പത്രികാസമർപ്പണത്തിന് മുൻപ് കാലഭൈരവന്റെ അനുഗ്രഹം തേടി മോദി; ക്ഷേത്രവിശേഷമറിയാം
Mail This Article
ലോക്സഭാ തിരഞ്ഞെടുപ്പിലെ പത്രികാസമർപ്പണത്തിനു മുൻപ് വാരാണസിയിലെ കാലഭൈരവ ക്ഷേത്രം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരാണസിയിലെ ഏറ്റവും പുരാതനമായ ശിവക്ഷേത്രമാണിത്. ഭഗവാന്റെ ഉഗ്രരൂപമാണ് കാലഭൈരവൻ. കാശിയുടെ കാവൽദൈവമായാണ് കാലഭൈരവനെ സങ്കൽപിച്ചു പൂജിച്ചു വരുന്നത്.
കാശി വിശ്വനാഥക്ഷേത്ര ദർശനത്തിനു മുന്നോടിയായി കാലഭൈരവനെ വണങ്ങണം എന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട്. ഭഗവാനെ തൊഴുതുപ്രാർഥിക്കുന്നതിലൂടെ കാലദോഷങ്ങളകന്ന് സർവദുരിതങ്ങളിൽ നിന്നും ഭക്തർ രക്ഷനേടുമെന്നാണ് വിശ്വാസം.
വാഹനമായ നായയുടെ പുറത്തിരിക്കുന്ന കാലഭൈരവന്റെ വെള്ളി വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠ. ഇടുങ്ങിയ പ്രവേശന കവാടത്തിൽ നിന്ന് ഭക്തർക്ക് ക്ഷേത്രപ്രതിഷ്ഠ കാണാമെന്ന പ്രത്യേകതയുമുണ്ട്. ഇവിടെ ഞായറാഴ്ചയും ചൊവ്വാഴ്ചയുമാണ് ദർശനത്തിന് പ്രാധാന്യം. ദിവസവും രാവിലെ 5 മുതല്‍ ഉച്ചയ്ക്ക് 1:30 വരെയും വൈകിട്ട് 4:30 മുതല്‍ രാത്രി 9:30 വരെയുമാണ് ദർശനസമയം.