അനേകഫലങ്ങൾ നൽകുന്ന കർക്കടകത്തിലെ സങ്കടഹര ചതുർഥി; അനുഷ്ഠാനങ്ങൾ ഇങ്ങനെ
![2458883261 Image Credit: Priti sinha 12345 / Shutterstock](https://img-mm.manoramaonline.com/content/dam/mm/mo/astrology/astro-news/images/2024/7/23/lord-ganesha.jpg?w=1120&h=583)
Mail This Article
നിയന്ത്രണാതീതമായി പോകുന്ന ജീവിത വേഗത്തെ പിടിച്ചുകെട്ടുന്നതിനും അതുവഴി സംയമജീവിതം നയിക്കുന്നതിനും ഉള്ള ഉപാധികളാണ് വ്രതങ്ങൾ. വ്രതങ്ങളുടെ സ്വാധീനത്താൽ വഴി മനുഷ്യന്റെ ആത്മാവും മനസ്സും ശുദ്ധമാവുന്നു. ബുദ്ധിവികാസം, വിചാരജ്ഞാനം എന്നിവ വർധിക്കുകയും ഭക്തി, ശ്രദ്ധ എന്നിവയുണ്ടാവുകയും ആത്മീയമായ ഉന്നതിയുണ്ടാവുകയും രോഗങ്ങളിൽ നിന്നും മുക്തിയുണ്ടാവുകയും ചെയ്യുന്നു.
വ്രതം, ഉപവാസം എന്നിങ്ങനെയുള്ള രണ്ടെണ്ണം വളരെയധികം പ്രസിദ്ധവും പ്രചാരത്തിലുള്ളതുമാകുന്നു. അവയിൽ കായികം, മാനസികം, വാചികം, നിത്യ, നൈമിത്തികം, കാമ്യം, ഏകഭുക്ത (ഒരിക്കല്‍) ഒരു നേരത്തെ ഭക്ഷണം, അയാചിത, മിതഭുക്ത, ചാന്ദ്രായണവും പ്രാജാപത്യരൂപത്തിലും ആചരിച്ചുവരുന്നു. വ്രതങ്ങളിൽ ഭോജനം ചെയ്യാവുന്നതും ഉപവാസത്തിൽ നിരാഹാരവും ആകുന്നു. ശൈവ - വൈഷ്ണവ - ശാക്തേയ - ഗാണപത്യ തുടങ്ങി നിരവധി സമ്പ്രദായങ്ങളിലുള്ള വ്രതങ്ങൾ ഉണ്ട്.
കൃഷ്ണപക്ഷത്തിലും ശുക്ലപക്ഷത്തിലും ആചരിക്കുന്ന ഗാണപത്യ വ്രതങ്ങളാണ് ചതുർഥി വ്രതങ്ങൾ . മാസത്തിലെ രണ്ടു ചതുർഥികളിലും വ്രതം അനുഷ്ഠിക്കാം. ശുക്ലപക്ഷത്തിലേതു വിനായക ചതുർഥിയെന്നും കൃഷ്ണ പക്ഷത്തിലേത് സങ്കഷ്ടി ചതുർഥിയെന്നും (സങ്കടഹര ചതുർഥി) അറിയപ്പെടുന്നു. എല്ലാ മാസങ്ങളിലുമുള്ള ശുക്ലപക്ഷത്തിന്‍റെ നാലാം ദിവസം വിനായകചതുർഥിയും കൃഷ്ണ പക്ഷത്തിന്‍റെ നാലാം ദിവസം സങ്കഷ്ടി ചതുർഥിയുമാണ്. ആരോഗ്യ സ്ഥിതിയനുസരിച്ച് ഭക്ഷണം നിയന്ത്രിച്ച് കാലത്തും ഉച്ചയ്ക്കും സന്ധ്യയ്ക്കും ഗണേശനെ ആരാധിക്കുകയും ഗണപതിക്ക് നാളികേരം, അവിൽ കുഴച്ചത്, മോദകം എന്നിവ നിവേദിക്കുന്നതും ഉത്തമമാണ്. ഈ മാസത്തെ സങ്കഷ്ടി ചതുർഥി വ്രതം അനുഷ്ഠിക്കേണ്ടത് ജൂലൈ 24 ബുധനാഴ്ചയാണ്. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ നമ്മുടെയും നമ്മുടെ കുടുംബത്തിലെ മറ്റുള്ളവരുടെയും ആത്മീയവും ആരോഗ്യപരവും സാമ്പത്തികവുമായ ഉന്നതി ഉറപ്പുവരുത്താം.
സങ്കടഹര ഗണേശ ദ്വാദശനാമസ്തോത്രം ഈ ദിവസം ജപിക്കുന്നത് ഗുണകരമാണ് .
പ്രണമ്യ ശിരസാ ദേവം
ഗൗരീപുത്രം വിനായകം
ഭക്ത്യാ വ്യാസം സ്മരേന്നിത്യം
ആയുഷ്കാമാർഥസിദ്ധയേ
പ്രഥമം വക്രതുണ്ഡം ച
ഏകദന്തം ദ്വിതീയകം
തൃതീയം കൃഷ്ണപിംഗാക്ഷം
ഗജവക്ത്രം ചതുർഥകം
ലംബോദരം പഞ്ചമം ച
ഷഷ്ഠം വികടമേവ ച
സപ്തമം വിഘ്നരാജം ച
ധൂമ്രവർണം തഥാഷ്ടമം
നവമം ഫാലചന്ദ്രം ച
ദശമം തു വിനായകം
ഏകാദശം ഗണപതിം
ദ്വാദശം തു ഗജാനനം
ദ്വാദശൈതാനി നാമാനി
ത്രിസന്ധ്യം യ: പഠേത് നര:
ന ച വിഘ്നഭയം തസ്യ
സർവസിദ്ധികരം ധ്രുവം
വിദ്യാർഥീ ലഭതേ വിദ്യാം
ധനാർഥീ ലഭതേ ധനം
മോക്ഷാർഥീ ലഭതേ ഗതിം.
ജപേത് ഗണപതി സ്തോത്രം ഷഡ്‌ഭിർമാസൈ: ഫലം ലഭേത്
സംവത്‌സരേണ സിദ്ധിം ച
ലഭതേ നാത്ര സംശയ: