ലോകം നടുങ്ങുന്ന യുദ്ധസന്നാഹം
Mail This Article
വൈകാനുണ്ടായ കാരണം ഏറെ സ്നേഹാദരങ്ങളോടെ ആരായുകയാണ് ശുകനോടു രാവണൻ. രാമലക്ഷ്മണന്മാരുടെ വരവും സർവലോകങ്ങളും ഭസ്മമാക്കാൻ സന്നദ്ധരായി, ഭൂമി കുലുങ്ങുംവിധം ഗർജിച്ച് നിർഭയരായെത്തിയിരിക്കുന്ന വാനരപ്പടയുടെ സാന്നിധ്യവും ശുകൻ അറിയിക്കുന്നു. ശുകന്റെ തത്വപ്രഭാഷണമാണ് തുടർന്ന്. പണ്ടു ചെയ്ത സഹായമോർത്ത് കൊല്ലുന്നില്ലെന്ന് ശുകനെ അവിടെനിന്നു പായിക്കുകയാണ് രാവണൻ.
രാവണമാതാവ് കൈകസിയുടെ പിതാവ് മാല്യവാൻ, രാക്ഷസരാജാവിനെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു. ജാനകി ലങ്കയിൽ വന്നതുമുതൽ ദുർനിമിത്തങ്ങളാണ്. നല്ലതിനായി പറയുകയാണ് , ദുഷ്ടനായ നിനക്കും ഭക്തികൊണ്ട് മുക്തി ലഭിക്കും. അതല്ലേ നല്ലത്?
ശ്രീരാമന്റെ ദൂതുമായി വന്നിരിക്കുകയാണ് തന്റെ മുത്തച്ഛനെന്നാണ് രാവണന്റെ വിചാരം. എത്രയും നേരത്തേ സ്ഥലം വിട്ടുകൊള്ളാൻ അവജ്ഞയോടെ പറഞ്ഞ് രാവണൻ കൊട്ടാരമുകളിലേക്കു മന്ത്രിമാർക്കൊപ്പം നീങ്ങുകയായി.
ലക്ഷ്മണനിൽ നിന്നു വില്ലു വാങ്ങി അർധനിമിഷം കൊണ്ട് രാവണന്റെ കുടയും പത്തു കിരീടങ്ങളും ഖണ്ഡിക്കുന്നു ശ്രീരാമചന്ദ്രൻ. രാവണൻ ശരിക്കും ഭയന്നുപോയി. ലജ്ജിച്ചു താഴെയിറങ്ങി, ഭീതിയോടെ ശരത്തെ നോക്കിനോക്കി നീങ്ങുകയാണയാൾ. പ്രഹസ്തൻ മുതലായ യുദ്ധവീരന്മാർ അതിവേഗം രാവണനരികിലെത്തി. കോട്ടയിൽ പേടിച്ചു കഴിയുന്നവനല്ല താനെന്നറിയിച്ച് യുദ്ധസന്നാഹങ്ങൾക്കു നിർദേശിക്കുകയാണ് രാവണൻ. സകലായുധ സന്നാഹങ്ങളോടെ രാക്ഷസപ്പടയും തയാറായപ്പോൾ കടലുകളും മലകളും ഭൂമിയും ബ്രഹ്മലോകത്തോളം ഇളകി ഉയരുന്നതായി അനുഭവപ്പെട്ടു.
എണ്ണമില്ലാത്ത വാനരപ്പട ലങ്കാനഗരം വളഞ്ഞു. നാലുപാടു നിന്നും അവർ നഗരി തകർത്തു. ഘോരയുദ്ധത്തിൽ ഇരുപക്ഷത്തും നഷ്ടമുണ്ടായി.
രാമസന്നിധിയിൽ പോയിവരുന്ന ദൂതന്മാരെല്ലാം രാമഭക്തരായി മാറുന്നത് രാവണനെ വല്ലാതെ വിഷമിപ്പിക്കുന്നു. മായയാൽ നിർമിച്ച ശ്രീരാമശിരസ്സും വില്ലും രാവണൻ മുന്നിൽ വയ്ക്കുന്നതു കണ്ട് സീതാദേവി മോഹാലസ്യപ്പെട്ടു വീഴുന്നു. വിഭീഷണ പത്നിയും ദേവിയുടെ കാവലാളുമായ സരമ, ഇതു മായാവിദ്യയാലുള്ള ചതിയാണെന്ന് ബോധ്യപ്പെടുത്തുന്നു. സീതയെ തിരികെ നൽകി കീഴടങ്ങാനുള്ള ശ്രീരാമന്റെ സന്ദേശവുമായെത്തുന്ന അംഗദനെ വധിക്കാനാണ് രാവണന്റെ പുറപ്പാട്.
കൊല്ലാനടുത്ത രാക്ഷസവീരരെ അംഗദൻ ഇല്ലായ്മ ചെയ്യുന്നു. അസ്തമയമായപ്പോഴേക്കും വാനരപ്പട ജയിച്ചുകയറി . അംഗദനോടു തോറ്റ ഇന്ദ്രജിത്ത് മായയാൽ ആകാശത്തു മറഞ്ഞ് നാഗാസ്ത്രത്താൽ ശത്രുക്കളെ മോഹാലസ്യപ്പെടുത്തി. ദേവലോകത്തെ ദുഃഖത്തിലാഴ്ത്തുന്ന വാർത്തയാണിത്.