ADVERTISEMENT

സന്താന സൗഭാഗ്യത്തിനും സന്താനങ്ങളുടെ അഭിവൃദ്ധിക്കു വേണ്ടിയും  സർപ്പദോഷ നിവാരണത്തിനും സർവദോഷ നിവൃത്തിക്കു വേണ്ടിയുമാണ് ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത്. ചൊവ്വാദോഷമുള്ളവർ, മകയിരം, ചിത്തിര തുടങ്ങിയ നാളുകാരും ഷഷ്ഠിവ്രതം എടുക്കുന്നതും സുബ്രഹ്മണ്യ ഭജനം നടത്തുന്നതും ശ്രേയസ്ക്കരമാണ്.  വ്രതം  അനുഷ്ഠിക്കാൻ സാധിക്കാത്തവർ ഒരു തവണയെങ്കിലും ഷഷ്ഠി സ്തുതി ജപിക്കുന്നത്‌ സുബ്രഹ്മണ്യപ്രീതിക്ക് ഉത്തമമാണ്, പ്രധാനമായും  മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാർ. 

ദേവീഭാഗവതത്തിൽ ഷഷ്ഠിദേവി എന്ന സങ്കൽപത്തെക്കുറിച്ച് പറയുന്നുണ്ട്. ആദിപരാശക്തിയായ  ദേവിയുടെ ഷഷ്‌ഠാംശം ആയതിനാല്‍ ഷഷ്‌ഠിദേവിയെന്ന്‌ അറിയപ്പെടുന്നു . ബ്രഹ്‌മാവിന്റെ പുത്രിയും സുബ്രഹ്മണ്യസ്വാമിയുടെ ഭാര്യാ സങ്കൽപ്പവുമാണ് ഷഷ്ഠിദേവി. ഷഷ്ഠി ദിനത്തിൽ സുബ്രഹ്മണ്യസ്വാമിയോടൊപ്പം  ഷഷ്ഠി ദേവിയെയും പ്രാർഥിക്കുന്നത് സൽ പുത്രലബ്‌ധിക്ക് ഏറ്റവും ഉത്തമമാണ് . 

ഷഷ്ഠി ദേവി 'ദേവസേന' എന്ന പേരിലും അറിയപ്പെടുന്നു. സന്താനങ്ങൾ  ഉള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും ഒരു കുഞ്ഞിനെ  ആഗ്രഹിക്കുന്നവര്‍ക്കും ഒരേപോലെ ജപിക്കാവുന്ന ഒരു സ്‌തുതിയാണിത്‌. ഈ ജപത്തിലൂടെ സന്താനങ്ങൾക്ക് നേർബുദ്ധിയും  ആയുരാരോഗ്യങ്ങളും   ലഭിക്കുമെന്നാണ് വിശ്വാസം. 

ഷഷ്ഠി സ്തുതി 

നമോദേവി മഹാദേവി! 

സിദ്ധേ ശാന്തേ നമിച്ചിടാം 

ശ്രദ്ധയ്‌ക്കായ്‌ ദേവസേനയ്‌ക്കായ്‌ ഷഷ്‌ഠിക്കായ്‌ ഞാന്‍ നമിച്ചിടാം 

വരദയ്‌ക്കായ്‌ പുത്രദയ്‌ക്കായ്‌ 

ധനദയ്‌ക്കായ്‌ നമിച്ചിടാം. 

സുഖമോക്ഷദയാം ഷഷ്‌ഠീ

ദേവിക്കായ്‌ ഞാന്‍ നമിച്ചിടാം. 

സൃഷ്‌ടേ ഷഷ്‌ഠാംശ രൂപേ! 

നല്‍സിദ്ധേ! നിന്നെ നമിച്ചിടാം 

സിദ്ധയോഗിനിയാം മായേ! 

ഷഷ്‌ഠിദേവീ! നമിച്ചിടാം 

സാരയ്‌ക്കായ്‌ ശാരദയ്‌ക്കായും 

പരയ്‌ക്കായും നമിച്ചിടാം 

ബാലാധിഷ്‌ഠാ തൃദേവിക്കായ്‌ ഷഷ്‌ഠിദേവിക്കിതാ നമഃ 

കല്യാണിദായി കല്യാണി. 

കര്‍മത്തിൻ ഫലദായിനി! 

പ്രത്യക്ഷേ ഭക്‌തരായോര്‍ക്കു 

ഷഷ്‌ഠീദേവി നമിച്ചിടാം 

കര്‍മങ്ങളില്‍ പൂജ്യമാകും 

സ്‌കന്ദകാന്തേ നമിച്ചിടാം 

ദേവന്മാരെ രക്ഷ ചെയ്‌ത 

ഷഷ്‌ഠീദേവി നമിച്ചിടാം 

ശുദ്ധ് സത്വസ്വരൂപയ്‌ക്കായ്‌ 

വന്ദിതയ്‌ക്കായ്‌ സദാ നൃണാം 

ഹിംസാക്രോധങ്ങളില്ലാത്ത 

ഷഷ്‌ഠിക്കായ്‌ ഞാന്‍ നമിച്ചിടാം. 

ധനം ഭാര്യാ (ഭര്‍ത്തൃ) പുത്രരേയു-

മെനിക്കേകണമീശ്വരീ! 

മാനം ജയം ശത്രുനാശമതും നല്‍കണമംബികേ! 

യശസ്സും ധര്‍മവും ഷഷ്‌ഠീ

ദേവിക്കായ്‌ നമിച്ചിടാം! 

വിദ്യയും പ്രജയും ഭൂവും 

നല്‍കണം നീ സുപൂജിതേ! 

കല്യാണവും നല്‍കിടേണം 

ഷഷ്‌ഠീദേവീ! നമിച്ചിടാം

English Summary:

Chanting Shashti Stuti: A Path to Clear Intelligence and Health for Kids

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com