വീട്ടിൽ ഉറപ്പായും ഈ ചെടികൾ വേണം; ഭാഗ്യലബ്ധിക്കും വാസ്തുദോഷശമനത്തിനും നട്ടുവളർത്തേണ്ടവ
Mail This Article
വീട്ടിൽ വളർത്തേണ്ട ചെടികളിൽ ഏറ്റവും പ്രാധാന്യമുള്ള ചെടി തുളസിയാണ്. തുളസി എന്നാൽ മഹാലക്ഷ്മിയാണ്. തുളസിയോടൊപ്പം മഞ്ഞളും കൂടി നട്ടാൽ വിഷ്ണു ലക്ഷ്മീ സങ്കൽപ്പമായി. കസ്തൂരി മഞ്ഞളോ അല്ലെങ്കിൽ സാധാരണ മഞ്ഞളോ നടാം. രാമ തുളസി, കൃഷ്ണ തുളസി, കർപ്പൂര തുളസി എന്നിങ്ങനെ പലതരത്തിലുള്ള തുളസികൾ ഉണ്ട്. എല്ലാ തുളസിയും ഒന്നൊന്നിന് മൂല്യം ഉള്ളവയാണ്.
വളരെയധികം പോസിറ്റീവ് എനർജി തരുന്ന ചെടിയാണ് പനിനീർ ചെടി (റോസാ ചെടി). മുള്ളുള്ള െചടി കണ്ടു കൊണ്ട് പുറത്തേക്കു പോകുന്നത് നന്നല്ല എന്നു പറയുന്നതു കൊണ്ട് വീടിന്റെ വാതിലിന്റെ മുൻപിൽ വയ്ക്കാതെ വീടിന്റെ സൈഡിലായി റോസാ ചെടി വളർത്താം. മുള്ളുള്ള ചെടികൾ, ബോൺസായി ഇവ വീടിനു മുൻപിൽ വയ്ക്കുന്നത് നന്നല്ല.
കനകാംബരം, ഗന്ധരാജൻ, പാരിജാതം എന്നിവ വീടുകളിൽ നട്ടു പിടിപ്പിക്കുന്നത് നല്ലതാണ്. മന്ദാരം വളരെ പ്രാധാന്യമുള്ള ചെടിയാണ്. മഹാദേവന് പ്രധാനമാണ് വെളുത്ത മന്ദാരം. മഞ്ഞ, വെളുപ്പ്, വയലറ്റ് നിറങ്ങളില്‍ പൂവുകളുള്ള മന്ദാരങ്ങളുമുണ്ട്. മറ്റു പുഷ്പത്തേക്കാൾ പ്രാധാന്യമുള്ളതായി മന്ദാരപുഷ്പത്തെ കരുതുന്നു.
നാട്ടു ചെത്തി, അശോക ചെത്തി എന്നിവ നല്ലതാണ്. എന്നാൽ അശോക മരം വീടുകളില്‍ വയ്ക്കുന്നത് നല്ലതല്ല. മുക്കുറ്റി നമ്മൾ നട്ടു വളർത്തേണ്ട ആവശ്യമില്ലെങ്കിലും മുക്കുറ്റിക്ക് ഒരുപാട് പ്രാധാന്യം ഉണ്ട്. ദശപുഷ്പങ്ങളിൽ പറയുന്ന എല്ലാ ചെടികളും വീട്ടിൽ നട്ടുവളർത്തുന്നത് ഉത്തമമാണ്.
വളരെയധികം പോസിറ്റീവ് എനർജി തരുന്ന ചെടിയാണ് നന്ത്യാർവട്ടം. അഞ്ച് ഇതൾ ഉള്ളതും ചെറിയ ഇതൾ ഉള്ളതും വലിയ ഇതള്‍ ഉള്ളതും ഉണ്ട്. ഇതും വീട്ടിൽ വളർത്താവുന്ന ചെടിയാണ്. മഞ്ഞക്കോളാമ്പി, മഞ്ഞ പുഷ്പങ്ങൾ ഉള്ള ചെടികളൊക്കെ പോസിറ്റീവ് എനര്‍ജി തരുന്നവയാണ്.
പാൽവൃക്ഷങ്ങളുള്ള ചെടി വീടിന്റെ വാസ്തുദോഷം മാറ്റുന്നതു കൊണ്ട് കന്നിമൂലയിലും ഈശാനകോണിലും വളർത്തുന്നത് വളരെ നല്ലതാണ്. പാൽച്ചെടികൾ വയ്ക്കുമ്പോൾ നന്ത്യാർവട്ടം, അരളി, മഞ്ഞക്കോളാമ്പി ഇവ കന്നിമൂലയിൽ വയ്ക്കുന്നത് നെഗറ്റീവ് എനർജി കുറയ്ക്കാൻ സഹായിക്കും. മുല്ലച്ചെടിയും വീട്ടിൽ വളർത്താൻ ഏറ്റവും അനുയോജ്യമാണ്. പത്തുമണിച്ചെടികളും നാലുമണിച്ചെടികളും വീട്ടിലെ പൂന്തോട്ടത്തിൽ ഉൾപ്പെടുത്താം. ചെങ്കദളി പൂവ് വീട്ടിൽ നട്ടു പിടിപ്പിക്കാം. വയലറ്റ്, വെള്ള നിറത്തിലുള്ള ശംഖുപുഷ്പചെടികളും പടർത്താവുന്നതാണ്.
കൂവളം വീടിന്റെ വടക്കു കിഴക്കു ഭാഗത്തായും മുൻഭാഗത്തായും നടാം. വീടിന്റെ തെക്കുവശത്ത് പുളിമരം നടുന്നതും നല്ലതാണ്. ചെമ്പകം വീട്ടിൽ വളർത്താമോ എന്ന് എല്ലാവർക്കും പലർക്കും സംശയമുള്ള കാര്യമാണ്. ചെമ്പകം വീട്ടിൽ വളർത്താം പക്ഷേ വീടിന്റെ മേൽക്കൂരയേക്കാൾ ഉയരത്തിലാവാതെ വെട്ടി നിർത്തണം.