാണവും കെട്ടിപ്പിടിച്ചിരിക്കുന്ന ഉണ്ണിയെ കണ്ടു. കള്ളാ, എന്ന് ആക്രോശിച്ചുകൊണ്ട് ഉണ്ണിക്കരികിലേക്ക് ഓടിയടുത്തു. എന്റെ കണ്ണൻ സമ്മാനിച്ചതാണെന്നു പറഞ്ഞിട്ട് ആരും വിശ്വസിച്ചില്ല. തന്റെ മകൻ കള്ളനാണോ എന്നു ശങ്കിച്ച് അമ്മയുടെ ഉള്ളും പിടഞ്ഞു. ഉണ്ണിയുടെ മുഖത്തൊരടി കൊടുത്തിട്ടു പൊന്നരഞ്ഞാണം വലിച്ചൊരേറ്. ചെന്നു വീണതാവട്ടെ, തൊടിയിലുള്ള മരക്കൊമ്പിലും. എന്തത്ഭുതം! അതുവരെ പൂക്കാതിരുന്ന ആ മരത്തിൽ നിറയെ സ്വർണവർണമാർന്ന പൂങ്കുലകൾ! അതാണു കൊന്നപ്പൂക്കൾ എന്നാണ് തലമുറകളായി കൈമാറി വരുന്ന കഥ.

English Summary:

Unveiling the Cultural Significance of the Cassia Fistula in Kerala's Vishu Celebrations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com