ADVERTISEMENT

നിറമുള്ള രത്നങ്ങളുടെ രാജാവാണ് മാണിക്യം. റോസ് കളർ, താമര പൂവിന്റെ നിറം, ചുവപ്പും കറുപ്പും കലർന്ന നിറം എന്നീ നിറങ്ങളിൽ കണ്ടു വരുന്നു. റൂബി എന്ന് ഇംഗ്ലിഷ് ഭാഷയിൽ പേര്. ഇന്ത്യയിലെ ഹിമാലയം, ഗംഗാ നദീതീരങ്ങൾ, വിന്ധ്യ പർവത താഴ്‌വാരങ്ങൾ എന്നിവിടങ്ങളിൽ ലഭ്യമാണ്. ബർമ, ശ്രീലങ്ക, ആഫ്രിക്കൻ രാജ്യങ്ങൾ, കാബൂൾ, സയാം എന്നീ പ്രദേശങ്ങളിൽ നിന്ന് ലഭിച്ച് വരുന്നു. ക്വറണ്ടം ഗ്രൂപ്പിൽപെടുന്ന റൂബി– അലുമിനിയം ഓക്സൈഡിനാൽ നിർമിതമാണ്. ഇതിന്റെ സാന്ദ്രത 4.03 യും ഹാർഡ്നസ്സ് 9 ഉം റിഫ്രാക്റ്റീവ് ഇൻഡക്സ് 1.76 മുതൽ 1.77 വരെയുമാണ്. കഴിഞ്ഞ കാലങ്ങളിൽ മാണിക്യം തിരിച്ചറിയാൻ അശാസ്ത്രീയമായ പല രീതികളും അവലംബിച്ചിരുന്നു. എന്നാൽ ഇന്ന് ജെം ടെസ്റ്റിംഗ് ലാബുകളിൽ മാണിക്യം പരിശോധിച്ച് ഗുണമേന്മ ഉറപ്പു വരുത്താവുന്നതാണ്. സുതാര്യ സ്വഭാവം, പ്രകാശ പ്രതിഫലനശേഷി എന്നിവയുള്ള രത്നമാണ് മാണിക്യം. 

ജ്യോതിഷപരമായ ഉപയോഗങ്ങൾ

ആഭരണ വ്യാപാര രംഗത്ത് വർധിച്ച മൂല്യമാണ് മാണിക്യത്തിനുള്ളത്. 5 കാരറ്റിന് മുകളിൽ തൂക്കം വരുന്ന മാണിക്യം അപൂർവമാണ്. ജ്യോതിഷപരമായി സൂര്യനാണ് മാണിക്യത്തിന്റെ അധിപഗ്രഹം. സൂര്യരശ്മികളില്‍ നിന്നുള്ള കോസ്മിക് രശ്മികൾ മാണിക്യരത്നം ധരിച്ചിരിക്കുന്ന വ്യക്തിയിലേക്ക് പ്രവേശിക്കുകയും ജാതകത്തിലെ സൂര്യനുള്ള ബലക്കുറവിനെ പരിഹരിച്ച് ഗുണഫലങ്ങൾ പ്രദാനം ചെയ്യുകയും ചെയ്യും എന്നാണ് ജ്യോതിഷ പ്രമാണം. മാണിക്യം ധരിക്കുന്നതു മൂലം സന്താനഭാഗ്യം, രാഷ്ട്രീയ പ്രവർത്തകർക്ക് സ്ഥാനലബ്ധി, സാമ്പത്തിക നേട്ടം, ഗവൺമെന്റുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ നിന്ന് രക്ഷ, സാമൂഹിക പദവിയിൽ ഉയർച്ച, തൊഴിൽ രംഗത്ത് പ്രമോഷൻ എന്നിവ ലഭിക്കും. കൂടാതെ ഭീതി, ആത്മവിശ്വാസമില്ലായ്മ, മാനസിക രോഗങ്ങൾ, ഹൃദയരോഗങ്ങൾ, അസ്ഥി സംബന്ധമായ രോഗങ്ങൾ, ശീതജ്വരം എന്നിവ ഇല്ലാതാക്കാനും മാണിക്യം ധരിക്കുന്നത് ശുഭകരമാണ്. കാർത്തിക, ഉത്രം, ഉത്രാടം, ജന്മസംഖ്യ 1, ജൂലൈ മാസത്തിൽ ജനിച്ചവർക്ക് മാണിക്യം ധരിക്കാം. 

പൊതുവായി, സൂര്യദശയുള്ളവർക്ക് മാണിക്യം ധരിക്കാം. എന്നാൽ താഴെ പറയുന്ന ലഗ്നക്കാർ മാണിക്യം ധരിക്കുന്നത് ദോഷഫലങ്ങൾക്ക് ഇടയാകും. മകരം, കുംഭം, ഇടവം, തുലാം, കന്നി, മിഥുന ലഗ്നക്കാർ മാണിക്യം, ഗാർനറ്റ്, സ്റ്റാർ റൂബി എന്നിവ ധരിക്കുന്നത് നല്ലതല്ല. മകരം– കുംഭം ലഗ്നക്കാർ ധരിച്ചാൽ 24 മണിക്കൂറിനകം മോശപ്പെട്ട അനുഭവങ്ങൾ നേരിടുന്നതായി കണ്ടു വരുന്നു. ആയതിനാൽ ജാതക പരിശോധന നടത്തി മാത്രം മാണിക്യം ധരിക്കുക. അതുപോലെ തന്നെ മാണിക്യത്തോട് ഒപ്പം ഒരു മോതിരത്തിലോ ലോക്കറ്റിലോ ചേർത്ത് ഇന്ദ്രനീലം, വജ്രം, ഗോമേദകം, വൈഡൂര്യം, മരതകം എന്നിവ ധരിക്കുന്നത് വിനാശകരമായ ഫലങ്ങൾക്ക് ഇടയാകും. മേൽപറഞ്ഞ രത്നങ്ങൾ മാണിക്യത്തിന്റെ ഉപരത്നങ്ങൾ ആയ ഗാർനറ്റ്, സ്റ്റാർ റൂബി എന്നിവയോടൊപ്പം ധരിക്കുന്നതും നന്നല്ല. മാണിക്യം ധരിക്കൂ– മാന്യത നേടൂ എന്ന് ഒരു ചൊല്ല് തന്നെയുണ്ട്!

ലേഖകൻ 

ആർ. സഞ്ജീവ് കുമാർ PGA

ജ്യോതിസ് അസ്ട്രോളജിക്കൽ റിസർച്ച് സെന്റർ

ലുലു അപ്പാർട്ട്മെന്റ്, തൈക്കാട് പി. ഒ.

തിരുവനന്തപുരം 695014

ഫോൺ– 8078908087, 9526480571

Email : jyothisgems@gmail.com

English Summary:

Astrological Wonders: The Impact of Ruby on Your Horoscope

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com