രഹസ്യങ്ങൾ ഒളിപ്പിച്ച മണാലിയിലെ ക്ഷേത്രം; ദേവിയായി മാറിയ രാക്ഷസി
Mail This Article
കുളു മണാലി യാത്ര പോകുന്ന വിനോദ സഞ്ചാരികളും തീർഥാടകരും സന്ദർശിക്കുന്നസ്ഥലമാണ് ഹിമാചൽ പ്രദേശിലെ മണാലിയിലുള്ള അതിപുരാതനമായ ഹിഡിംബ ദേവീ ക്ഷേത്രം. ദേവതാരു വൃക്ഷങ്ങള്‍ ഇടതൂര്‍ന്നു വളർന്നു നില്‍ക്കുന്ന വിശാലമായ വനപ്രദേശത്തിന്റെ നടുവിൽ ഒരു ചെറിയ കുന്നിൻ മുകളിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വനവാസ കാലത്ത് പാണ്ഡവർ ഇവിടെ താമസിക്കവേ ഹിഡിംബന്‍ എന്ന രാക്ഷസനെ ഭീമസേനന്‍ വധിച്ചു എന്നാണ് ഐതിഹ്യം.
ഭീമസേനന്റെ കായിക ബലത്തിലും ധൈര്യത്തിലും കഴിവിലും ആകൃഷ്ടയായ ഹിഡിംബന്റെ സഹോദരി ഹിഡിംബിയെ പിന്നീട് ഭീമൻ വിവാഹം കഴിച്ചു. ഇവരുടെ പുത്രന്‍ ഘടോൽകചന്‍ മഹാഭാരത യുദ്ധത്തിലെ പ്രധാന പോരാളിയായിരുന്നു. വനവാസത്തിനു ശേഷം പാണ്ഡവര്‍ നാട്ടിലേക്ക് മടങ്ങിയപ്പോള്‍ ഹിഡിംബി തപസ്സ് അനുഷ്ഠിച്ച ഗുഹയാണ് ഹിഡിംബി ദേവീ ക്ഷേത്രമായി അറിയപ്പെടുന്നത്. തപസനുഷഠിച്ചതോടെ രാക്ഷസി, ദേവിയായി മാറി എന്നാണ് ഐതിഹ്യം.ഹിമാചല്‍ പ്രദേശിലെ മലനിരകളില്‍ നിന്ന് ഒഴുകിയെത്തുന്ന ബിയാസ് നദിയുടെ തീരത്തുള്ള മണാലിയിലെ പ്രകൃതി മനോഹരമായ സ്ഥലത്താണ് ഈ ക്ഷേത്രം. എഡി 1553ൽ രാജാ ബഹാദുര്‍ സിങ്ങാണ് ഈ ക്ഷേത്രം നിർമിച്ചത്. പുതുക്കി പണിയുകയോ പുനഃപ്രതിഷ്ഠിക്കു കയോ ചെയ്യാതെ തനതുശൈലി നിലനിര്‍ത്താന്‍ ക്ഷേത്ര ഭാരവാഹികളും സര്‍ക്കാരും ഇന്നും ശ്രദ്ധിക്കുന്നു.
24 മീറ്റര്‍ ഉയരത്തിൽ തടിയില്‍ തീർത്തതാണ് ഈ ക്ഷേത്രം.നാലു തട്ടുകളിലായി പഗോഡ (Pagoda) മാതൃകയിൽ ആണ് ക്ഷേത്രം പണികഴിപ്പിച്ചിട്ടുള്ളത്. ക്ഷേത്രത്തിന്റെ പുറം ചുമരുകൾ എല്ലാം തന്നെ പ്രധാനമായും കല്ലും, മരവും, മണ്ണും ഉപയോഗിച്ചാണ് പണിതിരിക്കുന്നത്. ചുമരുകളിൽ എല്ലാം ക്ഷേത്രത്തിൽ ബലി കൊടുത്ത മൃഗങ്ങളുടെ കൊമ്പുകൾ പ്രദർശിപ്പിച്ചിരിക്കുന്നതായി കാണാം. ഏറ്റവും മുകളിൽ ചെമ്പുതകിടു മേൽക്കൂരയാണ്.ക്ഷേത്രത്തിന്റെ നാലുവശത്തുമുള്ള തടിയിൽ തീർത്ത് കൊത്തുപണികളും മൃഗങ്ങളുടെ കൊമ്പുകളും കളിമണ്‍ ശില്‍പങ്ങളും ക്ഷേത്രത്തിന്റെ തനിമയ്ക്ക് മാറ്റുകൂട്ടുന്നു.
ക്ഷേത്ര ചുവരുകളും വാതിലുകളും കൊത്തുപണികളാല്‍ സമ്പന്നമാണ്. ദുര്‍ഗാ, മഹിഷാസുരമര്‍ദ്ദിനി, തൊഴുതു നില്‍ക്കുന്ന മാതൃകയിലുള്ള ശിവപാര്‍വതീ ശില്‍പങ്ങള്‍ എന്നിവ ക്ഷേത്രത്തിന്റെ വലതു ഭാഗത്തും ലക്ഷ്മി, മഹാവിഷ്ണു വിഗ്രഹങ്ങള്‍ ക്ഷേത്രത്തിന്റെ ഇടതുവശത്തും സ്ഥിതിചെയ്യുന്നു. ഗണപതിയുടെ രൂപം ക്ഷേത്രത്തിന്റെ മധ്യഭാഗത്തും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഘടോൽകചന്റെയും നവഗ്രഹങ്ങളുടെയും ഉപദേവതാ പ്രതിഷ്ഠകളും ക്ഷേത്രത്തിലുണ്ട്.ക്ഷേത്ര നിര്‍മിതിയലെ പ്രത്യേകത കൊണ്ടും ചരിത്ര പ്രാധാന്യം കൊണ്ടും ഈ ക്ഷേത്രത്തെ ദേശീയ പ്രാധാന്യമുള്ള സംരക്ഷിത സ്മാരകമായി സര്‍ക്കാര്‍ സംരക്ഷിക്കുന്നു. മണാലിയില്‍ ഏറ്റവും കൂടുതല്‍ തീർഥാടകരെത്തുന്ന തിരക്കുള്ള ക്ഷേത്രമായതിനാല്‍ ഈ പ്രദേശം ഒരു ക്ഷേത്രന ഗരമായി മാറിയിരിക്കുന്നു. വിദേശികളും സ്വദേശികളും ബുദ്ധമതക്കാരുമാണ് തീര്‍ത്ഥാടകരിൽ അധികവും. ചെറു വ്യാപാരസ്ഥാപനങ്ങള്‍ കൊണ്ടു സമ്പന്നമാണ് ഇവിടം.
കൂറ്റന്‍ പാറ തുരന്നുണ്ടാക്കിയിരിക്കുന്ന ശ്രീകോവിലില്‍ ഹിഡുംബി ദേവിയുടേതെന്നു വിശ്വസിക്കുന്ന പാറയില്‍ പതിഞ്ഞിരിക്കുന്ന കാല്‍പ്പാടുകള്‍ കാണാം. ക്ഷേത്ര പരിസരത്ത് ഇത്തരം കാല്‍പ്പാടുകള്‍ വേറെയുമുണ്ട്. ചമരിക്കാള എന്നറിയപ്പെടുന്ന പര്‍വത ധേനു, ക്ഷേത്രത്തിനു മുന്നിലെ പ്രധാന കാഴ്ചയാണ്. ഹിഡുംബി ദേവിയുടെ വാഹനമായാണ് ചമരിക്കാളയെ നാട്ടുകാര്‍ കാണുന്നത്. നാളികേരവും പൊരിയും കല്‍ക്കണ്ടവും പട്ടുവസ്ത്രവുമാണ് ദേവിക്കു സമര്‍പ്പിക്കുന്നത്. രാവിലെ എട്ടു മുതൽ വൈകിട്ട് 6 മണിവരെയാണ് ദർശന സമയം. 2025 മെയ് 14 മുതൽ 16 വരെയാണ് അടുത്ത ഉത്സവം. ഗ്രാമത്തെയും ഇവിടുത്തെ ജനങ്ങളെയും സംരക്ഷിക്കുന്നത് ഈ ദേവിയാണെന്നാണ് വിശ്വാസം.