ADVERTISEMENT

വ്യാഴത്തിന്റെ രാശിമാറ്റം നിങ്ങളെ എങ്ങനെ ബാധിക്കും? അതറിയാൻ നിങ്ങൾ ഏതു നക്ഷത്രത്തിൽ, ഏതു കൂറിൽ പെടുന്നു എന്നറിഞ്ഞാൽ മതി. വ്യാഴം മേടം രാശിയിൽ നിന്ന് ഇടവം രാശിയിലേക്കു മാറിയത് 2024 മേയ് ഒന്നിന് ഉച്ചയ്ക്ക് 1 മണി 02 മിനിറ്റിനാണ്. വ്യാഴത്തിന്റെ ഈ രാശിമാറ്റം ഓരോ കൂറുകാരെയും വ്യത്യസ്ത തരത്തിലാണു ബാധിക്കുക.

ജാതകാദേശം എന്ന ജ്യോതിഷ ഗ്രന്ഥത്തിലെ 'ചാരഫലപ്രകരണം' എന്ന പതിനൊന്നാമധ്യായം ഗ്രഹങ്ങളുടെ ചാരവശാലുള്ള ഫലങ്ങളെക്കുറിച്ചു വിശദീകരിക്കുന്നു. "സർവേ ലാഭഗൃഹേ..." എന്നു തുടങ്ങുന്ന ശ്ലോകത്തിൽ 'ധീധർമാസ്തധനേഷു വാക്പതി' എന്നാണു വ്യാഴത്തിന്റെ രാശിമാറ്റഫലം പറഞ്ഞിരിക്കുന്നത്. ജനിച്ച കൂറിൽ നിന്ന് 2, 5, 7, 9, 11 രാശികളിൽ വ്യാഴം നിൽക്കുന്ന കാലം നല്ല ഫലം അനുഭവപ്പെടും . 1, 3, 4, 6, 8, 10, 12 രാശികളിൽ വ്യാഴം സഞ്ചരിക്കുന്ന കാലം ദോഷഫലവുമായിരിക്കും.

അതനുസരിച്ച്, വ്യാഴത്തിന്റെ ഈ രാശിമാറ്റം മേടം, കർക്കടകം, കന്നി, വൃശ്ചികം, മകരം എന്നീ കൂറുകാർക്ക് ഏറെ ഗുണഫലങ്ങൾ നൽകും. ഇടവം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം, മീനം എന്നീ കൂറുകാർക്ക് അത്ര ഗുണകരമാകില്ല ഈ വ്യാഴമാറ്റം. അതിൽത്തന്നെ വ്യാഴം യഥാക്രമം 6, 8, 12 രാശികളിലേക്കു മാറുന്നതിനാൽ ധനു, തുലാം, മിഥുനം എന്നീ കൂറുകാർക്ക് ഇക്കാലം പ്രതികൂലമായിരിക്കും.

ഏതാണ്ട് ഒരു വർഷമാണ് വ്യാഴം ഒരു രാശിയിൽ നിൽക്കുക. അടുത്ത വർഷം (2025) മേയ് 14ന് ഇടവത്തിൽ നിന്നു മിഥുനത്തിലേക്കു കടക്കും. വ്യാഴമാറ്റം മൂലമുള്ള ദോഷഫലങ്ങൾ ഒഴിവാകാൻ വിഷ്ണുഭജനം ചെയ്താൽ മതി.

ഓരോ കൂറുകാർക്കും ഈ വ്യാഴമാറ്റം കൊണ്ടുള്ള ഫലം ചുവടെ:

മേടക്കൂറ്- ധനസമൃദ്ധി
ഇടവക്കൂറ്- നാനാദു:ഖം
മിഥുനക്കൂറ്- ദു:ഖഭയം
കർക്കടകക്കൂറ്- സ്ഥാനലബ്ധി
ചിങ്ങക്കൂറ്- ധനനഷ്ടം
കന്നിക്കൂറ്- ധനസുഖലബ്ധി
തുലാക്കൂറ്- രോഗശല്യം
വൃശ്ചികക്കൂറ്- സുഖഭോഗം
ധനുക്കൂറ്- ശത്രുശല്യം
മകരക്കൂറ്- പുത്രലാഭം, ധനലാഭം
കുംഭക്കൂറ്- ബന്ധുക്ലേശം
മീനക്കൂറ്- സ്ഥിതിനാശം.

English Summary:

Jupiter’s Transit 2024: Zodiac signs that will become prosperous

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com