സ്വർണവും രത്നങ്ങളും നിറഞ്ഞ ഏറ്റവും വലിയ തിരുമുടി; വെള്ളായണിയിലെ അദ്ഭുത കളങ്കാവൽ
Mail This Article
ഭദ്രകാളിയുടെ തിരുമുഖം വരിക്കപ്ലാവിന്റെ തടിയിൽ കൊത്തിയെടുത്തുണ്ടാക്കുന്ന വിഗ്രഹമാണ് തിരുമുടി. മുടികൾ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളാണ് മുടിപ്പുരകൾ. കേരളത്തിലെ ഏറ്റവും വലിയ മുടിയാണ് തിരുവനന്തപുരം വെള്ളായണിയിലേത്. സ്വർണവും രത്നക്കല്ലുകളും പതിച്ച വെള്ളായണി ദേവിയുടെ വിഗ്രഹത്തെ ‘ഒരുകോടി സൂര്യന്മാർ ഒരുമിച്ചുയർന്നാലും തിരുമുടിക്കല്ലോ തിളക്കം’ എന്നാണ് വിശേഷിപ്പിക്കുന്നത്. വെള്ളായണി ക്ഷേത്രത്തിലെ പ്രസിദ്ധമായ അശ്വതി പൊങ്കാല ഉത്സവം ആരംഭിച്ചുകഴിഞ്ഞു. നാലരയടി ഉയരവും വീതിയുമാണ് വിഗ്രഹത്തിനുള്ളത്. ഏപ്രിൽ ഒൻപതിനാണ് പ്രസിദ്ധമായ അശ്വതി പൊങ്കാല. മീനമാസത്തിലെ അശ്വതി നക്ഷത്രത്തിൽ നടക്കുന്ന പൊങ്കാലയിൽ ആയിരക്കണക്കിന് സ്ത്രീകളാണ് പങ്കെടുക്കുന്നത്. വെള്ളായണി തടാകത്തിന്റെ കിഴക്കേ കരയിലാണ് വെള്ളായണി ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതും ദീർഘവുമായ ഉത്സവം മൂന്നു വർഷത്തിലൊരിക്കൽ വെള്ളായണിയിൽ നടക്കുന്ന കാളിയൂട്ടാണ്. എഴുപത് ദിവസത്തോളമാണ് ഈ ഉത്സവം.
തവളയുെട രൂപത്തിൽ ദേവി
ഒരിക്കല്‍ വെള്ളായണി കായലിന്റെ കിഴക്കുഭാഗത്തെ തെങ്ങുകളില്‍ കള്ളു ചെത്തിയിരുന്ന ഒരു ചെത്തുകാരന് വിചിത്രമായ ഒരു അനുഭവമുണ്ടായി. അയാള്‍ കള്ളെടുക്കാനെത്തുമ്പോൾ കലത്തില്‍ കള്ളു കാണാനില്ല. ഇതു പതിവായപ്പോള്‍ കള്ള് ആരോ മോഷ്ടിക്കുകയാണെന്നു മനസ്സിലായി. കള്ളനെ കയ്യോടെ പിടികൂടാന്‍ അയാള്‍ രാത്രി കാവല്‍ നിന്നു. അയാളുടെ മുന്നില്‍പെട്ടത് ഒരു തവളയായിരുന്നു. അത് ഒരു തെങ്ങില്‍നിന്നു മറ്റൊന്നിലേക്കു ചാടി കള്ളൂറ്റിക്കുടിക്കുന്നു. തവളയ്‌ക്കൊപ്പം തെങ്ങുകളിലൂടെ ചാടിയെങ്കിലും തവളയെ പിടിക്കാന്‍ സാധിച്ചില്ല. തവള കായലിലേക്ക് ചാടി. കോപത്താല്‍ ചെത്തുകാരന്‍ കൈയിലിരുന്ന തേര്‍ കൊണ്ട് തവളയെ എറിഞ്ഞു. കാലില്‍ ഏറുകൊണ്ട തവള കായലില്‍ മറഞ്ഞു.
തവളയില്‍ അസാധാരണത്വം ദര്‍ശിച്ച ചെത്തുകാരന്‍ മഹാമാന്ത്രികനായ കേളന്‍കുലശേഖരനോട് കാര്യം പറഞ്ഞു. അദ്ദേഹം തന്റെ അതുല്യ ശക്തിയാല്‍, അത് വെറുമൊരു തവളയല്ല, ലോകമാതാവായ ശ്രീഭദ്രയാണെന്നു കണ്ടെത്തി. ഏഴുദിവസം വെള്ളായണി കായലിൽ കേളൻ കുലശേഖരൻ നടത്തിയ തിരച്ചലിനു ശേഷം തവളയെ കണ്ടെത്തി. പിന്നെ എട്ടുനായര്‍ തറവാട്ടുകാരുടെ സഹായത്തോടെ മുടിപ്പുര പണിത് ഭദ്രകാളിയെ പ്രതിഷ്ഠിച്ചുവെന്ന് ഐതിഹ്യം. കലമാൻ കൊമ്പിലാണ് ദേവിയെ ആവാഹിച്ച് കുടിയിരുത്തിയത്. പ്രധാന ശ്രീകോവിലില്‍ ഭദ്രകാളി വടക്കോട്ടാണ് ദര്‍ശനം. മൂന്നുവര്‍ഷത്തിലൊരിക്കലാണ് ഇവിടെ പ്രധാന ഉത്സവമായ കാളിയൂട്ട് നടക്കുന്നത്. കുംഭം അവസാനം തുടങ്ങി മേടം പത്തിന് അവസാനിക്കുന്നു. മാന്ത്രിക പൂജകൾക്കു പകരം താന്ത്രിക പൂജകളാണ് നടക്കുന്നത്. കൊല്ല സമുദായത്തിൽപ്പെട്ടവരാണ് പൂജാരിമാർ.
കാളിയൂട്ട് ഉത്സവം
ഉത്സവത്തിന്റെ ആദ്യനാള്‍ പുറത്തിറങ്ങുന്ന ദേവി മേടം പത്തിന് ദാരിക നിഗ്രഹത്തിനു ശേഷം ആറാട്ടു കഴിഞ്ഞേ ശ്രീകോവിലില്‍ കയറൂ. ഈ നാളുകളില്‍ പ്രത്യേകം തയാറാക്കിയ പന്തലിലാണ് ദേവി ഇരിക്കുന്നത്. നാല് ദിക്കുകളിലും ദേവി, ദാരികന്‍ എന്ന അസുരനെ തിരയുന്ന ചടങ്ങാണ് ദിക്കുബലി. ഇതിനായി ഇറങ്ങുന്ന ദേവിക്ക് ഭക്തര്‍ വീടുകളില്‍ പ്രത്യേകം തയാറാക്കിയ പുരയില്‍ ഇരുത്തി പൂജ നല്‍കുന്നു. ദിക്കുബലി കഴിഞ്ഞെത്തിയാല്‍ ദേവീസന്നിധിയില്‍ കളങ്കാവല്‍, പപ്പരുകളി, മാറ്റുവീശ് ചടങ്ങുകള്‍ നടക്കും. പിന്നീട് ക്ഷേത്രത്തിനു പുറത്ത് വയലിൽ തയാറാക്കിയ അണിയറപ്പുരയില്‍ ദേവി വിശ്രമിക്കും. ദാരികനെ കണ്ടെത്താനുള്ള മാര്‍ഗം അവിടെയിരുന്നാണ് ആലോചിക്കുക.
നാലു ദിക്കുകളിലും ദാരികനെ തിരയുന്ന ദേവി കൊയ്ത്തുകഴിഞ്ഞ നാലു വയലുകളിൽ കളങ്കാവൽ നടത്തും. അയ്യായിരത്തോളം വീടുകളിലാണ് ദേവി ഈ സമയത്ത് പോകുന്നത്. ഒരു വീട്ടിലെ പൂജ ഇരുപത് മിനിറ്റോളം നീളും. വീടുകൾ പെയിന്റടിച്ചും മറ്റും വൃത്തിയാക്കിയാണ് ദേവിയെ സ്വീകരിക്കുക. ബന്ധുക്കളും അയൽക്കാരും അടക്കം ഒത്തുകൂടും. എല്ലാ വീടുകളിലും ദേവിയെത്തുന്ന ദിവസം സദ്യയടക്കമുണ്ടാകും. കല്യാണത്തിന് വീട് പെയിന്റടിച്ചില്ലെങ്കിലും കാളിയൂട്ടിന് വീടു പെയിന്റടിക്കുന്ന നിരവധി ആളുകൾ ഇവിടെയുണ്ട്. ഈ നാട്ടുകാരുടെ ജീവിതത്തിലെ പല കണക്കുക്കൂട്ടലുകളും മൂന്നു വർഷത്തിലൊരിക്കൽ നടക്കുന്ന കാളിയൂട്ടിനെ ചുറ്റിപ്പറ്റിയാണ്.
ആകാശയുദ്ധം
മേടം ഒന്നിന് കൊടിയേറുമ്പോള്‍ ‘നല്ലിരിപ്പ് നാള്‍’ ആരംഭിക്കുന്നു. ഒന്‍പതാം നാളില്‍ അരുളപ്പാടിനെ തുടര്‍ന്ന് ആകാശത്തിനും ഭൂമിക്കും ഇടയില്‍ ദേവി ദാരികനെ അന്വേഷിച്ചിറങ്ങുന്നു. ഇതാണ് പ്രസിദ്ധമായ പറണേറ്റ് ചടങ്ങ്. നാല് തെങ്ങിന്‍ തടികൾ തെങ്ങോളം ഉയരത്തില്‍ നാട്ടിയാണ് പറണ് നിർമിക്കുന്നത്. ദേവിയുടെ പറണിനു കുറച്ചു മാറി തെക്ക് ദിശയില്‍ ദാരികന് പറണ് പണിയുന്നു. ദേവിയുടെ പറണിന്റെ പകുതിയോളം ഉയരമേ ഇതിന് കാണുകയുള്ളു. പത്തടി അകലത്തില്‍ നാല് തെങ്ങുകള്‍ നാട്ടി അതിനുമുകളില്‍ പലക നിരത്തിയാണ് പറണ് കെട്ടുന്നത്. പറണിന് എഴുപത്തിയഞ്ച് അടിയോളം ഉയരം വരും. പറണിലേക്ക് കയറാന്‍ കമുകുകൊണ്ടൊരു ഏണിയും ഉണ്ടാകും. പറണുകള്‍ക്ക് മുകളിലിരുന്നാണ് പോര്‍വിളി. ഇതിനെ തോറ്റംപാട്ട് എന്ന് പറയുന്നു. ആകാശത്ത് വച്ച് നേരം പുലരുവോളം മൂന്നു കളങ്കാവലുണ്ടാകും. അങ്ങനെ അവസാന പോരില്‍ ദാരികന്‍ ദേവിയെ ഭൂമിയില്‍ വച്ചുള്ള യുദ്ധത്തിനായി വെല്ലുവിളിക്കുന്നു.
നിലത്തില്‍ പോരിന്റെ ശൗര്യം
പറണില്‍നിന്ന് ഇറങ്ങിയ ദേവി പുലര്‍ച്ചെ യുദ്ധത്തിന് സജ്ജയാവുന്നു. ഭദ്രകാളിയും ദാരികനും മേടം പത്തിന് (പത്താമുദയത്തില്‍) ഏറ്റുമുട്ടുന്നു. ഇതാണ് നിലത്തില്‍ പോര്. ആദ്യത്തെ നാല് പോരില്‍ ദാരികനെ പരാജയപ്പെടുത്താന്‍ കഴിയാത്തതിന്റെ കാരണം കണ്ടെത്തുന്ന ദേവി ദാരികന്റെ ശക്തിസ്രോതസ്സായ മണിമന്ത്രം കരസ്ഥമാക്കി ദാരികനെ അഞ്ചാം പോരില്‍ തളര്‍ത്തുന്നു. തുടര്‍ന്ന് പരാജയ ഭീതി കാരണം ദാരികന്‍ രണഭൂമിയില്‍ വച്ച് ആറാമത്തെ പോരില്‍ മാപ്പിരക്കുന്നു. കോപാകുലയായ ദേവി ഏഴാമത്തെ പോരില്‍ ദാരികന്റെ തലയറുത്ത് ബ്രഹ്മസ്ഥാനത്ത് സമര്‍പ്പിക്കുന്നു. തുടര്‍ന്ന് അവിടെ വിശ്രമിക്കുന്നു. അതുകഴിഞ്ഞ് വെളളായണി കായലില്‍ ആറാട്ട് നടക്കും. ‘വാത്തി’ (കാളീക്ഷേത്രങ്ങളിലെ അബ്രാഹ്മണപൂജാരിമാര്‍) കുടുംബത്തിലെ പെണ്‍കുട്ടിയായിരിക്കും അമ്മയ്‌ക്ക് ആറാട്ടിനുള്ള വെള്ളംകോരി കൊടുക്കുന്നത്. ഇതൊരു വിശേഷചടങ്ങാണ്. നൂറ്റിയൊന്നു കലശംകൊണ്ട് ആറാടിക്കഴിഞ്ഞാല്‍ താലപ്പൊലിയെന്തിയ ബാലികമാരാല്‍ ആനയിച്ച് അമ്മയുടെ മടക്ക യാത്ര തുടങ്ങും. വരുന്ന വഴിക്ക് തട്ടുപൂജയുമുണ്ടാകും. ക്ഷേത്രത്തിന് മൂന്നുവലം വച്ച് അമ്മയെ അകത്തേക്ക് എഴുന്നള്ളിക്കുന്നതോടെ ഉത്സവചടങ്ങുകള്‍ അവസാനിക്കും.
കളങ്കാവൽ കാണാൻ പോരുന്നോ...
അശ്വതി പൊങ്കാലയോട് അനുബന്ധിച്ചുള്ള കളങ്കാവൽ ഏപ്രിൽ ഒൻപതിനു രാത്രി എട്ടു മണിക്കു ശേഷം ക്ഷേത്രത്തിനു ചുറ്റുമായി നടക്കും. കളങ്കാവൽ സമയത്ത് വാത്തി തിരുമുടി തലയിലേന്തി ദാരികനെ തിരയും. ചിരിച്ചും ആക്രോശിച്ചും ഭക്തർക്കിടയിലേക്ക് തങ്കതിരുമുടിയുമായി എത്തുന്ന ദേവി അദ്ഭുതക്കാഴ്ചയാണ്. ദേവിയുടെ മുടി എഴുന്നേൽക്കുമ്പോഴും ചായുമ്പോഴും കേരള പൊലീസ് ആചാരപ്രകാരം ഗാർഡ് ഓഫ് ഓണർ നൽകാറുണ്ട്. ഉത്സവത്തിനു മുന്നോടിയായുള്ള തിരുവാഭരണ ഘോഷയാത്ര അടക്കം കഴിഞ്ഞു. മൂന്നു വർഷത്തിലൊരിക്കൽ നടക്കുന്ന കാളിയൂട്ട് ഉത്സവം ഇനി 2026 ലാണ്.