ദുർഗാ ഭഗവതിയുടെ ദേഷ്യം ശമിപ്പിച്ച മൈലാഞ്ചി; കർക്കടകത്തിലെ ഈ ദിനത്തിൽ അണിഞ്ഞാൽ സർവൈശ്വര്യം
Mail This Article
കർക്കടക മാസത്തിൽ അനുഷ്ഠിക്കുന്ന കർമങ്ങൾ ഒരു വർഷത്തെ ഫലം നൽകും എന്നാണു പഴമക്കാർ പറയുന്നത്. അതിനാലാണ് തേച്ചുകുളി, മരുന്ന് കഞ്ഞി, പത്തില തോരൻ, വീട്ടിൽ ധൂപം കത്തിച്ചു പുക കാണിക്കുക എന്നിവയ്കക്കൊക്കെ പ്രാധാന്യം കൈവന്നത്. കർക്കടകമാണ്, മഴക്കാലമാണ്, പകർച്ചവ്യാധികളേറുന്ന കാലവുമാണ്. അന്തരീക്ഷത്തിൽ ധാരാളം വിഷാശം നിറയുന്ന കാലഘട്ടം. ഈ കാലയളവിൽ പൂർവികർ ഭക്ഷണത്തിലും ജീവിതചര്യകളിലും ചില ചിട്ടകൾ പാലിച്ചുപോന്നിരുന്നു. അതിൽ ഒന്നാണ് കർക്കടകത്തിലെ മൈലാഞ്ചി അണിയൽ. മൈലാഞ്ചി ഇടാൻ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. ഭംഗിക്കുവേണ്ടി മാത്രമല്ല ആരോഗ്യപരമായും ആത്മീയപരമായും ഒരുപാട് പ്രത്യേകകൾ മൈലാഞ്ചിയിലകൾക്കുണ്ട്
ആയുർവേദപ്രകാരം വളരെയധികം പ്രാധാന്യമുള്ള സസ്യമാണ് മൈലാഞ്ചി. ഈ സസ്യത്തിന്റെ എല്ലാ ഭാഗങ്ങളും ഔഷധ ഗുണമുള്ളതാണ്. വിവാഹാദി മംഗളകർമകളിൽ ഒഴിവാക്കാനാകാത്ത ഒന്നാണ് മൈലാഞ്ചി. കർക്കടക മാസത്തിൽ മൈലാഞ്ചി അണിയുന്നത് ആരോഗ്യ സംരക്ഷണത്തിനു പ്രധാനമാണ്. പലയിടങ്ങളിലും കർക്കടക മാസത്തിന്റെ ആദ്യനാളുകളിൽ തന്നെ കയ്യിലും കാലിലും മൈലാഞ്ചി അരച്ചിടാറുണ്ട്. കനത്ത മഴയായതിനാൽ കാലിലും കയ്യിലും ഉണ്ടാകാനിടയുള്ള അണുബാധയ്ക്ക് ഒരുപരിധിവരെ പരിഹാരം കാണാൻ മൈലാഞ്ചി ഇടുന്നതിലൂടെ സാധിക്കും.
ജ്യോതിഷപ്രകാരം മഹാലക്ഷ്മീ സങ്കൽപമാണ് മൈലാഞ്ചി ചെടി. ശുഭകരമായ സസ്യങ്ങളിൽ ഒന്നുമാണ്. മഹാലക്ഷ്മി പ്രീതിക്കായി ഭവനത്തിൽ തുളസിയും നെല്ലിയും ആര്യവേപ്പും മൈലാഞ്ചിയും മഞ്ഞളും നട്ടു പരിപാലിക്കണം എന്നാണ് പറയപ്പെടുന്നത്. ഇതിൽ ആര്യവേപ്പും മൈലാഞ്ചിയും വീടിന്റെ അതിരുകളിൽ വേണം നടാൻ. ലക്ഷ്മീ പ്രീതികരമായ മുപ്പെട്ടു വെള്ളി അതായത് കർക്കടകത്തിലെ ആദ്യത്തെ വെള്ളിയാഴ്ചയാണ് മൈലാഞ്ചി ഇടേണ്ടത്. കർക്കടകത്തിലെ മുപ്പെട്ടു വെള്ളി 2024 ജൂലൈ 19 നാണ് . ദുർഗാ ഭഗവതിയുടെ ദേഷ്യം ശമിപ്പിക്കുന്നതിനായി കൈകളിൽ മൈലാഞ്ചി അരച്ചു പുരട്ടി എന്നാണ് ഐതിഹ്യം. അതിനാൽ മൈലാഞ്ചി ഇല ഇടുന്നതിലൂടെ സമ്മർദ്ദം കുറയും എന്നാണ് വിശ്വാസം. സമയലാഭത്തിനായി കെമിക്കലുകൾ അടങ്ങിയ പാക്കറ്റ് മൈലാഞ്ചി വാങ്ങി ഉപയോഗിക്കാതെ മൈലാഞ്ചി ഇലകൾ പറിച്ചെടുത്തു അതിൽ മഞ്ഞളും പ്ലാവിലയും മാവില ഞെട്ടുകളും ചേർത്തരച്ചു വേണം കൈകളിൽ അണിയാൻ. മൈലാഞ്ചിയുടെ മഹത്വം മനസിലാക്കി ഈ ആചാരങ്ങൾ പാലിക്കാൻ താൽപര്യമുള്ള ഒരു സമൂഹം ഇന്നുമുണ്ട്.
കയ്യിലും കാലിലും മൈലാഞ്ചി അണിയുന്നതിനും പ്രത്യേക രീതിയുണ്ട് . ഇരുകൈകളുടെയും മധ്യത്തിലും വിരലുകളിലും നഖം മൂടത്തക്ക വിധത്തിൽ പൊതിഞ്ഞും (നാട്ടിൻപുറങ്ങളിൽ വിരലിൽ മൈലാഞ്ചി തൊപ്പി വയ്ക്കുക എന്നാണ് പറയുന്നത് ) ആണ് മൈലാഞ്ചി ഇടേണ്ടത്. രണ്ട് മണിക്കൂർ കഴിഞ്ഞ് കഴുകി കളഞ്ഞ് കൈകളിൽ എണ്ണയും പുരട്ടും. ദീർഘനാൾ കയ്യിൽ മൈലാഞ്ചി മായാതെ നിൽക്കുന്നത് ഐശ്വര്യപ്രദമാണ്. ഭഗവതിമാസം കൂടിയാണല്ലോ കർക്കടകം അതിനാൽ ഈ കാലയളവിൽ ഇട്ട മൈലാഞ്ചി മായുന്നതിനു മുൻപേ വീണ്ടുമിടുന്ന പതിവുണ്ട്.