ADVERTISEMENT

ദക്ഷിണായനം പിതൃക്കൾക്കും ഉത്തരായനം ദേവന്മാർക്കും ഉള്ളതാണെന്ന് ശാസ്ത്രം. ജനുവരി 14 മുതൽ ആറ് മാസം ഉത്തരായനവും ശേഷം ദക്ഷിണായനവുമാണ്. കറുത്ത പക്ഷത്തിൽ പിതൃക്കൾ ഉണരുന്നു. ഭൂമിയിലെ ഒരു മാസം അവർക്ക് ഒരു ദിവസം ആകുന്നു. ഇങ്ങനെ പന്ത്രണ്ട് മാസം പന്ത്രണ്ട് ദിവസം. പന്ത്രണ്ട് ദിവസത്തിലൊരിക്കൽ, ഭൂമിയിൽ ജീവിച്ചിരിക്കുന്ന അവരുടെ ബന്ധുജനങ്ങൾ പിതൃക്കൾക്ക് അന്നം എത്തിച്ച് കൊടുക്കണം. ഇതാണ് വാവുബലി. കർക്കിടക വാവ്ബലി ഇടുന്നത് കൊണ്ട് ആണ്ടു ബലി ഇടാതിരിക്കാനാവില്ല.

വാവുബലി മുടക്കുന്നവരോട് പിതൃക്കൾ കോപിക്കുന്നു എന്നാണ് വിശ്വാസം. മരിച്ചു പോയ പിതൃക്കൾക്കായി ചെയ്യുന്ന ഒരു കർമമാണ് തർപ്പണം. അരി, പൂവ്, ജലം, എള്ള് തുടങ്ങിയവയാണ് തർപ്പണം ചെയ്യുക. സ്വന്തം പിതാവ് മരിച്ചവർക്കു മാത്രമേ തർപ്പണം ചെയ്യാവൂ എന്നാണ്‌ വിധി. തർപ്പണം ഒരുവന്റെ മൂന്ന് തലമുറയിലെ പിതൃക്കൾക്ക് അതായത് പിതാവ്, മാതാവ്, മുത്തച്ഛൻ, മുത്തശ്ശി, അവരുടെ ഭാര്യമാരോടൊപ്പവും പിന്നെ മാതൃപിതാവിനും മുത്തച്ഛനും മുതുമുത്തഛനും മാത്രമേ ചെയ്യുകയുള്ളൂ. ഇത് ചെയ്യുന്നത്‌ കറുത്തവാവ്, ഗ്രഹണം എന്നീ നാളുകളിലാണ്‌. ശ്രാദ്ധ കർമം തർപ്പണവുമായി വിഭിന്നമാണ്‌. ശ്രാദ്ധം പിതാവ് മരിച്ച നാൾ  വരുന്ന ദിവസമാണ്‌ ചെയ്യേണ്ടത്. എല്ലാ മാസത്തിലെയും കറുത്തവാവു ദിവസം പിതൃക്കൾക്കായി തർപ്പണം ചെയ്യാം. 

എന്നാൽ, കർക്കിടകമാസത്തിലെയും തുലാ മാസത്തിലെയും അമാവാസികൾക്കു കൂടുതൽ പ്രാധാന്യമുണ്ട്. കേരളത്തിലെ ശിവക്ഷേത്രങ്ങളിൽ ഭക്തർ കൂട്ടമായി ബലിതർപ്പണം ചെയ്യുന്നു. തിരുവനന്തപുരം തിരുവല്ലം ശ്രീപരശുരാമക്ഷേത്രം, വർക്കല പാപനാശം ,കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം ,ദക്ഷിണകാശി എന്നറിയപ്പെടുന്ന പെരുമ്പാവൂർ ചേലാമറ്റം ക്ഷേത്രം, ആലുവ മണപ്പുറം, തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, തിരുനെല്ലി പാപനാശിനി ,കണ്ണൂർ ശ്രീ സുന്ദരേശ്വരക്ഷേത്രം, തൃക്കുന്നപ്പുഴ, തിരുവില്ല്വാമല, ആറന്മുള, കൊല്ലം തിരുമൂലവരം എന്നിവ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളാണ്  ഇത്തരത്തിൽ ഒരു പ്രധാന സ്ഥലമാണ് ഇന്ത്യയിലെ ബലിതർപ്പണങ്ങൾക്ക് പ്രശസ്തമായ ഗയ, കാശി, രാമേശ്വരം എന്നിവ. എത്ര വലിയ പുണ്യസ്ഥലത്ത് ബലിയിട്ടാലും വീണ്ടും അത് തുടർന്നുള്ള  വർഷങ്ങളിലും നടത്തേണ്ടതാണ്.

ബുദ്ധ മതരാജ്യങ്ങളിലെല്ലാം തന്നെ ഇതിനു സമാനമായ പിതൃബലി അർപ്പിക്കുന്നു. ജപ്പാനിൽ ഇതിന് ഛയീ എന്നാണ് പറയുക. കേരളത്തിൽ കർക്കടക വാവുബലി നിള, പെരിയാർ തുടങ്ങി നദിയോരങ്ങളിലുള്ള ക്ഷേത്രങ്ങളിലാണ് പ്രധാനമായും നടത്തപ്പെടുന്നത്.പമ്പാ നദിയിൽ ശ്രീരാമൻ വാനപ്രസ്ഥകാലത്ത് ദശരഥന്‌ പിതൃതർപ്പണം ചെയ്തു എന്ന് ഐതിഹ്യമുണ്ട്.

English Summary:

The Cultural Significance of Karkidaka Vavubali in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com