ആചാര പെരുമയിൽ കൊട്ടിയൂർ; കൊടിയേറ്റം പോലുമില്ലാതെ ഉത്സവം
Mail This Article
എല്ലായിടത്തും ഉത്സവം കൊടിയിറങ്ങുമ്പോൾ കൊടിയേറ്റം പോലുമില്ലാതെ ഉത്സവം തുടങ്ങുന്ന ഇടമാണ് കൊട്ടിയൂർ. ദക്ഷയാഗ സ്ഥലമെന്ന് വിശ്വസിക്കുന്ന കൊട്ടിയൂരിലെ ഉത്സവം പോലെ കേരളത്തിൽ എവിടെയും ഉണ്ടാകില്ല. ഒരു പടക്കം പോലും ഇവിടെ പൊട്ടിക്കില്ല. ചില ദിവസങ്ങളിൽ മാത്രം ഒന്നോ രണ്ടോ ആനകൾ. അനേകം പൂജകൾ. ചില പ്രത്യേക ദിവസം കഴിഞ്ഞാൽ സ്ത്രീകൾക്കും ഇവിടേക്ക് പ്രവേശനമില്ല. യാഗം നടന്ന സ്ഥലമായതുകൊണ്ടാകാം പൂജകൾക്ക് ഇവിടെ ഇത്രമാത്രം പ്രസക്തി. കണ്ണൂർ ജില്ലയിലെ മലയോര ഗ്രാമമാണ് കൊട്ടിയൂർ. വയനാടൻ മലനിരകളുടെ താഴ്‌വാരം.
പെരുമഴയാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ബാവലിപ്പുഴയിൽ കുളിച്ച് ഈറനോടെയാണ് വിശ്വാസികൾ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നത്. വൈശാഖ മഹോത്സവം നടക്കുന്ന 28 ദിവസം മാത്രമാണ് ഈ ക്ഷേത്രത്തിൽ പൂജയും പ്രവേശനവും. ബാക്കി സമയങ്ങളിൽ ഇവിടമാകെ കാട് പിടിച്ചു കിടക്കും. ബ്രാഹ്മണർക്കും ആദിവാസികൾക്കുമെല്ലാം ഈ ക്ഷേത്രത്തിൽ ചില അവകാശങ്ങളുണ്ട്. 64 കുടുംബങ്ങളാണ് ഓരോ ചടങ്ങിന്റെയും അവകാശികൾ. ഇവർ ഓരോ കയ്യാലകളിലായി (ഓല മേഞ്ഞ ചെറിയ കുടിലുകൾ) ക്ഷേത്രത്തിന് ചുറ്റും താമസിക്കും. കുടുംബത്തിലെ പ്രധാനപ്പെട്ട ഒരാൾ 28 ദിവസവും ഈ കയ്യാലയിലാണ് താമസിക്കുന്നത്. കുടുംബത്തിൽ മരണം സംഭവിച്ചാൽ പോലും ക്ഷേത്ര പരിസരത്തു നിന്നും പുറത്തുപോകില്ല.
സതീ ദേവി ആത്മാഹുതി ചെയ്ത സ്ഥലത്ത് ശിവൻ സ്വയംഭൂവായെന്നാണ് വിശ്വാസം. എന്നാണ് ഈ ക്ഷേത്രം ഉണ്ടായതെന്ന് ആർക്കും വലിയ നിശ്ചയമില്ല. രണ്ട് നൂറ്റാണ്ടിന് മുൻപ് തന്നെ ഇവിടെ പൂജകൾ ആരംഭിച്ചിരുന്നു. ആചാരങ്ങളും പൂജയും തുടങ്ങിയ ശേഷവും ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളും കഥകളുമുണ്ട്. പെയ്തിറങ്ങുന്ന മഴത്തുള്ളികൾ പോലെ ഒരായിരം കഥളുടെ കേന്ദ്രമാണ് കൊട്ടിയൂർ. ആഘോഷങ്ങൾക്കപ്പുറം പ്രാർഥനയുടെയും പൂജയുടേയും ഉത്സവമാണ് കൊട്ടിയൂരിലേത്.