കാര്‍ഷിക മേഖലയ്ക്ക് വരദാനമായി തിരുവാതിര ഞാറ്റുവേലയ്ക്ക് തുടക്കം
Mail This Article
കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് വരദാനമായ തിരുവാതിര ഞാറ്റുവേല ജൂണ്‍ 21ന് രാത്രി 12.06 ന് തുടങ്ങി. ഇനി 15 ദിവസം ഞാറ്റുവേല കാലമാണ്. തെങ്ങ്, മാവ്, പ്ലാവ് മുതലായ ഫല വൃക്ഷത്തൈകളും ചെടികളും കുരുമുളക് മുതലായ കാർഷിക വിളകളും നടാനും മാറ്റി നടാനും പറ്റിയ സമയമാണിത്. കാലമനുകൂലമല്ലെങ്കിൽ നടീൽ വസ്തു എത്ര മികച്ചതായതുകൊണ്ട് കാര്യമില്ല. നട്ടുച്ചക്ക് ചെടി നടാൻ പാടില്ലെന്ന് എല്ലാവർക്കും അറിയാം. വേലിയേറ്റവും വേലിയിറക്കവും ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളുമെല്ലാം ചെടികളുടെ വളർച്ചയെ സ്വാധീനിക്കും.
കേരളത്തിൽ എന്തും നടാൻ ഏറ്റവും അനുകൂലമായ കാലമാണ് ഞാറ്റുവേല. ഞാറ്റുവേലക്കാലത്ത് പെയ്യുന്ന മഴയില്‍ വളക്കൂര്‍ കൂടുതലുണ്ടെന്നാണ് കര്‍ഷകരുടെ വിശ്വാസം. അതുകൊണ്ട് ഞാറ്റുവേലയില്‍ നടുന്നവയെല്ലാം നന്നായി തഴച്ചു വളരുകയും ചെയ്യും. തിരുവാതിര ഞാറ്റുവേലയുടെ പ്രത്യേകത തിരിമുറിയാതെ മഴ പെയ്യും എന്നുള്ളതാണ്. വെയിലും മഴയും ഒരേപോലെ കിട്ടുന്ന കാലമാണിത്. അതുകൊണ്ടു കൂടിയാണ് ഇത് ചെടികള്‍ നടാന്‍ യോജിച്ച സമയമാകുന്നത്. കാലവര്‍ഷം കനത്തു കഴിഞ്ഞാല്‍ പിന്നെ കിട്ടുന്ന ഈ ഇടവേള മഴയുടെ ഊറ്റമില്ലാത്തതു കൊണ്ടും വെയിലിന്റെ കാഠിന്യമില്ലാത്തതു കൊണ്ടും ചെറുതായി തുടര്‍ച്ചയായി മഴ കിട്ടുന്നതു കൊണ്ടും കാര്‍ഷിക ജോലികള്‍ക്ക് ഉത്തമമാണ്.
ഞായറിന്റെ അഥവാ സൂര്യന്റെ വേളയാണ് ഞാറ്റുവേലയായി മാറിയത്. ഒരു വര്‍ഷം ലഭിക്കുന്ന മഴയുടെ വിതരണത്തെയും സസ്യങ്ങളുടെ വളര്‍ച്ചയെയും സാമ്പ്രദായിക കൃഷി അനുഭവ പരിജ്ഞാനത്തെയും അടിസ്ഥാനപ്പെടുത്തിയാണ് ഞാറ്റുവേലകള്‍ കുറിച്ചുട്ടുള്ളത്. ഭൂമിയില്‍ നിന്നും സൂര്യനെ നോക്കുമ്പോള്‍ സൂര്യന്‍ ഏതു നക്ഷത്രത്തിന്റെ അടുത്താണോ നില്‍ക്കുന്നത് അതാണ് ഞാറ്റുവേല എറിയപ്പെടുന്നത്. അതായത് സൂര്യന്റെ സ്ഥാനം തിരുവാതിര നക്ഷത്രത്തിലാണെങ്കില്‍ അത് തിരുവാതിര ഞാറ്റുവേല.
അങ്ങനെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര തുടങ്ങി രേവതി വരെയുള്ള ഇരുപത്തിയേഴ് നക്ഷത്രങ്ങളുടെ പേരിലാണ് ഞാറ്റുവേലകള്‍ അറിയപ്പെടുന്നത്. മറ്റു ഞാറ്റുവേലകളുടെ ശരാശരി ദൈര്‍ഘ്യം പതിമൂന്നര ദിവസമാണെങ്കില്‍ തിരുവാതിരയുടേത് 15 ദിവസമാണ്. 27 ഞാറ്റുവേലകളില്‍ 10 എണ്ണം നല്ല മഴ ലഭിക്കുവയാണ്. ഞാറ്റുവേല രാത്രി പിറക്കണമൊണ് പഴമക്കാര്‍ പറയുന്നത്. 'രാത്രിയില്‍ വരും മഴയും രാത്രിയില്‍ വരും അതിഥിയും പോകില്ലെന്ന് അവർക്ക് പഴഞ്ചൊല്ലുമുണ്ടായിരുന്നു. പകല്‍ പിറക്കുന്ന ഞാറ്റുവേലകളില്‍ പിച്ചപ്പാള യെടുക്കാമെന്നും അവര്‍ക്കറിയാമായിരുന്നു. മഴ തീരെ കുറവായിരിക്കുമെന്നർഥം. മഴയും കാലാവസ്ഥയും മാത്രം ആശ്രയിച്ചിരുന്ന കാലത്ത് മാത്രമല്ല ഇന്നും ഞാറ്റുവേലയ്ക്ക് പ്രാധാന്യമുണ്ട്.