ADVERTISEMENT

വൈശാഖോത്സവപ്പെരുമയുമായി ഇടവത്തിലെ ചോതി നാളെത്തി. കൊട്ടിയൂർ മണത്തറയിലെ സ്വയം ഭൂവിൽ ഇന്ന് ചോതി വിളക്ക് തെളിയും. രാത്രിയാണ് കൊട്ടിയൂർ പെരുമാൾക്ക് നെയ്യാട്ടം. നാളെ മണത്തണ കരിമ്പന ഗോപുരത്തിൽ നിന്നുള്ള തിരുവാഭരണ ഭണ്ഡാരം എഴുന്നള്ളത്ത് കൊട്ടിയൂരിൽ എത്തിച്ചേരുന്നതോടെ ഭക്തർക്ക് വൈശാഖ ദർശനകാലം തുടങ്ങുകയായി.നെയ്യമൃത് സംഘങ്ങൾ കൊട്ടിയൂരിൽ ഇന്ന് എത്തിച്ചേരും. ഇന്നലെ മണത്തണയിലെ സപ്തമാതൃപുരം എന്നറിയപ്പെടുന്ന ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ എത്തിച്ചേർന്ന ശേഷം നെയ് കിണ്ടികൾ ക്ഷേത്ര ചുവരുകളിലെ വിവിധ സ്ഥാനങ്ങളിൽ സൂക്ഷിച്ചു. ഇന്ന് രാവിലെ ചപ്പാരത്ത് നിന്ന് പുറപ്പെടുന്ന വ്രതക്കാർ വൈകിട്ട് ഇക്കരെ കൊട്ടിയൂരിലെത്തും. നടുക്കുനിയിലെ ആൽത്തറയിൽ നെയ് കിണ്ടികൾ സൂക്ഷിക്കും.സന്ധ്യയ്ക്ക് മുതിരേരി കാവിൽനിന്നുള്ള വാൾ എഴുന്നള്ളത്ത് ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രവേശിച്ച ശേഷം നെയ്യാട്ടത്തിനുള്ള തയാറെടുപ്പ് ആരംഭിക്കും. അടിയന്തിര യോഗക്കാർ അക്കരെ സന്നിധാനത്തിലേക്ക് പ്രവേശിച്ചാൽ ആദ്യം തന്നെ മണിത്തറയിൽ ചോതി വിളക്ക് തെളിക്കും. ബ്രാഹ്മണർ മണിത്തറയിൽ പ്രവേശിച്ച് സ്വയംഭൂ സ്ഥാനത്തെ ആവരണം ചെയ്തിട്ടുള്ള അഷ്ടബന്ധം നീക്കും. നാളം തുറക്കുന്ന ഈ ചടങ്ങ് പൂർത്തിയായ ശേഷം നെയ്യൊഴുകാനുള്ള പാത്തി വയ്ക്കും. തുടർന്ന് രാശി വിളിച്ചു കഴിഞ്ഞാൽ നെയ്യാട്ടം ആരംഭിക്കും. സ്ഥാനിക അവകാശികളായ വില്ലിപ്പാലൻ കുറുപ്പിന്റെയും തമ്മേങ്ങാടൻ നമ്പ്യാരുടെയും നേതൃത്വത്തിൽ സമർപ്പിക്കുന്ന നെയ് ആദ്യം സ്വയംഭൂ വിഗ്രഹത്തിൽ അഭിഷേകം ചെയ്യും. എല്ലാ വ്രതക്കാരും സമർപ്പിച്ച നെയ് പൂർണമായി അഭിഷേകം ചെയ്താൽ നെയ്യാട്ടം അവസാനിക്കും. നാളെയാണ് ഭണ്ഡാരം എഴുന്നള്ളത്ത്.

മലയാള മനോരമ ഇൻഫർമേഷൻ സെന്റർ ഇന്നു മുതൽ

വൈശാഖോത്സവകാലത്ത് തീർഥാടനത്തിനെത്തുന്ന ഭക്തജനങ്ങൾക്ക് സഹായം നൽകുന്നതിനായി മലയാള മനോരമ ഇൻഫർമേഷൻ സെന്റർ ഇന്ന് പ്രവർത്തനം തുടങ്ങും. ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിനു സമീപം ബസ് സ്റ്റാൻഡിന് എതിർവശത്താണ് മനോരമയുടെ ഇൻഫർമേഷൻ സെന്റർ പ്രവർത്തിക്കുന്നത്. സെന്ററിന്റെ ഉദ്ഘാടനം ഇന്ന് 4.30ന് കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ.സി.സുബ്രഹ്മണ്യൻ നായർ നിർവഹിക്കും. തീർഥാടനത്തിന് എത്തുന്ന ഭക്തജനങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ ഇവിടെ നിന്ന് ലഭ്യമാകും. കൂടാതെ മനോരമയുടെ പ്രസിദ്ധീകരണങ്ങൾ, പുസ്തകങ്ങൾ എന്നിവയും ലഭ്യമാണ്.

English Summary:

Vaishakhotsavaperuma Begins: Sacred Choti Lamp Illuminates Swayam Bhu, Kottiyoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com